പരിക്കേറ്റ കാലുമായി ബാറ്റിംഗിനെത്തി അർദ്ധസെഞ്ച്വറി നേടി റിഷഭ് പന്ത്
മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ 358ന് പുറത്ത്, ഇംഗ്ളണ്ട് തിരിച്ചടിക്കുന്നു
മാഞ്ചസ്റ്റർ : പൊട്ടലേറ്റ കാൽപ്പാദവുമായി കളത്തിലിറങ്ങി ജൊഫ്ര ആർച്ചറിനെതിരെ തകർപ്പനൊരു സിക്സർ ഉൾപ്പടെ പറത്തി അർദ്ധസെഞ്ച്വറി നേടി സൂപ്പർ ഹീറോയായ റിഷഭ് പന്തിന്റെ (54)കരുത്തിൽ ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസിന് പുറത്തായി.മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിവസം കളിനിറുത്തുമ്പോൾ 225/2 എന്ന നിലയിലാണ്. അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ ബെൻ ഡക്കറ്റും (94), സാക്ക് ക്രാവ്‌ലിയുമാണ് (84) ഇംഗ്ളണ്ടിന് ഗംഭീര തുടക്കം നൽകിയത്. 133 റൺസ് മാത്രം പിന്നിലാണ് ഇപ്പോൾ ഇംഗ്ളണ്ട്.
കഴിഞ്ഞദിവസം വ്യക്തിഗതസ്കോർ 39ൽ നിൽക്കേ ക്രിസ് വോക്സിന്റെ യോർക്കർ പാദത്തിൽ പതിച്ച് റിട്ടയേഡ് ഹർട്ടായ റിഷഭ് പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പന്ത് ബാറ്റിംഗിനെത്തില്ലെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ശാർദൂൽ താക്കൂർ പുറത്തായതും പന്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങിയതും. വേഗത്തിൽ ഓടാനോ നടക്കാനോ കഴിയില്ലെങ്കിലും കിട്ടിയപന്തുകളിൽ റൺസടിക്കാൻ നോക്കിയ പന്ത് ടീമിനെ 349ലെത്തിച്ചശേഷമാണ് പുറത്തായത്.
ഇന്നലെ 264/4 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയ്ക്ക് രണ്ട് റൺസ് കൂടി നേടുന്നതിനിടെ രവീന്ദ്ര ജഡേജയെ (20) നഷ്‌ടമായിരുന്നു.ആർച്ചറുടെ പന്തിൽ ബ്രൂക്കിന് ക്യാച്ച് നൽകിയാണ് ജഡേജ മടങ്ങിയത്. തുടർന്ന് താക്കൂറിന് (41)കൂട്ടായി വാഷിംഗ്ടൺ സുന്ദറെ(27)ത്തി.ഇരുവരും ചേർന്ന് ടീമിനെ 300കടത്തി. 314ലെത്തിയപ്പോൾ സ്റ്റോക്സിന്റെ പന്തിൽ ഡക്കറ്റിന് ക്യാച്ചുനൽകി താക്കൂർ തിരിച്ചുനടന്നത്. അപ്പോഴാണ് ഗാലറിയിൽ ആവേശം പടർത്തി പന്ത് ബാറ്റിംഗിനിറങ്ങിയത്. പന്തിന്റെ ആത്മവിശ്വാസം ടീമിനും മുതൽക്കൂട്ടാകുമെന്ന് കരുതിയിരിക്കേ സ്റ്റോക്സിന്റെ ഷോർട്ട്പിച്ച് ബാൾ അനാവശ്യമായി കറക്കി ഉയർത്തി സുന്ദർ തേഡ്മാനിൽ വോക്സിന് ഈസി ക്യാച്ച് സമ്മാനിച്ചത്. പകരമെത്തിയ അരങ്ങേറ്റക്കാരൻ അനുഷുൽ കാംബോജ് നേരിട്ട മൂന്നാമത്തെ പന്തിൽ കീപ്പർ ക്യാച്ച് നൽകി ഡക്കായി മടങ്ങി. ഇതോടെ സ്റ്റോക്സ് അഞ്ചുവിക്കറ്റ് തികച്ചു. തുടർന്ന് ജസ്പ്രീത് ബുംറയെക്കൂട്ടി 350 കടത്താൻ ശ്രമിച്ച പന്ത് ആർച്ചറെ സിക്സിന് പറത്തി. അർദ്ധസെഞ്ച്വറികടന്ന പന്തിനെ ആർച്ചർതന്നെ ബൗൾഡാക്കുകയും ചെയ്തു. 358ൽ വച്ച് ബുംറയെ (4) കീപ്പറെ ഏൽപ്പിച്ച് ആർച്ചർ തന്നെ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു.
പന്തിന് പകരം ധ്രുവ് ജുറേലിനെ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പറാക്കിയാണ് ഇന്ത്യ ബൗളിംഗിനിറങ്ങിയത്. ഇംഗ്ളീഷ് ഓപ്പണർമാരായ സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റും തുടക്കം മുതലേ തകർത്തടിച്ച് ഇന്ത്യൻ ബൗളർമാരുടെ ആത്മവീര്യം ചോർത്താനാണ് ശ്രമിച്ചത്. ചായയ്ക്ക് പിരിയുമ്പോൾ അവർ 77 റൺസിലെത്തിയിരുന്നു.ചായയ്ക്ക് ശേഷം ഡക്കറ്റ് ആദ്യം അർദ്ധസെഞ്ച്വറിയിലെത്തി. പിന്നാലെ ക്രാവ്‌ലിയും അർദ്ധസെഞ്ച്വറി തികച്ചു. 50 കടന്ന ശേഷം ക്രാവ്‌ലി വേഗം കൂട്ടി.ക്രാവ്‌ലിയെ രാഹുലിന്റെ കയ്യിലെത്തിച്ച് 166 റൺസ് കൂട്ടിച്ചേർത്ത സഖ്യം പൊളിച്ചത് ജഡേജയാണ് . പിന്നാലെ ഡക്കറ്റിനെ കീപ്പർ ജുറേലിന്റെ കയ്യിലെത്തിച്ച് അൻഷുൽ കാംബോജ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റങ്ങ വീഴ്ത്തി. കളിനിറുത്തുമ്പോൾ ഒല്ലീ പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |