
മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ ചെറുവിമാനം തകർന്ന് മൂന്ന് കുട്ടികളുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.31ന് മെക്സിക്കോ സിറ്റിക്ക് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെയുള്ള സാൻ മാറ്റിയോ അറ്റെൻകോയിലായിരുന്നു സംഭവം. സാങ്കേതിക തകരാർ അനുഭവപ്പെട്ട സെസ്ന മോഡൽ വിമാനം, ഒരു ഫുട്ബോൾ മൈതാനത്തേക്ക് അടിയന്തരമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നത്. ഒരു കെട്ടിടത്തിന്റെ ലോഹ മേൽക്കൂരയിൽ ഇടിച്ച വിമാനം തീപിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. മെക്സിക്കോയുടെ പസഫിക് തീരത്തുള്ള അകാപുൽകോയിൽ നിന്ന് പറന്നുയർന്നതായിരുന്നു വിമാനം. ടൊലുക്കാ വിമാനത്താവളമായിരുന്നു ലക്ഷ്യസ്ഥാനം. അപകടമുണ്ടായത് ഇതിന് അഞ്ച് കിലോമീറ്റർ അകലെവച്ചാണ്.
എട്ട് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശവാസികൾ സുരക്ഷിതരാണ്. തീപിടിത്തത്തെ തുടർന്ന് മേഖലയിലെ 130ഓളം പേരെ ഒഴിപ്പിച്ചു. അപകടത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |