വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി 19കാരി ദിവ്യ ദേശ്മുഖ്
കൗമാരപ്രതിഭകളുടെ കേളീരംഗമായ ഇന്ത്യൻ ചെസിൽ ചരിത്രവിജയം കൊണ്ട് തിളങ്ങുകയാണ് ദിവ്യ ദേശ്മുഖ് എന്ന 19കാരി. ജോർജിയയിലെ ബാത്തുമിയിൽ നടന്ന ഫിഡെ വനിതാ ചെസ് ലോകകപ്പിൽ തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള ഗ്രാൻഡ്മാസ്റ്റർമാരെ മലർത്തിയടിച്ച് ഫൈനലിലെത്തിയതോടെയാണ് ഇന്റർനാഷണൽ മാസ്റ്റർ മാത്രമായ ദിവ്യ ചരിത്രനായികയായത്. വനിതാ ലോകകപ്പിന്റെ ഫൈനലിൽ കളിക്കാൻ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് നാഗ്പ്പൂരുകാരിയായ ദിവ്യ.
കഴിഞ്ഞ വർഷം നടന്ന ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണവും വ്യക്തിഗതസ്വർണവും നേടിയ ദിവ്യ അട്ടിമറികളിലൂടെയാണ് ലോകകപ്പിലെ മിന്നുംതാരമായത്. ഇതുവരെ ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക് എത്തിയിട്ടില്ലാത്ത ഈ കൗമാരക്കാരി തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള താരങ്ങളെയാണ് ബാത്തുമിയിൽ മറികടന്നത്. സെമിവരെയുള്ള ആറ് റൗണ്ടുകളിൽ രണ്ടുതവണ ടൈബ്രേക്കറിൽ വിജയം നേടി. നാലാം റൗണ്ടിൽ ചൈനീസ് ഗ്രാൻഡ്മാസ്റ്റർ സു ജിനെറെയും ക്വാർട്ടർ ഫൈനലിൽ തന്റെ ഇരട്ടി പ്രായമുള്ള ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഹരികയേയുമാണ് ടൈബ്രേക്കറിൽ കീഴടക്കിയത്. സെമിയിൽ മുൻ ലോക ചാമ്പ്യനായ ചൈനീസ് താരം ടാൻ സോംഗ്ഇയെയാണ് കീഴടക്കിയത്. സെമിയുടെ ആദ്യ ഗെയിമിൽ സമനില വഴങ്ങിയ ദിവ്യ മൂന്നാം സീഡായിരുന്ന ചൈനീസ് താരത്തെ രണ്ടാം ഗെയിമിൽ 101 നീക്കങ്ങൾ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ അടിയറവ് പറയിക്കുകയായിരുന്നു.
ഈ സെമിഫൈനൽ പ്രവേശനത്തോടെ ദിവ്യയ്ക്ക് തന്റെ ആദ്യ ഗ്രാൻഡ്മാസ്റ്റർ നോം മാത്രമല്ല സ്വന്തമാക്കാനായത്. അടുത്തവർഷം നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ മത്സരിക്കാനുള്ള യോഗ്യതയും ദിവ്യ സ്വന്തമാക്കി. സെമിഫൈനലിലെത്തിയതിന് കാഷ്പ്രൈസായി ലഭിക്കുന്നത് 30 ലക്ഷത്തിലധികം രൂപയാണ്. ഫൈനലിൽ തന്റെ എതിരാളിയാകാൻ ഇന്ത്യക്കാരി തന്നെയായ കൊനേരു ഹംപിയും ചൈനീസ് താരം ലീ ടിംഗ്ജീയും തമ്മിൽ ഇന്നലെ പോരാടുമ്പോൾ ദിവ്യ വിശ്രമത്തിലായിരുന്നു. നന്നായൊന്നുറങ്ങി തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണം മാറ്റിയിട്ടുവേണം ശനിയാഴ്ച കിരീടപ്പോരിനിറങ്ങാനെന്നാണ് സെമിവിജയത്തിന് ശേഷം ദിവ്യ പറഞ്ഞത്.
ഫൈനൽ 26 മുതൽ
രണ്ട് ഗെയിമുകളാണ് ഫൈനൽ മത്സരത്തിനുമുള്ളത്. 26ന് ആദ്യ ഗെയിം. 27ന് രണ്ടാം ഗെയിം. ഒരു ഗെയിം ജയിച്ചാൽ ഒരു പോയിന്റ് . സമനിലയിലായാൽ അരപോയിന്റ് വീതം. ആദ്യം ഒന്നരപോയിന്റിലെത്തുന്നയാൾ കിരീടം നേടും. രണ്ട് ഗെയിമുകളും സമനിലയായാൽ 28ന് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തും.
ദിവ്യ കരിയർ ഗ്രാഫ്
2020ലെ ഫിഡെ ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗം.
2022 ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത വെങ്കലമെഡൽ.
2022ൽ ഇന്ത്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവായി.
2023ൽ ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്.
2024 ഫിഡെ ലോക അണ്ടർ 20 വനിതാ ചെസ് ചാമ്പ്യൻ.
2024 ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണം, വ്യക്തിഗത സ്വർണം.
2463
ആണ് ദിവ്യയുടെ നിലവിലെ ഫിഡെ റേറ്റിംഗ്. ജൂനിയർ ഗേൾസിൽ റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള താരമാണ് ദിവ്യ. സീനിയർ വനിതകളിൽ 18-ാം സ്ഥാനത്ത്.
പ്രധാനമന്ത്രിയുടെ അഭിനന്ദനം
കഴിഞ്ഞമാസം ലണ്ടനിൽ നടന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ളിറ്റ്സ് ടീം ചെസ്ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ ചൈനീസ് താരം ഹൗ ഇഫാനെ തോൽപ്പിച്ചതിന് ദിവ്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
വനിതാ ലോകചാമ്പ്യൻഷിപ്പിനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞ 34 വർഷത്തിനിടയിൽ യോഗ്യത നേടുന്ന ആദ്യ കൗമാരതാരമാണ് ദിവ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |