പണ്ടേക്ക് പണ്ട് നാട്ടിലെ പ്രമാണി കുടുംബങ്ങൾ രാത്രിയിയിൽ വീടിന്റെ പടിപ്പുര അടയ്ക്കും മുമ്പേ പുറത്തേക്ക് നോക്കി ചോദിക്കും 'അത്താഴപ്പഷ്ണിക്കാരുണ്ടോ" എന്ന്. കോൺഗ്രസ് അംഗം സി.ആർ. മഹേഷിന്റെ അഭിപ്രായത്തിൽ ഇപ്പോൾ ഇതിന് സമാനമായ ചോദ്യം കേൾക്കാൻ കഴിയുന്നത് ബെവ്കോ ഷോപ്പുകളിലാണ്. രാത്രി അടയ്ക്കും മുമ്പേ, ഷോപ്പുമാനേജർമാർ പുറത്തിറങ്ങി ചോദിക്കും 'ഇനി ആരെങ്കിലും കുടിക്കാനുണ്ടോ" എന്ന്.
ബെവ്കോ ഷോപ്പുകളിൽ ക്യൂ നിൽക്കുന്ന എല്ലാവർക്കും പ്രവർത്തനസമയം കഴിഞ്ഞാലും മദ്യം നൽകണമെന്ന നിർദ്ദേശത്തെ പരിഹസിച്ചാണ് ധനാഭ്യർത്ഥന ചർച്ചയിൽ മഹേഷ് ഇത് പറഞ്ഞത്.
സംസ്ഥാനത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരിയെ പ്രതിരോധിക്കാൻ റോഡിലൂടെ സ്കൂൾകുട്ടികളുടെ ഘോഷയാത്ര സംഘടിപ്പിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ എന്നും മഹേഷിന്റെ സംശയം. വിമുക്തി എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ നിന്ന് എക്സൈസിനെ മുക്തമാക്കുകയാണ് വേണ്ടതെന്നും നിർദ്ദേശം. ആറ്രുകാൽ പൊങ്കാല നടത്തിയതിന്റെ പേരിൽ മേനി നടിക്കുകയാണ് സർക്കാർ. കടയ്ക്കൽ ക്ഷേത്രോത്സവത്തിന് ഗാനമേളയ്ക്കിടയിൽ പുഷ്പനെ അറിയാമോ എന്ന് ചോദിച്ചിട്ടെന്തായി. കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിയുടെ പേരിലാണ് ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്രി നിറുത്തിയത്. കേരളം ഭരിക്കുന്നത് മന്ത്രിമാരോ തന്ത്രിമാരോ എന്ന സംശയവും മഹേഷ് പ്രകടിപ്പിച്ചു.
ലഹരിവിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് സി.പി.എം അംഗം ഡി.കെ. മുരളിക്ക് തെല്ലും യോജിപ്പില്ല. പൗരാണിക, ചരിത്രാതീത കാലം മുതൽ ലഹരി വിപത്തുണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 'കരളുപങ്കിടാൻ വയ്യെന്റെ പ്രേമമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ" എന്ന കവി എ. അയ്യപ്പന്റെ വരികളും അദ്ദേഹം ഉദ്ധരിച്ചു. ലഹരിയിൽപ്പെട്ടു പോയിരുന്നില്ലെങ്കിൽ ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാമിൽ നിന്ന് എന്തു സംഭാവനകൾ മലയാള ചലച്ചിത്ര ലോകത്തിന് ലഭിക്കുമായിരുന്നുവെന്നതും സാന്ദർഭോചിതമായി അദ്ദേഹം ചൂണ്ടിക്കാട്ടി. എ.കെ.ജിയുടെ മനുഷ്യത്വത്തെ പ്രശംസിച്ച ലീഗ് അംഗം പി.കെ. ബഷീറിനെ, എ.കെ.ജിക്കെതിരെ പണ്ട് ബഷീറിന്റെ ഒപ്പമുള്ള പാർട്ടിക്കാർ വിളിച്ച മുദ്രാവാക്യവും മുരളി ഓർമിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും കുറേ നാൾ കഴിയുമ്പോൾ ഇതുപോലെ പ്രശംസിക്കേണ്ടി വരുമെന്ന ധ്വനിയും മുരളി തന്റെ വാക്കുകളോട് ചേർത്തു.
ലീഗ് അംഗം പി.കെ. ബഷീറിന്റെ ഇന്നലത്തെ ആക്രമണം മുഖ്യമായും മന്ത്രി ആർ. ബിന്ദുവിനെതിരെ ആയിരുന്നു. റാഗിംഗ്, മയക്കുമരുന്ന്, പുരോഗമനത്തിന്റെ പേരിൽ മറ്റുചില സംഗതികൾ.. കുട്ടികൾ എങ്ങനെ പഠിക്കുമെന്നതാണ് ബഷീറിന്റെ സംശയം. മന്ത്രി ബിന്ദു ഇടയ്ക്ക് ഒന്നിടപെടാൻ ശ്രമിച്ചെങ്കിലും ബഷീർ വഴങ്ങിയില്ല. 'ങ്ങള് ഇരിക്ക്, ങ്ങക്ക് സഹിഷ്ണുതയില്ല. മുഖ്യമന്ത്രി രണ്ട് മണിക്കൂർ പ്രസംഗിക്കുമ്പോൾ ങ്ങക്ക് ആർക്കും അനക്കമില്ലല്ലോ." പ്രൊഫസറും എം.എൽ.എയും തമ്മിൽ വിഷയം സംസാരിക്കുമ്പോൾ ഇടപെടരുതെന്നും ബഷീർ ഭരണപക്ഷത്തെ വിലക്കി.
ഒരുവശത്ത് ലഹരിക്കെതിരായ ബോധവത്കരണം, മറുവശത്ത് ഒയാസിസ് കമ്പനിയുടെ വക്താവാകണം, ലഹരി കേസുകളിൽ മുഖം നോക്കാതെ നടപടി എടുക്കുകയും വേണം. എക്സൈസ് മന്ത്രി എം.ബി. രാജേഷ് കുമ്പിടിയോ എന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംശയം. പാലക്കാട് ജില്ലയിൽ ഏഴ് ചെക്ക് പോസ്റ്റുകളിൽ എക്സൈസ് ഇൻസ്പെക്ടർമാരില്ല. ഒഴിവുകളിൽ നിയമനമില്ല. ഡ്രൈവറുണ്ടെങ്കിൽ വാഹനമില്ല, വാഹനമുണ്ടെങ്കിൽ ഡ്രൈവറില്ല. ലഹരിവേട്ട നടത്തേണ്ട എക്സൈസിന് സ്വന്തമായുള്ളത് ലാത്തിയും വിസിലും മാത്രമാണ്. ലാത്തിയും വകുപ്പ് നൽകുന്നതല്ല, സ്വന്തമായി കാട്ടിൽ കയറി വെട്ടുന്നതാണ്.
ഭൂമി കയ്യേറ്റത്തെക്കുറിച്ച് അടിയന്തര പ്രമേയത്തിന് ഉപക്ഷേപം നൽകിയത് മുമ്പ് കേസിൽപ്പെട്ട ആളാണെന്നായിരുന്നു സി.പി.എം അംഗം എം.നൗഷാദിന്റെ പരിഹാസം. അങ്ങനൊരു കേസുണ്ടെങ്കിൽ അതിന്റെ നമ്പർ പറയാമോ എന്ന് മാങ്കൂട്ടത്തിൽ ചോദിക്കേണ്ട താമസമേ ഉണ്ടായുള്ളു, നൗഷാദിന് നമ്പർ പറയാൻ. ഹയർ സെക്കൻഡറി ഡയറക്ടറായിരിക്കെ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സംസ്കാരവും നൗഷാദ് പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |