വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് 2024 ജൂൺ 5ന് സ്റ്റാർലൈനർ പേടകത്തെ ബോയിംഗ് വിക്ഷേപിച്ചത്. പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള കന്നിയാത്രയ്ക്കായി തിരഞ്ഞെടുത്തതാകട്ടെ നാസയിലെ പ്രഗത്ഭരായ സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും.
നിലയത്തിലേക്ക് നിലവിൽ സഞ്ചാരികളെ എത്തിക്കാനുള്ള കരാർ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്സിന് നാസയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രൂ ഡ്രാഗൺ പേടകത്തിൽ സഞ്ചാരികളെ എത്തിക്കുന്നു. ഏതായാലും ജൂൺ 13ന് സ്റ്റാർലൈനർ സുനിതയും വിൽമോറുമായി ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, തകരാറുകൾ മൂലം മടക്കയാത്ര വൈകി.
അപകട സാദ്ധ്യത കാരണം സുനിതയെയും വിൽമോറിനെയും സ്റ്റാർലൈനറിൽ കൊണ്ടുവരേണ്ട എന്നും സ്‌പേസ് എക്സിനെ ആശ്രയിക്കാമെന്നും നാസ തീരുമാനിച്ചു. തിരിച്ചുവരവ് 9 മാസത്തോളം നീണ്ടു. ഇതിനിടെ സെപ്തംബർ 7ന് സ്‌റ്റാർലൈനറെ ആളില്ലാതെ ഭൂമിയിൽ തിരിച്ചിറക്കിയിരുന്നു. തിരിച്ചുവരവിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
കൂട്ടിന് നിക്ക് ഹേഗും ഗോർബുനോവും
സെപ്തംബർ 28നാണ് സുനിതയേയും വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ക്രൂ - 9 മിഷൻ വിക്ഷേപിച്ചത്. നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരുമായാണ് പേടകം നിലയത്തിലെത്തിയത്. സാധാരണ നാല് പേരാണ് പേടകത്തിൽ എത്തുക.
എന്നാൽ സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കേണ്ടതിനാൽ രണ്ട് സീറ്റ് ഒഴിച്ചിട്ടു. ക്രൂ - 9 മിഷനിൽ ഉപയോഗിച്ച ക്രൂ ഡ്രാഗൺ - ഫ്രീഡം പേടകം അന്ന് മുതൽ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുകയായിരുന്നു. സ്‌പേസ് എക്‌സ് ക്രൂ- 10 മിഷൻ സഞ്ചാരികൾ ഞായറാഴ്ച നിലയത്തിൽ എത്തിയ പിന്നാലെ സുനിതയുടെയും സംഘത്തിന്റെയും മടങ്ങിവരവിന് കളമൊരുങ്ങി.
ക്രൂ- 10 മിഷനിലെ സഞ്ചാരികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറിയതോടെ സുനിതയും വിൽമോറും നിക്ക് ഹേഗിനും ഗോർബുനോവിനും ഒപ്പം ഭൂമിയിലേക്ക് യാത്ര തിരിച്ചു. ക്രൂ- 10 മിഷനിൽ എത്തിയ 4 പേർ അടക്കം 7 സഞ്ചാരികളാണ് നിലവിൽ നിലയത്തിൽ ഉള്ളത്.
---------------------------------
# പ്രാർത്ഥനയോടെ ഗുജറാത്ത്
ന്യൂഡൽഹി: സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടങ്ങിവരവ് നിമിഷത്തിനായി നെഞ്ചിടിപ്പോടെയാണ് ലോകം കാത്തിരുന്നത്. ഇതിനിടെ, സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താനുള്ള പ്രാർത്ഥനകളിലായിരുന്നു ഗുജറാത്തിലുള്ള അവരുടെ ബന്ധുക്കൾ. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറിയതാണ്.
മെഹ്‌സാന ജില്ലയിലെ ജുലാസൻ ആണ് അദ്ദേഹത്തിന്റെ ജന്മദേശം. സുനിതയുടെ അമ്മ ബോണി സ്ലോവേനിയക്കാരിയാണ്. ഗുജറാത്തിലെ ബന്ധുക്കളെ കാണാൻ സുനിത മുമ്പ് എത്തിയിട്ടുണ്ട്. സുനിതയുടെ മടക്കം സുരക്ഷിതമാകാൻ തങ്ങൾ ക്ഷേത്ര ദർശനവും യാഗവും നടത്തിയെന്ന് ബന്ധു ദിനേഷ് റാവൽ പറഞ്ഞു. സുനിതയുടെ പിതൃസഹോദരിയുടെ മകനാണ് റാവൽ.
സുനിതയുടെ മടങ്ങിവരവിന് പിന്നാലെ ഗംഭീര ആഘോഷം നടത്താനും പദ്ധതി തയ്യാറാക്കിയിരുന്നു. നാട്ടുകാർക്കൊപ്പം ചേർന്നാണ് ആഘോഷങ്ങൾ. ദീപാവലിക്കുള്ള പോലെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് നാട്ടുകാർ പറയുന്നു. സുനിതയ്ക്കായി യു.പിയിലെ പ്രയാഗ്‌രാജിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു.
# അന്താരാഷ്ട്ര ബഹിരാകാശ നിലയം
ഭൂമിയിൽ നിന്നും 250 മൈൽ (400 കിലോമീറ്റർ) അകലെ. ബഹിരാകാശത്തെ ഏറ്റവും വലിപ്പമുള്ള മനുഷ്യ നിർമ്മിത വസ്തു. യു.എസ്, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ സംയുക്ത സംരംഭം. നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, കാനഡയുടെ സി.എസ്.എ, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാന്റെ ജാക്‌സ എന്നീ ബഹിരാകാശ ഏജൻസികൾ ചേർന്നാണ് പരിപാലിക്കുന്നത്.
1998ൽ വിക്ഷേപിച്ചു. നിലയത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാൻ സാധിക്കും. 2000 മുതൽ സ്ഥിരമായി മനുഷ്യ സാന്നിദ്ധ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |