ഇൗയം പൂശാനുണ്ടോ എന്നും അമ്മികൊത്താനുണ്ടോ എന്നും ചോദിച്ച് പണ്ട് വീടുകൾ തോറും കയറിയിറങ്ങിയവരുണ്ട്. പരിഷ്കാരം ചായംപൂശാത്ത കാലമായിരുന്നു അത്. അരി അരയ്ക്കാൻ അരകല്ലും അരി ഇടിക്കാൻ ഉരലും വീട്ടമ്മമാരുടെ കൂട്ടുകാരായിരുന്ന കാലം. ഇന്ന് കാലം മാറി. കരിപിടിച്ച അടുക്കളയും കറപിടിച്ച ഉമ്മറവും കുറവ്. അരങ്ങും അടുക്കളയും കളർഫുള്ളാണ്. അതുകൊണ്ട് അമ്മികൊത്താനും ഇൗയംപൂശാനും ആരും വരാറുമില്ല. എങ്കിലും പുതിയ അന്വേഷണവുമായി കച്ചവടക്കാരെത്താറുണ്ട്. ചക്ക അന്വേഷിച്ച് തമിഴ് നാട്ടിൽ നിന്ന് ആളുകളെത്തും. പണ്ട് പട്ടിണിയും പരിവട്ടവുമായി നടന്ന കാലത്ത് വയർ നിറച്ചിരുന്ന ചക്ക ഇന്ന് നമുക്ക് വേണ്ട. അത് തമിഴൻമാർ വാങ്ങിക്കൊണ്ടുപോകും. ചക്കയും കപ്പയും കാച്ചിലും ചേനയും കടയിൽ നിന്ന് വാങ്ങുന്ന കാലമാണ്. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന പാട്ട് നമ്മൾ പാടും. പക്ഷേ നാളികേരം വേണമെങ്കിൽ കടയിൽ ചെല്ലണം. ചോദിക്കുന്ന വിലകൊടുക്കണം. കേരം തിങ്ങിയിരുന്ന കേരള നാട്ടിൽ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് വില അഞ്ഞൂറ് കഴിഞ്ഞു. പറഞ്ഞു വരുന്നത് പുതിയ കച്ചവടക്കാരെക്കുറിച്ചാണ്. അവർക്ക് വേണ്ടത് ചിരട്ടയാണ്. പണ്ട് നമ്മൾ അടുപ്പിലെരിച്ചു കളഞ്ഞ ചിരട്ടയ്ക്ക് കിലോയ്ക്ക് 30 മുതൽ 40 രൂപവരെ വിലകിട്ടും. കറന്റില്ലാത്ത പഴയ കാലത്ത് ചിരട്ട കത്തിച്ച കനൽ തേപ്പുപെട്ടിയിലിട്ട് ചൂടാക്കി തുണി ഇസ്തിരിയിട്ടിരുന്ന പഴയ മനുഷ്യർക്ക് ഇത് ചൂടുള്ള വാർത്തയാണ്. ഒരു മാസത്തെ ചിരട്ട വിറ്റാൽ മൂന്നുദിവസം മീൻ വാങ്ങാനുള്ള കാശെങ്കിലും കിട്ടും. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും പഴച്ചാറും മറ്റും ശുദ്ധീകരിക്കുന്നതിനും ഉൾപ്പെടെ ചിരട്ടക്കരിക്ക് നല്ല ഡിമാൻഡാണ് പുറംനാട്ടിൽ . കർണ്ണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നുള്ള ചിരട്ട വ്യാപാരികൾ കേരളത്തിൽ തമ്പടിച്ചിട്ടുണ്ട്. ഇത്രകാലവും വെറുതേ കത്തിച്ചുകളഞ്ഞ ചിരട്ടകളെ ഒാർത്ത് നമുക്ക് നെടുവീർപ്പിടാം....
പണ്ട് നമ്മൾ അടുപ്പിലെരിച്ചു കളഞ്ഞ ചിരട്ടയ്ക്ക് കിലോയ്ക്ക് 30 മുതൽ 40 രൂപവരെ വിലകിട്ടും. കറന്റില്ലാത്ത പഴയ കാലത്ത് ചിരട്ട കത്തിച്ച കനൽ തേപ്പുപെട്ടിയിലിട്ട് ചൂടാക്കി തുണി ഇസ്തിരിയിട്ടിരുന്ന പഴയ മനുഷ്യർക്ക് ഇത് ചൂടുള്ള വാർത്തയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |