ടെഹ്‌റാൻ: ഇറാനിലെ ക്വോമിലുള്ള ജംകാരൺ പള്ളിയ്ക്ക് മുകളിൽ 'ചെങ്കൊടി " ഉയർന്നു. നീതിയുടെയും പ്രതികാരത്തിന്റെയും പ്രതീകമായാണ് ഈ ചുവപ്പ് പതാകയെ ഇറാൻ കാണുന്നത്. ഇസ്രയേലിന്റെ മാരക പ്രഹരത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധമുഖം കൂടി തുറന്നു. റെവലൂഷനറി ഗാർഡ് മേധാവി ഹുസൈൻ സലാമി അടക്കം 24ഓളം സൈനിക കമാൻഡർമാരെയും ആറ് ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചതിന് പിന്നാലെ പ്രതീകാത്മക യുദ്ധകാഹളം മുഴക്കിയിരിക്കുകയാണ് ഇറാൻ.
കഴിഞ്ഞ വർഷം ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേയും 2020ൽ റെവലൂഷനറി ഗാർഡ് മേധാവി ഖാസിം സുലൈമാനിയേയും ഇസ്രയേൽ വധിച്ചപ്പോൾ സമാന രീതിയിൽ ചെങ്കൊടി ഉയർത്തിയിരുന്നു. പ്രതികാരത്തിന് ആഹ്വാനവുമായി നൂറുകണക്കിന് പേർ ക്വോമിലും ടെഹ്‌റാൻ അടക്കം നഗരങ്ങളിലും അണിനിരന്നു. ഇറാന്റെ ആണവ പദ്ധതികളുടെ 'ഹൃദയം കീറിമുറിച്ചെന്നാണ്" ഓപ്പറേഷൻ റൈസിംഗ് ലയണെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.
ഖമനേയിയെ നോട്ടമിട്ട്...
ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ മുഖ്യ ടാർജറ്റ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയാണ്. ഇതുകാരണം രഹസ്യ സങ്കേതത്തിലാണ് തങ്ങുന്നത്. ഇന്നലെ ഖമനേയിയുടെ വസതിയും ആക്രമിക്കപ്പെട്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും ഇറാൻ അധികൃതർ തള്ളി.
ഇറാന് നാണക്കേട്
ഇസ്രയേൽ ആക്രമണം സ്വന്തം ജനങ്ങൾക്ക് മുന്നിൽ ഇറാൻ ഭരണകൂടത്തിന് നാണക്കേടായി. വ്യോമപ്രതിരോധത്തിന്റെയും സൈനിക ശേഷിയുടെയും പേരിൽ ഇറാൻ ഉയർത്തിയിരുന്ന അവകാശവാദങ്ങളെ ഇസ്രയേൽ നിഷ്പ്രഭമാക്കി. സ്വന്തം വ്യോമപരിധി സംരക്ഷിക്കാൻ ഇറാന് സാധിച്ചില്ല. പ്രമുഖരെ സംരക്ഷിക്കാനും കഴിഞ്ഞില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇറാന്റെ ആണവ കേന്ദ്രങ്ങൾ. അതീവ രഹസ്യമായിരുന്ന ഈ സങ്കേതങ്ങളും ഇസ്രയേൽ ആക്രമിച്ചു. ആണവ കേന്ദ്രങ്ങളുടെ സുരക്ഷയും ചോദ്യചിഹ്നമായി.
തിരിച്ചടിക്കാൻ പലവഴി
1. നിഴൽ ആക്രമണം
ഇറാക്കിലെയും സിറിയയിലെയും നിഴൽ സംഘടനകളെ ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിച്ചേക്കാം. ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ വിമത ഗ്രൂപ്പുകൾക്കെല്ലാം ഇറാന്റെ പിന്തുണയുണ്ട്. ഇസ്രയേലിന്റെ ആക്രമണം മൂലം ഹിസ്ബുള്ളയും ഹമാസും ശക്തി ക്ഷയിച്ച നിലയിലാണ്. ഹൂതികൾ ഇസ്രയേലിന് നേരെ ഡ്രോൺ/മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇസ്രയേൽ ചെറുക്കുന്നു. ഹൂതികൾക്കെതിരെ യു.എസും ആക്രമണം നടത്തുന്നുണ്ട്.
2. ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചിട്ടുണ്ട്. കമികാസി എന്ന ഷഹീദ് ഡ്രോണുകൾ കരുത്താണ്. മണിക്കൂറിൽ 185 കിലോമീറ്റർ വരെയാണ് വേഗത.
50 കിലോഗ്രാം സ്ഫോടക വസ്തുക്കൾ വഹിക്കും. എന്നാൽ, കിലോമീറ്ററുകളും താണ്ടണമെന്നതിനാലും ലക്ഷ്യസ്ഥാനത്തെത്താൻ ദീർഘനേരം വേണമെന്നതിനാലും ഡ്രോൺ ആക്രമണം ഫലപ്രദമായേക്കില്ല.
ശക്തമായ മിസൈലുകൾക്ക് ഇസ്രയേലിൽ പ്രഹരമേൽപ്പിക്കാനാകും. 2,500 കിലോമീറ്റർ പ്രഹര പരിധിയുള്ള സെജിൽ പോലുള്ള മിസൈലുകൾക്ക് ഇറാനിൽ നിന്ന് നേരിട്ട് ഇസ്രയേലിലെ ലക്ഷ്യ സ്ഥാനങ്ങൾ തകർക്കാൻ ശേഷിയുണ്ട്.
ഷിപ്പിംഗ് കണ്ടെയ്നുകളിലോ മറ്റോ രഹസ്യമായി കടത്തിയ ശേഷം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താം. യുക്രെയിൻ തടി ക്യാബിനുകൾക്കുള്ളിൽ ഡ്രോണുകൾ ഒളിപ്പിച്ച് റഷ്യയിലേക്ക് കടത്തി ആക്രമണം നടത്തിയത് ഉദാഹരണം.
ഇറാന് ഇവ ഇറാക്കിലെത്തിച്ച് നിഴൽ ഗ്രൂപ്പുകളുടെ സഹായത്തോടെ പ്രയോഗിക്കാം. ബാഷർ അസദ് ഭരണകൂടത്തിന്റെ പതനത്തോടെ സിറിയയുമായുള്ള ബന്ധം നിലച്ചതിനാൽ അവിടെ നിന്ന് ഇസ്രയേലിനെ ആക്രമിക്കാനാകില്ല.
3. വിദേശത്തെ ആക്രമണം
മറ്റ് രാജ്യങ്ങളിലെ ഇസ്രയേൽ കേന്ദ്രങ്ങൾക്കോ ഇസ്രയേലി പൗരന്മാർക്ക് നേരെയോ ഇറാൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. തുർക്കി, ഗ്രീസ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലും തെക്കേ അമേരിക്കയിലും ഇറാൻ ഇത്തരം പദ്ധതികൾ മുന്നേ നടപ്പാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |