റോം : യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി (65) അന്തരിച്ചു. ഇന്നലെ രാവിലെ ഇറ്റലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്റ്റംബറിൽ ന്യുമോണിയ ബാധയെത്തുടർന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്നു. പിന്നീട് സുഖം പ്രാപിച്ചെങ്കിലും ശരീരത്തിന്റെ പ്രതിരോധ ശേഷി തകരാറിലായതിനെ തുടർന്ന് ഡിസംബർ 26 ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2019 ലാണ് സസ്സോലി യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് പദമേറ്റത്. അഞ്ചുവർഷ കാലാവധിയുള്ള പാർലമെന്റിൽ 2.5 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. പുതിയ പ്രസിഡന്റായി മാൾട്ടയിൽ നിന്നുള്ള റോബർട്ട മെറ്റ്സോള അടുത്തയാഴ്ച ചുമതലയേൽക്കാനിരിക്കെയാണ് സിസ്സോലിയുടെ വിയോഗം. 1956 മേയിൽ ഇറ്റലിയിലെ ഫ്ലോറൻസിലായിരുന്നു സിസ്സോലിയുടെ ജനനം. മുപ്പത് വർഷം നീണ്ട മാദ്ധ്യമ പ്രവർത്തനത്തിന് ശേഷം 2009 ലാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. 2009ൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി യൂറോപ്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2014ൽ രണ്ടാമൂഴത്തിൽ യൂറോപ്യൻ പാർലമെന്റിന്റെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു. അലസാന്ദ്ര വിറ്റോറിനിയാണ് ഭാര്യ. ലിവിയ, ഗ്വിലിയോ എന്നിവർ മക്കൾ. സസ്സോലിയുടെ നിര്യാണത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ഇ.യു കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലിയെൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |