നെഹ്രു കപ്പ് ഫുട്ബാൾ ടൂർണമെന്റ്, രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ, സന്തോഷ് ട്രോഫി, ഐ.എസ്.എൽ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയവയുടെ സ്ഥിരം വേദിയായിരുന്നു കൊച്ചി. മുമ്പ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ഒതുങ്ങിയിരുന്ന കൊച്ചിയുടെ കായിക സ്വപ്നങ്ങൾ മുന്നേറിയത് കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയം പടുത്തുയർത്തിയതോടെയാണ്. എന്നാൽ ഗോൾ പോസ്റ്റിലേക്ക് ഉയർത്തിയടിച്ച പന്ത് പോസ്റ്രിൽ തട്ടി തെറിക്കുന്നത് പോലെയാണ് ഇന്ന് കായിക കൊച്ചിയുടെ അവസ്ഥ. കലൂർ രാജ്യാന്തര സ്റ്റേഡിയം നോക്കുകുത്തിയായി മാറി. മഹാരാജാസ് സ്റ്റേഡിയത്തിനാകട്ടേ നിഷ്കർഷിക്കപ്പെട്ട നിലവാരമില്ല. ഇതിന്റെ ഒരു ഭാഗത്ത് ഉന്നതനിലവാരമുള്ള ഹോക്കി ടർഫ് പണിതീർത്തതു മാത്രമാണ് കായികരംഗത്ത് സമീപകാലത്തുണ്ടായ ആകെയുള്ള നേട്ടം.
പ്രതാപകാലം
84 വർഷത്തെ പാരമ്പര്യമുള്ള സന്തോഷ് ട്രോഫി ഫുട്ബാളിന്റെ പ്രാരംഭ കാലം മുതൽ കൊച്ചി പലപ്പോഴും ആതിഥേയത്വം വഹിക്കുന്നുണ്ട്. 1955-56ലാണ് കൊച്ചി ആദ്യം വേദിയായത്. പിന്നീട് നാലുവട്ടം കൂടി ഇവിടെ നടന്നു. 1973ൽ ക്യാപ്ടൻ മണിയുടെ നേതൃത്വത്തിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഉയർത്തിയത് മഹാരാജാസ് സ്റ്റേഡിയത്തിലാണ്. കലൂർ സ്റ്രേഡിയം കൂടി വേദിയാക്കി ഒടുവിൽ സന്തോഷ് ട്രോഫി കൊച്ചിയിൽ നടന്നത് 2012-13ലാണ്. അന്ന് കേരളം റണ്ണറപ്പായി.
നെഹ്രു കപ്പ് ഒരുകാലത്ത് ഇന്ത്യയുടെ അഭിമാന ടൂർണമെന്റായിരുന്നു. കാൽപന്തിലെ വമ്പന്മാരായ രാജ്യങ്ങൾ ഇതിന്റെ ഭാഗമായി കേരളത്തിന്റെ മണ്ണിലും കളിച്ചു. 1983, 1985, 1997 വർഷങ്ങളിലാണ് നെഹ്രു കപ്പ് കൊച്ചിയിലെ മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്നത്. യഥാക്രമം ഹങ്കറി, റഷ്യ, ഇറാഖ് ടീമുകൾ ജേതാക്കളായി. ചൈനയും യുഗാസ്ലാവിയയും കാമറൂണും മൊറോക്കോയുമടക്കം ഇവിടെ കളിച്ചു. ലോക ഫുട്ബോൾ ഭൂപടത്തിൽ കൊച്ചി ഇടംപിടിക്കുകയും ചെയ്തു. പിന്നീട് നെഹ്രു കപ്പ് തന്നെ ഇല്ലാതായതും ചരിത്രം.
കളിക്കളത്തിന്റെ
രാജകീയ വരവ്
നാടെങ്ങും ക്രിക്കറ്റ് ജ്വരം കൊടുമ്പിരിക്കൊണ്ട കാലഘട്ടമാണ് തൊണ്ണൂറുകൾ. രാജ്യാന്തര മത്സരങ്ങൾ നേരിൽ കാണാൻ മലയാളികളായ ഓരോ ക്രിക്കറ്റ് പേമിയും കൊതിച്ചു. എന്നാൽ നിലവാരമുള്ള വേദികളുടെ അഭാവം കാരണം അന്നെല്ലാം ക്രിക്കറ്റ് മത്സരങ്ങൾ സംസ്ഥാനത്തിന് അന്യമായി. ഈ നൈരാശ്യത്തിലേക്ക് നവ പ്രതീക്ഷയുമായാണ് കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം 1996ൽ കടന്നുവന്നത്. രാജകീയമായിത്തന്നെ. വിശാലകൊച്ചി വികസന അതോറിറ്റിയാണ് കളിക്കളം പണിതീർത്തത്. ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന ഗാലറികൾ, രാത്രി മത്സരങ്ങൾ സാദ്ധ്യമാക്കുന്ന ഫ്ലഡ് ലിറ്രുകൾ, വിശാലമായ കോമ്പൗണ്ട്... എല്ലാം കൊച്ചിക്ക് വിസ്മയമായി. 1998-2014 വരെ 9 രാജ്യാന്തര ക്രിക്കറ്റ് മാച്ചുകൾ ഇവിടെ നടന്നു. 2005 ൽ പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തിലടക്കം 6 മാച്ചുകളിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടി. ഇംഗ്ലണ്ടും, വെസ്റ്റ് ഇൻഡീസും, ആസ്ത്രേലിയയും അടക്കം പ്രമുഖ ടീമുകൾ കൊച്ചിയിൽ കളിച്ചു. എന്നാൽ ഈ വൈബ് നീണ്ടുനിന്നില്ല. ക്രിക്കറ്റ് വേദികളിൽ പിന്നീട് കൊച്ചിയെ പരിഗണിച്ചില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും ജി.സി.ഡി.എയും തമ്മിൽ വാടകയെച്ചൊല്ലിയും മറ്റുമുണ്ടായ വടംവലികളും ഇതിന് കാരണമായി. കളിക്കളം പരിപാലിക്കാനുള്ള ഭാരിച്ച ചെലവ് താങ്ങാനാകാതെ അധികൃതർ അത് മെഗാഷോകൾക്കും മറ്റും വാടകയ്ക്കു കൊടുത്തു. ടർഫ് വിക്കറ്റുകൾ തകർന്ന്. ക്രിക്കറ്റിന് യോഗ്യമല്ലാതായി. സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം നേരത്തേ തന്നെ 41,000 ആയി നിജപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ സ്വന്തമായി പുതിയൊരു സ്റ്രേഡിയത്തിനാണ് ശ്രമിക്കുന്നത്. ഇതിനായി നേരത്തേ ഇടക്കൊച്ചിയിൽ ചതുപ്പുനിലം വാങ്ങാൻ ഒരുങ്ങിയെങ്കിലും വിജിലൻസ് കേസിൽ കുടുങ്ങി. ഇപ്പോൾ നെടുമ്പാശേരിക്ക് സമീപം സ്റ്രേഡിയം പണിയാനുള്ള ശ്രമങ്ങളാണ് കെ.സി.എ നടത്തുന്നത്.
കാലക്കേടിൽ കൊച്ചി
ഐ.എസ്.എൽ മത്സരങ്ങളുടെ പൊൻതിളക്കത്തിലാണ് കലൂർ സ്റ്റേഡിയം സമീപവർഷങ്ങളിൽ പിടിച്ചുനിന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിൽ സംസ്ഥാനമെങ്ങു നിന്നും ആരാധകർ ഇവിടേയ്ക്കൊഴുകിയിരുന്നു. ഇതിനിടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഒരു വേദിയാകാൻ കഴിഞ്ഞതും സൗഭാഗ്യമായി. എന്നാൽ കഷ്ടകാലം കാത്തിരിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് കഴിഞ്ഞവർഷം തീർത്തും നിറംമങ്ങി. ആരാധകർ തന്നെ ടീമിനെ തള്ളിപ്പറഞ്ഞു. ഇരട്ടപ്രഹരം എന്നപോലെ ഇത്തവണ ഐ.എസ്.എൽ ടൂർണമെന്റ് തന്നെ അനിശ്ചിതത്വത്തിലാണ്. സംപ്രേക്ഷണാവകാശമാണ് പ്രശ്നം. ഫിഫയുടെ സുരക്ഷാ മാനദണ്ഡങ്ങളും കലൂർ സ്റ്റേഡിയത്തിന് തരിച്ചടിയായി. ചുറ്റിലുമുള്ള കടകളിൽ ഗ്യാസ് സിലിണ്ടറും മറ്റും ഉപയോഗിക്കുന്നതാണ് പ്രധാന പ്രശ്നം. അടുത്തിടെ ഒരു കഫേയിൽ ബോർമ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിക്കുകയും ചെയ്തിരുന്നു. ഉയർന്ന വാടകയുടെ പേരിൽ ഇത്തവണ 'സൂപ്പർ ലീഗ് കേരള'യുടെ സംഘാടകർ മറ്റ് വേദികൾ പരിഗണിക്കുകയും ചെയ്തോടെ രാജ്യാന്തര സ്റ്റേഡിയം അനാഥാവസ്ഥയിലാണ്.
മെട്രോ നഗരമായ കൊച്ചിയിൽ ജീവിതത്തിരക്കുകളാണ് എവിടേയും കാണാനാകുക. എന്നാൽ കളിയും വ്യായാമവും ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. നഗരത്തിലെ സ്വകാര്യ ടർഫുകളും സ്‌പോട്‌സ് ക്ലബ്ബ് സംരംഭങ്ങളും വിജയമാകാൻ കാരണമിതാണ്. ബാർസിലോന പോലുള്ള സൂപ്പർ ക്ലബുകൾ കുട്ടികളെ പരിശീലിപ്പിക്കാൻ സന്നദ്ധരുമാണ്. ഏതൊരു കായിക സമൂഹത്തിനും വലിയ ഊർജം പകരുന്നത് വലിയ ടൂർണമെന്റുകളും സ്‌പോർട്‌സ് മാമാങ്കങ്ങളുമാണ്. സ്‌പോർട്‌സ് ഹബ്ബുകളിൽ മറ്റു രീതിയിലുള്ള വികസനവും എത്തും. അതുകൊണ്ട് കായികകൊച്ചിയെ അനാഥമാക്കരുത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ടീം വർക്ക് ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |