
കാബൂൾ: വെടിനിറുത്തൽ ലംഘിച്ച് അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങൾക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ നാല് പൗരന്മാരും ഒരു സൈനികനും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം പറഞ്ഞു.
അഫ്ഗാൻ സൈന്യത്തിന്റെ തിരിച്ചടിയിൽ ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വൈകി തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെ വരെ നീണ്ടു. അതേസമയം, അഫ്ഗാൻ സൈന്യമാണ് പ്രകോപനമില്ലാതെ ആക്രമണത്തിന് തുടക്കമിട്ടതെന്ന് പാകിസ്ഥാൻ ആരോപിച്ചു. പാക് സൈന്യം ഹാൻഡ് ഗ്രനേഡ് എറിഞ്ഞെന്ന് അഫ്ഗാനും ആരോപിച്ചു.ഏറ്റുമുട്ടലിനുപിന്നാലെ അഫ്ഗാനുമായുള്ള ചമൻ അതിർത്തി ക്രോസിംഗ് പാകിസ്ഥാൻ അടച്ചു. സംഘർഷത്തെ തുടർന്ന് അടച്ചിരുന്ന
ചമൻ അതിർത്തി രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് ഭാഗികമായി തുറന്നത്. അഫ്ഗാൻ ജനതയ്ക്കുള്ള സഹായ വിതരണത്തിനായി ഐക്യരാഷ്ട്ര സംഘടന (യു.എൻ) നടത്തിയ അഭ്യർത്ഥന കണക്കിലെടുത്തായിരുന്നു നടപടി.
ചർച്ചകൾ വിഫലം
1. ഒക്ടോബർ 9ന് കാബൂളിൽ പാകിസ്ഥാൻ ബോംബിട്ടതോടെ സംഘർഷങ്ങൾക്ക് തുടക്കം. ഏറ്റുമുട്ടലുകളിൽ ഇരുഭാഗങ്ങളിലുമായി നിരവധി പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ, തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാന് (ടി.ടി.പി) അഭയം നൽകുന്നെന്ന് പാകിസ്ഥാൻ. ആരോപണം നിഷേധിച്ച് അഫ്ഗാൻ. പാകിസ്ഥാനിൽ നിരവധി ആക്രമണങ്ങൾക്ക് ഉത്തരവാദികളാണ് ടി.ടി.പി
2. ഒക്ടോബർ 19ന് ഖത്തർ ഇടപെട്ട് പാക്-അഫ്ഗാൻ അതിർത്തിയിൽ താത്കാലിക വെടിനിറുത്തൽ നടപ്പാക്കി. ഖത്തറും സൗദിയും തുർക്കിയും അതിർത്തിയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള കരാറിനായി ശ്രമം തുടരുന്നുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല. കഴിഞ്ഞ ആഴ്ച സൗദിയിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |