റോം: ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്പ്. ഇറ്റലി, സ്പെയിൻ, ഗ്രീസ് തുടങ്ങിയ തെക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. കാട്ടുതീ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിറുത്തി തെക്കൻ യൂറോപ്പിലുടനീളം ജാഗ്രതാ നിർദ്ദേശവും നൽകി. ഇറ്റലിയിലെ ലാസിയോ,ടുസ്കാനി,കലാബ്രിയ തുടങ്ങിയ മേഖലകളിൽ ഔട്ട്ഡോർ ജോലി സമയത്തിന് മാറ്റം വരുത്തും.
റോം,മിലാൻ,നേപ്പിൾസ് അടക്കം 21 നഗരങ്ങളെ ഉയർന്ന ചൂട് മുന്നറിയിപ്പുള്ള ഇടങ്ങളുടെ പട്ടികയിൽപ്പെടുത്തി. ഗ്രീസിലെ ഏഥൻസിന്റെ തെക്ക് കഴിഞ്ഞ വ്യാഴാഴ്ച കാട്ടുതീ രൂപപ്പെട്ടതോടെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ശക്തമായ വരണ്ട കാറ്റ് കാട്ടുതീ വ്യാപിക്കാൻ ഇടയായി. നിരവധി വീടുകൾക്ക് കേടുപാടുണ്ട്. സ്പെയിനിലെ സെവില്ലിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ചൂടുയർന്നു.
ഇതിനിടെ, തുർക്കിയിലും ഫ്രാൻസിലും ഉഷ്ണ തരംഗം നേരത്തെ എത്തിയതോടെ കാട്ടുതീ വ്യാപകമായി. തുർക്കിയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽ കഴിഞ്ഞ രണ്ടു ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഫ്രാൻസിൽ ഇന്നും നാളെയും ചൂട് ഗണ്യമായി ഉയരും.
ഞായറാഴ്ച തെക്കൻ ഫ്രാൻസിലെ ഓഡിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നതിനെ തുടർന്നുണ്ടായ കാട്ടുതീയിൽ 400 ഹെക്ടർ പ്രദേശം കത്തിനശിച്ചു. ജർമ്മനിയുടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ ചൂട് 34 ഡിഗ്രി സെൽഷ്യസിലെത്തി. ഈ ആഴ്ച മദ്ധ്യത്തോടെ ചൂട് പാരമ്യത്തിലെത്തും. റൈൻ നദിയിൽ ജലനിരപ്പ് താഴ്ന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |