SignIn
Kerala Kaumudi Online
Friday, 25 July 2025 1.44 PM IST

കാലവർഷം, കപ്പലപകടം, ട്രോളിംഗ്: ആശങ്കയൊഴിയാതെ തീരം

Increase Font Size Decrease Font Size Print Page
ship

സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവർഷത്തെ തുടർന്ന് പണിയില്ലാതായ തീരമേഖലയ്ക്ക് ഇരട്ടി പ്രഹരം നൽകുന്നതാണ് ആശങ്ക ഉയർത്തുന്ന കപ്പലപകടങ്ങളും ഒപ്പം ട്രോളിംഗ് നിരോധനവും. മൂന്നാഴ്ച മുമ്പ് കപ്പൽ മറിഞ്ഞ് അപകടമുണ്ടായതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും കേരള തീരത്തിന് സമീപം കപ്പലപകടമുണ്ടായത്. സാധാരണയിലും നേരത്തെ കാലവർഷം തീരം തൊട്ടതോടെ ട്രോളിംഗ് നിരോധനത്തിനു മുൻപ് തന്നെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിരോധനം വന്നു. പ്രതികൂല കാലാവസ്ഥയും യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമെല്ലാം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന തുറമുഖമായ ബേപ്പൂരിൽ നഷ്ടം സഹിക്കാൻ കഴിയാതെ ട്രോളിംഗ് നിരോധനത്തിന് മുൻപേ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി കരയിലേക്ക് കയറ്റിയിരുന്നു. കഴിഞ്ഞ ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷനും സമാശ്വാസ നിധിയും മുടങ്ങിയത് പ്രതിസന്ധിയായിരുന്നു. ഇത്തവണ കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. രണ്ടുമാസം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒന്നും കരുതിവയ്ക്കാനും ഇവർക്കായില്ല. ഓഖി, പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുന്നേറുന്നതിനിടെയാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളും മത്സ്യമേഖലയിൽ വീണ്ടും നാശം വിതയ്ക്കുന്നത്.

ജില്ലയിലെ ബേപ്പൂർ, കൊയിലാണ്ടി, ചോമ്പാല ഹാർബറുകളിലെല്ലാം കുടിവെള്ള പ്രശ്നം, ഐസിന്റെ ദൗർലഭ്യം തുടങ്ങിവയെല്ലാം പ്രതിസന്ധിയാകുന്നുണ്ട്. അശാസ്ത്രീയ മത്സ്യബന്ധനത്തിന്റെ പേരിൽ ഭീമമായ പിഴ ചുമത്തലിന് പുറമെ ബോട്ടിലെ മത്സ്യവും പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പിന്റെ ശിക്ഷാരീതിയും തൊഴിലാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ട്രോളിംഗ് നിരോധന സമയത്താണ് പരമ്പരാഗത, ചെറുകിട മത്സ്യബന്ധനം കൂടുതൽ സജീവമാകുന്നത്. ഇവർക്ക് തിരിച്ചടിയാണ് തിങ്കളാഴ്ചയുണ്ടായ തീരത്തുണ്ടായ കപ്പൽ അപകടം.

16 ദിവസത്തിനിടെയുണ്ടായ രണ്ട് കപ്പൽ അപകടങ്ങളിൽ കേരള തീരത്തിനുണ്ടായ നാശനഷ്ടങ്ങൾ എത്രയാണെന്നതിന്റെ കണക്കുകൾ പുറത്തുവരാനുണ്ട്. അപകട കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നത് വ്യക്തം. മേയ് 25 നാണ് ആലപ്പുഴ തോട്ടപ്പള്ളി തീരത്തിന് സമീപം എം.എസ്.സി എൽസ 3 എന്ന ലെെബീരിയൻ ചരക്കു കപ്പൽ മുങ്ങിയത്. മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ ചിലത് തീരത്തടിഞ്ഞെങ്കിലും അപകടകാരികളായ രാസവസ്തുക്കളുള്ള കണ്ടെയ്നറുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതുണ്ടാക്കാൻ സാദ്ധ്യതയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക നിലനിൽക്കെയാണ് അടുത്ത അപകടം സംഭവിക്കുന്നത്. ഇന്നലെ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ കൂടുതൽ പ്രഹരശേഷിയുള്ള രാസവസ്തുക്കളുണ്ടന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

തെറ്റിദ്ധാരണ പടർത്തി

സോഷ്യൽ മീഡിയ

മത്സ്യത്തൊഴിലാളികളുടെയോ കടലോര തദ്ദേശവാസികളുടെയോ യാതൊരുവിധ ഇടപെടലുകളുമില്ലാതെ കടലിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ ആദ്യം ബാധിക്കുന്നത് ഇവരെത്തന്നെയാണ്. കാലവർഷം കാരണം കടലിൽ ഇറങ്ങാൻ നിവൃത്തിയില്ലാതെ കാലം കഴിക്കുന്നവരോടാണ് ഇങ്ങനെ സ്വയം ശാസ്ത്രജ്ഞർ ചമഞ്ഞുള്ള ആഹ്വാനങ്ങൾ നടത്തുന്നത്. കടലിൽ പോയി മീൻ കൊണ്ടുവരുമ്പോൾ വിഷം പേടിച്ച് അതുവാങ്ങാൻ ആളില്ലാതിരുന്നാലുള്ള അവസ്ഥ സങ്കടകരമാണ്. ദുരന്തങ്ങളുടെ മാത്രമല്ല പൊതുസമൂഹത്തിന്റെ ശാസ്ത്രാവബോധമില്ലായ്മയുടെയും ഇരകളാവുകയാണ് കടലോര സമൂഹം. ഓഖി ദുരന്തസമയത്ത് ഇപ്പോൾ ലഭിക്കുന്ന മീനുകൾ മത്സ്യത്തൊഴിലാളികളുടെ ശരീരം ഭക്ഷിച്ചവയാണെന്ന് സമാന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ക്യാമ്പയിൻ നടത്തിയിരുന്നു. കേരള തീരത്തിന് സമീപം കപ്പലപകടങ്ങൾ കൂടുന്ന അവസ്ഥയുണ്ടായാൽ അതിനെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തണം. ആരുടെയെങ്കിലും ചുമലിൽ കുറ്റം ചാർത്താനല്ല സമാന രീതിയിൽ തുടർന്നും അപകടങ്ങളുണ്ടാവാതിരിക്കാൻ ഇത് അത്യാവശ്യമാണ്.

വേണം

നഷ്ടപരിഹാരം

കടലിനടിയിലായ കണ്ടെയ്നറുകളെ സീൽ ചെയ്യുന്നതിനോടൊപ്പം കൂടുതൽ ശ്രദ്ധപുലർത്തി കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം. നഷ്ടപരിഹാരം വാങ്ങിയെടുത്ത് ദുരന്തത്തിന്റെ ആദ്യ ഇരകളായ കടലോര തദ്ദേശീയ ജനതയ്ക്കായി വിനിയോഗിക്കണം.

ദുരന്തം നടന്നിരിക്കുന്നത് സംസ്ഥാന കടലതിർത്തിക്കടുത്താണ്. കപ്പലിൽ നിന്നു ഒഴുകി നടക്കുന്ന രാസവസ്തുക്കളക്കടമുള്ള കണ്ടെയ്നറുകൾ വന്നടിയുന്നത് തദ്ദേശീയർ ഉപജീവനത്തിനായി കൂടുതൽ ഉപയോഗിക്കുന്ന കടൽത്തീരത്താണ്. കപ്പലിൽ നിന്ന് ചോർന്നിട്ടുള്ള ഇന്ധനവും കണ്ടെയ്നറുകൾക്കുള്ളിലെ രാസവസ്തുക്കളും കടലിലെ ജൈവസമ്പത്തിനെയും അതുവഴി കടലോര ജനതയുടെ ഉപജീവനത്തെയും ബാധിക്കും. തീരത്ത് അവയുണ്ടാക്കുന്ന മലിനീകരണം എത്രയാണെന്ന് കണ്ടെത്താൻ ശ്രമിക്കണം.

യുദ്ധം, ആഭ്യന്തര കലാപം, സ്വാഭാവികമായ പ്രകൃതി ദുരന്തം എന്നിവയൊഴികെയുള്ള മറ്റെന്തെങ്കിലും സംഭവത്തിന്റെ ഫലമായി കപ്പലിൽ നിന്നുണ്ടാകുന്ന ഏതെങ്കിലും മലിനീകരണത്തിനും പ്രകൃതിവിഭവങ്ങൾക്കോ മനുഷ്യർക്കോ അതുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്കും കപ്പൽ ഉടമയിൽ നിന്നും കർശനമായ ബാദ്ധ്യത ഈടാക്കണം എന്നാണ് നിയമം.

ഫിലിപ്പീൻസിലിലെ ഗുയ്മരാസ്‌‌ ദ്വീപിനു സമീപം 2006- ൽ നടന്ന സോളാർ‌ 1 കപ്പലപകടം, ദക്ഷിണ കൊറിയയിൽ‌ നടന്ന 2007 ലെ ഹെബെയ് സ്പിരിറ്റ് കപ്പലപകടം, 2011ൽ ഫ്രാൻസിലെ‌ ലോറിയന്റിൽ നടന്ന ടി.കെ ബ്രെമെൻ കപ്പലപകടം എന്നിവയൊക്കെ കപ്പലിന്റെ ഉടമസ്ഥരിൽ നിന്ന് കപ്പലപകടത്തിലൂടെ തദ്ദേശീയർക്കും കടൽ പരിസ്ഥിതിയ്ക്കുമുണ്ടായ നാശനഷ്ടങ്ങൾക്കും കടൽ മലിനീകരണത്തിനും നഷ്ടപരിഹാരം വാങ്ങിയെടുത്തതിന് ഉദാഹരണങ്ങളായ സംഭവങ്ങളാണ്. അതുകൊണ്ട് കടലിനും പരിസ്ഥിതിയ്ക്കും തീരദേശജനതയ്ക്കും ഇത്തരം അപകടങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം ഈടാക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം.

TAGS: SEA, SHIP, TROLLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.