
ക്വാലാലംപ്പൂർ: ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) മലേഷ്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുമെന്നും മലേഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുമെന്നും മോദി പറഞ്ഞു.
നിലവിൽ ഭൂട്ടാൻ, യു.എ.ഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ശ്രീലങ്ക, നേപ്പാൾ, ഖത്തർ എന്നിവിടങ്ങളിൽ ഇന്ത്യൻ യു.പി.ഐ സേവനങ്ങൾക്ക് അംഗീകാരമുണ്ട്. യു.പി.ഐ ലോക വ്യാപകമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ മലേഷ്യയിലെത്തിയ പ്രധാനമന്ത്രി മോദി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം 'സെലാമത്ത് ദത്താങ്ങ് മോദി ജി" (സ്വാഗതം, മോദിജി) പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ക്വാലാലംപ്പൂരിലെ മൈൻസ് കൺവെൻഷൻ സെന്ററിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ 18,000ത്തോളം പേർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി 800ലേറെ ഇന്ത്യൻ കലാകാരൻമാർ അവതരിപ്പിച്ച നൃത്തം മലേഷ്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി.
മുപ്പതുലക്ഷത്തോളം വരുന്ന മലേഷ്യയിലെ ഇന്ത്യൻ പ്രവാസികൾ ഇരുരാജ്യങ്ങൾക്കുമിടെയിലെ ജീവനുള്ള പാലമായി നിലകൊള്ളുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കൈവരിച്ച നേട്ടങ്ങളും എടുത്തുപറഞ്ഞു.
ആഗോള വളർച്ചയുടെ വിശ്വസനീയ പങ്കാളിയായി ഇന്ത്യ മാറിയെന്ന് യു.കെ, യു.എ.ഇ, യു.എസ്, യൂറോപ്യൻ യൂണിയൻ എന്നിവരുമായുള്ള വ്യാപാര കരാറുകളെ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദമാക്കി. ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളും മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ്ബുമായി മാറി.
# കരാറുകളിൽ ഒപ്പിടും
മോദിയും അൻവർ ഇബ്രാഹിമും ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. പ്രതിരോധ-സുരക്ഷ ബന്ധങ്ങൾ ദൃഢമാക്കുക, സാമ്പത്തിക-നൂതനാശയ പങ്കാളിത്തം വർദ്ധിപ്പിക്കുക, പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പിടും. പത്താം ഇന്ത്യ-മലേഷ്യ സി.ഇ.ഒ ഫോറത്തിലും മോദി പങ്കെടുത്തും.
# തമിഴ് ലോകവുമായി ബന്ധിപ്പിക്കുന്നു
തമിഴ് ഭാഷ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ് തമിഴ്. അനശ്വര സാഹിത്യമുള്ള ആഗോള ഭാഷയാണ്. യൂണിവേഴ്സിറ്റി ഒഫ് മലയയിൽ തിരുവള്ളുവർ സെന്റർ സ്ഥാപിക്കുമെന്നും ഇന്ത്യയിൽ പഠിക്കാൻ വിദ്യാർത്ഥികൾക്ക് തിരുവള്ളുവർ സ്‌കോളർഷിപ്പുകൾ നൽകും. ഇന്ത്യയുടെ ഉപരാഷ്ട്രപതി, വിദേശകാര്യ മന്ത്രി, ധനമന്ത്രി തുടങ്ങിയവർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മലേഷ്യയിലെ ഇന്ത്യൻ വംശജരിൽ മൂന്നിൽ രണ്ട് ഭാഗവും തമിഴ് വംശജരാണ്. അൻവർ ഇബ്രാഹിം തമിഴ് സിനിമയുടെയും പാട്ടിന്റെയും ആരാധകനാണെന്നും എം.ജി.ആറിന്റെ പാട്ടുകൾ അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
# നേരിട്ടെത്തി അൻവർ
വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദിയെ അൻവർ ഇബ്രാഹിം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് ക്വാലാലംപ്പൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ മോദിയെ സ്വന്തം കാറിലാണ് അൻവർ കൊണ്ടുപോയത്. അൻവർ പ്രധാനമന്ത്റിയാകുന്നതിന് മുമ്പുതന്നെ അദ്ദേഹവും താനും സുഹൃത്തുക്കളായിരുന്നെന്ന് മോദി പറഞ്ഞു.
# ' കാർ നയതന്ത്രം" വീണ്ടും വൈറൽ
ലോകനേതാക്കൾക്കൊപ്പമുള്ള മോദിയുടെ 'കാർ നയതന്ത്രം" വീണ്ടും വൈറലായി. നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ജോർദ്ദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ, എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി എന്നിവർക്കൊപ്പം മോദി കാറിൽ സഞ്ചരിച്ചത് ശ്രദ്ധനേടിയിരുന്നു. നയതന്ത്ര തലത്തിൽ രാഷ്ട്രത്തലവൻമാരുമായുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും അടിവരയിടുന്നതാണ് ഈ കാർ യാത്രകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |