തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആറാം തോല്‍വി. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ 13 റണ്‍സിനാണ് റോയല്‍സ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 186 റണ്‍സ് നേടിയപ്പോള്‍ റോയല്‍സിന്റെ മറുപടി 19.3 ഓവറില്‍ 173 റണ്‍സിന് അവസാനിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ജയം മാത്രം സ്വന്തം ക്രെഡിറ്റിലുള്ള റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ടീമിന്റെ സെമി പ്രതീക്ഷയും ഏറെക്കുറേ അവസാനിച്ച് കഴിഞ്ഞു.
വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് നിരയില്‍ ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയാത്തതാണ് ഇത്തവണ തിരിച്ചടിയായി മാറിയത്. 23 പന്തുകളില്‍ നിന്ന് 34 റണ്‍സ് നേടിയ സഞ്ജീവ് ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് 18(25), വിഷ്ണു രാജ് 12(5), റിയാ ബഷീര്‍ 25(17), അനന്തകൃഷ്ണന്‍ 11(12), അബ്ദുള്‍ ബാസിത് 22(11) നിഖില്‍ എം 18*(9), ബേസില്‍ തമ്പി 23(9) ആസിഫ് സലാം 1(2) എന്നിങ്ങനെയാണ് ബാറ്റര്‍മാരുടെ സംഭാവന. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ (26 പന്തുകളില്‍ നിന്ന് 86) മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 12 സിക്‌സറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സല്‍മാന്‍ നിസാറിന്റെ ഇന്നിംഗ്‌സ്. എം അജിനാസ് 51(50) അര്‍ദ്ധ സെഞ്ച്വറി നേടി. ജയത്തോടെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് പോയിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |