ബീജിംഗ് : പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ മിന്നലേറ്റ യുവാവിന് ദാരുണാന്ത്യം. തെക്ക് പടിഞ്ഞാറൻ ചൈനയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. യുനാൻ പ്രവിശ്യയിലെ ജേഡ് ഡ്രാഗൺ സ്നോ മൗണ്ടെയ്നിലായിരുന്നു ഫോട്ടോഷൂട്ട്. പ്രകൃതി രമണീയമായ ഈ പ്രദേശത്തേക്ക് ഫോട്ടോഷൂട്ടിനായി നിരവധി പേരാണെത്തുന്നത്.
മഞ്ഞ് പുതഞ്ഞ പർവതത്തിന്റെ പശ്ചാത്തലത്തിലുള്ള ഇവിടുത്തെ പുൽമേട്ടിൽ ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു അപകടം. റുവാൻ എന്നാണ് മരിച്ച യുവാവിന്റെ പേരെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു. കാലാവസ്ഥ മോശമായിട്ടും ഫോട്ടോഷൂട്ടുമായി മുന്നോട്ട് പോകാൻ യുവാവും പ്രതിശ്രുത വധുവും തീരുമാനിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 1.30 ഓടെ ശക്തമായ ശക്തമായ മഴയും ഇടിമിന്നലുമുണ്ടാവുകയും റുവാൻ മിന്നലേറ്റ് വീഴുകയുമായിരുന്നു. റുവാന്റെ ഒപ്പമുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്തെ എമർജൻസി സർവീസെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും റുവാനെ രക്ഷിക്കാനായില്ല.
പ്രദേശത്ത് കടുത്ത ഇടിമിന്നലുണ്ടായേക്കാൻ സാദ്ധ്യതയുണ്ടായിരുന്നതിനാൽ അപകടം നടക്കുന്നതിന് ഏകദേശം അര മണിക്കൂർ മുന്നേ പ്രാദേശിക ഭരണകൂടം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |