സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേയാത്രയ്ക്ക് കാസർക്കോട്ടു നിന്ന് ഇന്നലെ തുടക്കമായിക്കഴിഞ്ഞു. സമൂഹം നേരിടുന്ന അതീവഗൗരവമുള്ള ഒരു പ്രതിസന്ധിയാണ് മയക്കുമരുന്ന് പോലുള്ള ലഹരി പദാർത്ഥങ്ങളുടെ വ്യാപനം. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ വലിയ തോതിൽ ഈ മാരക വിപത്തിന് അടിപ്പെടുകയാണ്. ഇതിൽ നിന്ന് നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇക്കാര്യത്തിൽ കായിക വകുപ്പിന് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.
മയക്കുമരുന്നു പോലുള്ള ലഹരി വസ്തുക്കൾകെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം കളികളാണ്. കായിക വഴിയിലൂടെ ലഹരിയെ തുരത്തുക എളുപ്പമാണ്. ഈ ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് കായിക നയത്തിന്റെ ആധാരശില- ' എല്ലാവർക്കും കായികം" (sports for all) രൂപപ്പെടുത്തിയത്. ആരോഗ്യ പരിരക്ഷയിൽ വ്യായാമത്തിനും കായിക പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരു സമൂഹത്തിന്റെ ആരോഗ്യനിലയുടെ അടിസ്ഥാനം കളികളും വ്യായാമങ്ങളുമാണ്. സുസ്ഥിര വികസനത്തിനുള്ള പ്രധാന മാർഗം കായിക പ്രവർത്തനമാണെന്ന പ്രമേയം 2024 നവംബറിൽത്തന്നെ യു.എൻ അംഗീകരിച്ചിട്ടുണ്ട്.
കുട്ടികൾ ഡിജിറ്റൽ ലോകത്ത് ഒതുങ്ങിയതും, കളിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയും, പഠനത്തിന്റെയും മറ്റും പേരിൽ അമിത സമ്മർദ്ദം ചെലുത്തുന്നതുമെല്ലാം കളിക്കളങ്ങളിൽ നിന്ന് അവർ അകന്നുപോയതിന് കാരണങ്ങളാണ്. ഇതുമൂലം കുട്ടികളിൽ ജീവിതശൈലീ രോഗങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കായികക്ഷമതാ മിഷൻ എന്ന ദൗത്യം കായിക വകുപ്പ് ആരംഭിച്ചത്. പ്രായഭേദമെന്യേ എല്ലാവരെയും വ്യായാമത്തിലേക്കും കളികളിലേക്കും ആകർഷിക്കുകയാണ് മിഷന്റെ ലക്ഷ്യം.
കായികം എന്നത് കേവലം ചാമ്പ്യന്മാരെ സൃഷ്ടിക്കുന്ന പ്രകിയ മാത്രമല്ല, മറിച്ച് ലഹരി ഉപയോഗം അടക്കം മനുഷ്യരെ ആസക്തിയിലേക്കും അടിമത്തത്തിലേക്കും ഉന്മേഷരാഹിത്യത്തിലേക്കും നയിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പ്രധാന പരിഹാരമാർഗമായി കളികൾക്കും കളിക്കളങ്ങൾക്കും മാറാനാകും. കളികളും കളിമൈതാനങ്ങളും വ്യായാമവും കളിക്കാഴ്ചകളും കളിക്കമ്പവും കായികക്ഷമതയും നമ്മുടെ കുട്ടികൾക്ക് അവരുടെ ഊർജ്ജം ശരിയായ തരത്തിൽ വിനിയോഗിക്കാനുള്ള വഴിയാണ്. കളിക്കളങ്ങൾ കുട്ടികൾക്ക് ആവേശവും സന്തോഷവും പ്രദാനം ചെയ്യും. ജീവിതത്തോട് ലഹരിയുണ്ടാക്കും.
കളിയിലൂടെ ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും വളരുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവനവനിലേക്ക് ചുരുങ്ങാൻ ശ്രമിക്കുന്ന യുവതയെ ഒരുമിപ്പിക്കാനും സാമൂഹ്യമായ ഐക്യപ്പെടലിലേക്ക് വഴിതെളിക്കാനും കുടുംബത്തോടും അയൽക്കാരോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റാനും ഇതുവഴി സാധിക്കും. എല്ലാവരെയും കളിക്കളങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന കായിക വകുപ്പ് ഏറ്റെടുക്കുകയാണ്. നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കാനും, ലഹരി ഉപയോഗത്തിലേക്ക് നീങ്ങാതിരിക്കാനും പ്രേരിപ്പിക്കുന്ന തരത്തിൽ മുഴുവൻ ജില്ലകളിലും സമഗ്രമായ ഫിറ്റ്‌നസ് ബോധവത്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്.
ആരോഗ്യമുള്ളവരായിരിക്കാൻ ഓരോരുത്തർക്കും അവബോധം ഉണ്ടാകണം. ഈ തിരിച്ചറിവിന് വിപുലമായ പ്രചാരണവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സന്ദേശയാത്ര. 'കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്" എന്നതാണ് യാത്രയുടെ ആപ്തവാക്യം. മേയ് 22- ന് എറണാകുളത്ത് മറൈൻ ഡ്രൈവിലാണ് യാത്ര സമാപിക്കുന്നത്. ഈ ലഹരി വിരുദ്ധ സന്ദേശ യാത്ര കായികമന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും പര്യടനം നടത്തും. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ യാത്രയിൽ പങ്കെടുക്കും. കായികതാരങ്ങളും കായിക സംഘാടകരും മുന്നണിയിലുണ്ടാകും.
കളിക്കളങ്ങൾ വീണ്ടെടുക്കുന്നത് യാത്രയിലെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങൾ പുനരുദ്ധാരണം ചെയ്ത് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളിൽ സ്‌പോട്‌സ് കിറ്റ് വിതരണം ചെയ്യുന്നുമുണ്ട്. കേരളത്തിന്റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, ലഹരിക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശ യാത്ര വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |