ബീജിംഗ്: അപകടകാരികളായ നിപ, ഹെൻഡ്ര എന്നിവയുമായി ബന്ധമുള്ളത് അടക്കം വവ്വാലുകളിൽ കാണാപ്പെടുന്ന 20 പുതിയ ഇനം വൈറസുകളെ തിരിച്ചറിഞ്ഞ് ചൈനീസ് ഗവേഷകർ. തെക്കു പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ പഴത്തോട്ടങ്ങളിൽ ജീവിക്കുന്ന വവ്വാലുകളിലാണ് വൈറസുകളെ കണ്ടെത്തിയത്.
വവ്വാലുകളുടെ വൃക്കകളിൽ അജ്ഞാത രോഗാണുക്കൾ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുകൾ. പുതിയ ഇനം വൈറസുകളിൽ നിപയുമായും ഹെൻഡ്രയുമായും ജനിതകപരമായി സാമ്യമുള്ള രണ്ട് ഹെനിപ വൈറസുകളുണ്ട്. മനുഷ്യരിൽ ഉയർന്ന മരണനിരക്കിന് കാരണമായ രോഗമാണ് നിപ. അതേ സമയം, പുതിയ വൈറസുകൾ മനുഷ്യരെ ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല.
പഴത്തോട്ടങ്ങൾ അടക്കം മനുഷ്യ സാന്നിദ്ധ്യമുള്ള ഇടങ്ങളിൽ സജീവമായതിനാൽ വൈറസുകൾക്ക് മനുഷ്യരിലേക്ക് പടരാൻ എളുപ്പമാണെന്ന് വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. നേരിട്ടുള്ള സമ്പർക്കം വഴിയോ പഴങ്ങളോ വെള്ളമോ മുഖേനയോ വൈറസുകൾക്ക് മനുഷ്യരിലേക്ക് കടക്കാനായേക്കും. അപകടകാരികളായ വൈറസുകളുമായി സാമ്യമുള്ളതിനാൽ ഇവയെ നിരീക്ഷിക്കുകയാണെന്ന് ഗവേഷകർ വ്യക്തമാക്കി. പത്ത് സ്പീഷീസിൽപ്പെട്ട 142 വവ്വാലുകളെയാണ് പഠന വിധേയമാക്കിയത്.
അതേ സമയം, കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന് (സാർസ് കൊവ്-2 ) സമാനമായ മറ്റൊരു കൊറോണ വൈറസിനെ ഏതാനും മാസങ്ങൾക്ക് മുന്നേ ചൈനയിൽ കണ്ടെത്തിയിരുന്നു. 'എച്ച്.കെ.യു 5 - കൊവ്-2 " എന്ന് പേരിട്ടിരിക്കുന്ന വൈറസിന് കൊവിഡിന്റെ മാതൃകയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കടക്കാൻ കഴിയുമെത്ര. മെർസിന് (മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം ) കാരണമായ കൊറോണ വൈറസുകളുടെ ഉപകുടുംബത്തിൽപ്പെട്ടതാണ് ഇവ. എന്നാൽ, വൈറസ് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമല്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |