3-0ത്തിന് പാരീസ് എസ്.ജിയെ ഫൈനലിൽ തകർത്ത് ചെൽസിക്ക് ക്ളബ് ലോകകപ്പ് ഫുട്ബാൾ കിരീടം
ന്യൂജഴ്സി : ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ വിരിഞ്ഞത് ചെൽസിച്ചിരി. കഴിഞ്ഞരാത്രി നടന്ന കലാശക്കളിയിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെ തകർത്തെറിഞ്ഞാണ് ചെൽസി കിരീടത്തിൽ ചുംബിച്ചത്. രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മിഡ്ഫീൽഡർ കോൾ പാമറാണ് ചെൽസിയുടെ വിജയശിൽപ്പി.
ആദ്യ പകുതിയിൽതന്നെ മൂന്നുഗോളുകളും വഴങ്ങിയ പാരീസ് പിന്നീടൊരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. 22-ാം മിനിട്ടിലും 30-ാം മിനിട്ടിലുമായാണ് കോൾ പാമർ സ്കോർ ചെയ്തത്. 43-ാം മിനിട്ടിൽ ചെൽസിയുടെ പുതിയ താരം യാവോ പെഡ്രോയ്ക്ക് ഗോളടിക്കാൻ പാസ് നൽകിയതും പാമറാണ്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള പാരീസിന്റെ ശ്രമം കളി പരുക്കനാക്കിയിരുന്നു. 85-ാം മിനിട്ടിൽ മാർക്ക് കുക്കുറെല്ലയെ പിടിച്ച് വലിച്ചിട്ടതിന് പാരീസ് താരം യാവോ നെവസ് ചുവപ്പുകാർഡ് കാണുകയും ചെയ്തു. മത്സരത്തിന് ശേഷം പാരീസ് കോച്ച് ലൂയിസ് എൻറിക്വെ ഉൾപ്പടെ ചെൽസി താരങ്ങളുമായി വാക്കേറ്റത്തിന് ഗ്രൗണ്ടിലിറങ്ങിയിരുന്നു. എൻറിക്വെ യുവോ പെഡ്രോയുടെ മുഖത്തടിച്ചത് വിവാദമായിട്ടുണ്ട്.
ഈ ടൂർണമെന്റിൽ ആദ്യമായാണ് പാരീസ് എസ്.ജി ഗോൾ വഴങ്ങിയത്. സെമിവരെയുള്ള മത്സരങ്ങളിൽ നിന്ന് 17 ഗോളുകളാണ് പാരീസ് നേടിയത്. ഫൈനലിലാണ് പാരീസ് ഗോളി ഡോണറുമ്മ ഗോൾ വഴങ്ങിയത്. ഒറ്റക്കളിപോലും തോൽക്കാതെയാണ് പാരീസ് ഫൈനലിലെത്തിയിരുന്നത്. ഗ്രൂപ്പ് റൗണ്ടിൽ അത്‌ലറ്റിക്കോ മാഡ്രിഡ് (4-0), ബോട്ടഫോഗോ (1-0), സിയാറ്റിൽ സൗണ്ടേഴ്സ് (2-0) എന്നിവരെ കീഴടക്കിയ പാരീസ് പ്രീ ക്വാർട്ടറിൽ ഇന്റർ മയാമിയേയും (4-0), ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെയും (2-0) കീഴടക്കി. സെമിയിൽ റയൽ മാഡ്രിഡിനെ 4-0ത്തിനാണ് തകർത്തത്.
436 മിനിട്ട് ഗോൾ വഴങ്ങാതിരുന്ന പാരീസ് എസ്.ജിയുടെ മികവിനെ ഇന്നലെ കോൾ പാമറാണ് മറികടന്നത്.
മേയ് 18ന് ഫ്രഞ്ച് ലീഗിൽ ഓക്ഷെറെയ്ക്ക് എതിരായ മത്സരത്തിലാണ് ഇതിന് മുമ്പ് പാരീസ് ഗോൾ വഴങ്ങിയത്. തുടർന്ന് എട്ട് മത്സരങ്ങളിൽ വലകുലുങ്ങാതെ ഇറ്റലിക്കാരനായ ഡോണറുമ്മ കാത്തു.
81,118
പേരാണ് ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഫൈനൽ കാണാൻ എത്തിയിരുന്നത്.
2 ഈ സീസണിലെ ചെൽസിയുടെ രണ്ടാം കിരീടമാണിത്. നേരത്തേ ഫിഫ കോൺഫറൻസ് ലീഗിലും കിരീടമുയർത്തിയിരുന്നത് ചെൽസിയാണ്.
ഇത് രണ്ടാം തവണയാണ് ചെൽസി ക്ളബ് ലോകകപ്പ് നേടുന്നത്. 2021ൽ പാൽമെയ്റാസിനെ തോൽപ്പിച്ചായിരുന്നു ആദ്യ കിരീടം.
രണ്ട് തവണ ക്ളബ് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ളീഷ് ക്ളബാണ് ചെൽസി.മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഓരോ തവണ ജേതാക്കളായിട്ടുണ്ട്.
ഗോളുകൾ ഇങ്ങനെ
1-0
22-ാം മിനിട്ട്
കോൾ പാമർ
ഗസ്റ്റോയുടെ ഒരു ശ്രമം തടുത്ത പാരീസ് എസ്.ജി പക്ഷേ പന്ത് വീണ്ടും ബോക്സിനുള്ളിൽ നിന്ന ഗസ്റ്റോയ്ക്ക് തന്നെ നൽകി. പ്രതിരോധവിടവിലൂടെ ഗസ്റ്റോ ബോക്സിന്റെ എഡ്ജിലുണ്ടായിരുന്ന പാമർക്ക് മറിച്ചു. ക്ളിനിക്കൽ ഫിനിഷിംഗിലൂടെ പാമർ പന്ത് വലയിലാക്കി.
2-0
30-ാം മിനിട്ട്
കോൾ പാമർ
കോൾവിൽ ഉയർത്തി നൽകിയ ക്രോസ് പിടിച്ചെടുത്ത് വലതുവിംഗിലൂടെ ഓടിക്കയറിയ പാമർ പാരീസ് ഡിഫൻഡർമാരെ പലതവണ ഡ്രിബിൾ ചെയ്ത ശ്രദ്ധ പതറിച്ചശേഷം വലയിലേക്കടിച്ചിട്ടു.
3-0
43-ാം മിനിട്ട്
യാവോ പെഡ്രോ
പന്തുമായി ഓടിയറിയ പാമർ പാരീസ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നോട്ടുനൽകിയ പന്ത് പെഡ്രോ ഓടിക്കയറി ഗോളിലേക്ക് കണക്ട് ചെയ്യുകയായിരുന്നു.
'പാമറനാം ഗോളടിക്കാരൻ"
കോൾ പാമർ പ്ളേയർ ഓഫ് ദ ടൂർണമെന്റ്
ഫൈനലിൽ പാരീസിന്റെ വലയിൽ കയറിയ മൂന്നു ഗോളുകളിലും ചെൽസിയുടെ ഇംഗ്ളീഷ് മിഡ്ഫീൽഡർ കോൾ പാമറുടെ ഇടം കാലിന്റെ മാന്ത്രിക സ്പർശമുണ്ടായിരുന്നു. ആദ്യ രണ്ടുഗോളുകളും നേടിയ പാമർ അവസാന ഗോളിന് അസിസ്റ്റും നൽകി. ക്വാർട്ടർ ഫൈനലിൽ ചെൽസി 2-1ന് പാൽമെയ്റാസിനെ തോൽപ്പിച്ചപ്പോൾ ആദ്യ ഗോൾ നേടിയതും പാമറാണ്. തുടക്കം മുതൽ ഒടുക്കംവരെയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പാമർ പ്ളേയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും നേടി.
ചെൽസിയുടെ കോൺഫറൻസ് ലീഗ് കിരീടനേട്ടത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നത് ഈ 23കാരനാണ്. ആ ഫൈനലിൽ റയൽ ബെറ്റിസിനെതിരെ 4-1ന് ചെൽസി വിജയിച്ചപ്പോൾ രണ്ട് ഗോളുകൾക്ക് പാമർ വഴിയൊരുക്കിയിരുന്നു.
കിരീടത്തിലേക്കുള്ള വഴി
പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ രണ്ടു ജയവും ഒരു തോൽവിയുമായി ഗ്രൂപ്പ് ഡിയിൽ ഫ്ളെമിംഗോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ചെൽസി പ്രീ ക്വാർട്ടറിലെത്തിയത്.
ആദ്യ മത്സരത്തിൽ ലോസാഞ്ചലസ് എഫ്.സിയെ 2-0ത്തിന് തോൽപ്പിച്ച ചെൽസി രണ്ടാം മത്സരത്തിൽ 1-3ന് ഫ്ളെമിംഗോയോട് തോറ്റു. തുടർന്ന് ടുണിസിനെ 3-0ത്തിന് കീഴടക്കിയാണ് അവസാന 16ൽ ഇടം പിടിച്ചത്.
പ്രീ ക്വാർട്ടറിൽ പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെ കീഴടക്കിയത് 4-1ന്.
ക്വാർട്ടറിൽ പാൽമെയ്റാസിനെ 2-1ന് മറികടന്നു.
സെമിയിൽ ഫ്ളുമിനെൻസിനെ തോൽപ്പിച്ചത് 2-0ത്തിന്.
ഫൈനലിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് പാരീസിനെ പറപ്പിച്ച് കിരീടധാരണം.
കിരീടാഘോഷത്തിൽ
ഡൊണാൾഡ് ട്രംപും
ക്ളബ് ലോകകപ്പ് മത്സരവിജയികൾക്ക് ട്രോഫി സമ്മാനിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെൽസി താരങ്ങളുടെ കിരീടാഘോഷത്തിലും പങ്കാളിയായി. ട്രോഫി ഏറ്റുവാങ്ങിയശേഷം ഉയർത്തിക്കാട്ടി ചെൽസി താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ട്രംപും ഒപ്പം കൂടുകയായിരുന്നു. ട്രംപിനെ അത്ര അടുത്തുകണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് കോൾ പാമർ പറയുകയും ചെയ്തു. ഫൈനൽ കാണാൻ യു.എസ് പ്രഥമ വനിത മെലാനി ട്രംപും ഉണ്ടായിരുന്നു.
ക്ളബ് ലോകകപ്പ് അവാർഡ്സ്
പ്ളേയർ ഒഫ് ദ ടൂർണമെന്റ് : കോൾ പാമർ (ചെൽസി)
ടോപ് ഗോൾ സ്കോററർ : ഗോൺസാലോ ഗാർഷ്യ (റയൽ)
ബെസ്റ്റ് യംഗ് പ്ളേയർ : ദിസിയറെ ദുവേ ( പി.എസ്.ജി)
ബെസ്റ്റ് ഗോളി : റോബർട്ട് സാഞ്ചസ് ( ചെൽസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |