SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.07 PM IST

പാകിസ്ഥാനെ വിറപ്പിച്ച് 'ഓപ്പറേഷൻ ഹെറോഫ് 2 : ബലൂചിസ്ഥാനിൽ 84 പേരെ വധിച്ച് ബി.എൽ.എ

Increase Font Size Decrease Font Size Print Page
pic

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇതുവരെ 84 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്ന അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ). 18 ഉദ്യോഗസ്ഥരെ ബന്ദിയാക്കിയെന്നും പറയുന്നു.

ശനിയാഴ്ചയാണ് 'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിൽ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ക്വെറ്റ, ഗ്വദർ തുടങ്ങി 14 നഗരങ്ങളിലെ 48 ഇടങ്ങളിലായി ശക്തമായ ബോംബ് സ്ഫോടനങ്ങളും ചാവേർ ആക്രമണങ്ങളും വെടിവയ്പുമുണ്ടായി. ഈ പ്രദേശങ്ങളിലെ ഭരണ സംവിധാനങ്ങൾ സ്തംഭിച്ചെന്ന് ബി.എൽ.എ പറയുന്നു.

ക്വെറ്റ, പസ്നി, നഷ്‌കി എന്നിവിടങ്ങളിൽ പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐ.എസ്.ഐയുടെയും ക്യാമ്പുകൾ പിടിച്ചെടുത്തെന്നും ബി.എൽ.എ അവകാശപ്പെട്ടു. ബാങ്ക്, ജയിൽ, ഓഫീസുകൾ തുടങ്ങി 30ലേറെ സർക്കാർ കെട്ടിടങ്ങൾ വിമതർ തകർക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു.

23 സൈനിക വാഹനങ്ങൾ കത്തിച്ചു. സംഘർഷത്തിനിടെ തങ്ങളിൽ 7 പേർ കൊല്ലപ്പെട്ടെന്നും ബി.എൽ.എ അവകാശപ്പെട്ടു. വനിതകളും ബി.എൽ.എ സംഘത്തിലുണ്ട്. പൊതുജനങ്ങൾ തങ്ങൾക്കൊപ്പം പോരാട്ടത്തിനിറങ്ങണമെന്ന് ബി.എൽ.എ ആഹ്വാനം ചെയ്തു.

സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ. 2024 ആഗസ്റ്റിലാണ് ഓപ്പറേഷൻ ഹെറോഫിന്റെ ആദ്യ ഘട്ടം ഇവർ നടപ്പാക്കിയത്. ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഏറ്റുമുട്ടൽ പാക് സൈന്യം അടിച്ചമർത്തിയിരുന്നു.

# നിഷേധിച്ച് സൈന്യം


ബി.എൽ.എയുടെ വാദങ്ങൾക്ക് വിപരീതമാണ് പാക് സൈന്യത്തിന്റെ വിശദീകരണം. 145 വിമതരെ വധിച്ചെന്നും 17 സുരക്ഷാ ഉദ്യോഗസ്ഥരും 41 സാധാരണക്കാരും കൊല്ലപ്പെട്ടെന്നുമാണ് സർക്കാർ പ്രതികരണം. സംഘർഷത്തിന്റെ തീവ്രത പരമാവധി കുറച്ചുകാട്ടാനും സർക്കാർ ശ്രമിക്കുന്നു. അക്രമികളെ ഒരുപരിധി വരെ തുരത്തിയെന്നാണ് സൈന്യത്തിന്റെ നിലപാട്.

സാധാരണക്കാരെ പോലെ വസ്ത്രം ധരിച്ചെത്തിയ വിമതർ ആശുപത്രികളിലും മാർക്കറ്റുകളിലും കയറി വെടിവയ്പ് നടത്തിയെന്ന് പാക് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറഞ്ഞു. അതേ സമയം, സംഘർഷ പശ്ചാത്തലത്തിൽ പ്രവിശ്യയിലെ റെയിൽവേ സർവീസുകളും മൊബൈൽ നെറ്റ്‌വർക്കുകളും താറുമാറായി.

ട്രെയിനുകൾ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ബലൂചിസ്ഥാനിലൂടെയുള്ള എല്ലാ സർവീസുകളും നിറുത്തിവച്ചെന്ന് പാകിസ്ഥാൻ റെയിൽവേ അറിയിച്ചു. ക്വെറ്റ അടക്കം വിവിധ ജില്ലകളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

# റെയ്ഡിനുള്ള തിരിച്ചടി


1. ആക്രമണം കഴിഞ്ഞ ആഴ്ച പാക് സൈന്യം പ്രവിശ്യയിൽ നടത്തിയ റെയ്ഡുകൾക്ക് തിരിച്ചടിയെന്ന് ബി.എൽ.എ. ഹർനായ്, പഞ്ച്ഗുർ ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലുണ്ടായ രണ്ട് റെയ്ഡുകൾക്കിടെ 41 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ 'തീവ്രവാദി"കൾ എന്ന് പാക് വിശദീകരണം

2. കൊല്ലപ്പെട്ടവർ ബലൂച് പൗരന്മാരും ആക്ടിവിസ്റ്റുകളുമാണെന്ന് ബി.എൽ.എ. റെയ്ഡുകൾ നിയമവിരുദ്ധമാണെന്നും ബലൂച് ജനതയുടെ അവകാശങ്ങൾക്കായി പോരാടുമെന്നും പ്രതികരണം. മറ്റ് സായുധ ഗ്രൂപ്പുകളും ബി.എൽ.എ ദൗത്യത്തെ പിന്തുണയ്ക്കുന്നു

3. ധാതു സമ്പുഷ്‌ടമായ ബലൂചിസ്ഥാനെ ചൈനയുമായി ചേർന്ന് പാക് സർക്കാർ ചൂഷണം ചെയ്യുന്നെന്ന് ആരോപണം. ദശാബ്ദങ്ങളായി വിമത പോരാട്ടം. ചൈന പ്രവിശ്യയിൽ നിക്ഷേപവും വിവിധ പദ്ധതികളും നടത്തുന്നുണ്ട്. വിഭവങ്ങൾ കൊള്ളയടിക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബലൂച് ജനതയെ സർക്കാർ അടിച്ചമർത്തുന്നെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നെന്നും ബി.എൽ.എ

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY