ഇസ്ലാമാബാദ്: യു.എൻ ജനറൽ അസംബ്ലി 80 -ാം സെഷന്റെ പൊതുസംവാദത്തെ അഭിസംബോധന ചെയ്യവെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിറുത്തൽ സാദ്ധ്യമാക്കിയത് ട്രംപാണെന്നും, ട്രംപിന് സമാധാന നോബൽ നൽകണമെന്നും ഷെഹ്ബാസ് പറഞ്ഞു. പാക് സൈന്യം വിജയം കൈവരിച്ചെന്നും ഇന്ത്യൻ വിമാനങ്ങളെ വെടിവച്ച് വീഴ്ത്തിയെന്നും അവകാശപ്പെട്ടു. വെടിനിറുത്തലിന് മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കി ദിവസങ്ങൾക്കുള്ളിലാണ് ഷെഹ്ബാസിന്റെ നിലപാട് മാറ്റം.
അഭിസംബോധനയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് ഷെഹ്‌ബാസും പാക് സൈനിക മേധാവി അസീം മുനീറും വൈറ്റ് ഹൗസിൽ വച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ മാദ്ധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. സാമ്പത്തിക സഹകരണം, അപൂർവ്വ ധാതു-എണ്ണ പര്യവേക്ഷണങ്ങൾ തുടങ്ങിയവ ചർച്ചയായി. രാജ്യത്ത് നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ ഷെഹ്‌ബാസ് ക്ഷണിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുയരുന്ന തീവ്രവാദ ഭീഷണികൾ ചെറുക്കാൻ ട്രംപ് ഷെഹ്‌ബാസിന് പിന്തുണ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. ഷെഹ്‌ബാസിനെയും മുനീറിനെയും മഹത്തായ നേതാക്കൾ എന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നേ ട്രംപ് വിശേഷിപ്പിച്ചത്.
പാക് അഭ്യർത്ഥന പ്രകാരം സൈനിക തലത്തിലെ ചർച്ചയിലൂടെയാണ് സംഘർഷം അവസാനിപ്പിച്ചതെന്ന് ഇന്ത്യ ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ആക്രമണത്തിൽ എയർ ബേസുകളെയും സൈനികരെയും നഷ്ടമായെന്ന് പാകിസ്ഥാൻ സമ്മതിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |