ബുക്കാറസ്റ്റ് : വാൾട്ട് ഡിസ്നിയുടെ ലയൺ കിംഗ് കഥയിലെ സിംബ എന്ന സിംഹത്തെ പറ്റി കേട്ടിട്ടില്ല. അതുപോലൊരു സിംബ യുക്രെയിനിലുമുണ്ട്. റഷ്യൻ അധിനിവേശത്തോടെ മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും മരണം മുന്നിൽ കണ്ട നിമിഷത്തിലൂടെ സിംബയും കടന്നുപോയി. ഇപ്പോഴിതാ അപകടമൊന്നും സംഭവിക്കാതെ യുക്രെയിൻ അതിർത്തി കടന്ന് റൊമേനിയയിലെത്തിയിരിക്കുകയാണ് സിംബ.
ഒപ്പം അകൈല എന്ന ചെന്നായയുമുണ്ട്. തെക്ക് കിഴക്കൻ യുക്രെയിൻ നഗരമായ സപൊറീഷ്യയിലെ മൃഗശാലയിൽ നിന്ന് ഇക്കഴിഞ്ഞ 21നാണ് സിംബയേയും അകൈലയേയും റൊമേനിയയിലെ റഡോടിയിലെ മൃഗശാലയിലേക്കെത്തിച്ചത്.
മൃഗസംരക്ഷണ പ്രവർത്തകരും വോളന്റിയർമാരും ചേർന്ന് നാല് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഒരു വാനിൽ ഇരുവരെയും സുരക്ഷിതമായി ഇവിടെയെത്തിച്ചത്. വാന്റെയുള്ളിൽ ഇരുവരെയും കൂടുകളാക്കി റൊമേനിയയിലേക്ക് അയക്കുകയായിരുന്നു. രണ്ട് പേരും സുഖമായിട്ടിരിക്കുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
രണ്ട് യു.കെ പൗരന്മാരാണ് ഇരുവരെയും വഹിച്ച വാൻ ഡ്രൈവ് ചെയ്തിരുന്നത്. റൊമേനിയൻ അതിർത്തിയിൽ കാർപേത്യൻ മലനിരകളിലൂടെയും മറ്റും അതിസാഹസികമായാണ് ഇരുവരെയും വഹിച്ചുകൊണ്ട് യാത്ര നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |