''ഒരു ഓണക്കാലം കൂടി ആഘോഷിക്കാനുള്ള സൗഭാഗ്യം വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുകയാണല്ലോ! ഇത്രയും അളന്നുപിടിച്ചു ഞാൻ പറയുന്നതിനു കാരണം എനിക്ക് ജീവിതത്തിൽ ശുഭാപ്തി വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് ധരിക്കരുത്. ജീവിതത്തിലുണ്ടായിട്ടുള്ള വീഴ്ചകളുടെ ആഘാതങ്ങളിൽ നിന്നും കരുത്താർജ്ജിച്ച് നമ്മളെഴുന്നേറ്റതു കൊണ്ടല്ലേ, വീണ്ടും മലയാള നാടിന്റെ ദേശീയ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയുന്നത് ! അതിന്റെ സന്തോഷം നിലനിർത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, കഴിഞ്ഞവർഷം നമുക്കൊപ്പം ഓണം ആഘോഷിച്ച എല്ലാവരും ഇപ്പോഴത്തെ ആഘോഷത്തിനുണ്ടോ? ഇല്ലല്ലോ, അപ്പോൾ, സൗഭാഗ്യമല്ലേ നമുക്കു കിട്ടിയത്! ആദ്യമായി ഓണം ആഘോഷിക്കുന്ന നമ്മുടെ കുഞ്ഞോമനകൾക്ക് ഏറ്റവും സന്തോഷകരമായ ഓണം നമുക്ക് ആശംസിക്കാം.
ആദ്യമായി എന്നാണ് ഓണം ആഘോഷിച്ചത് എന്ന വിവരം വ്യക്തമായി ഓർമ്മിക്കാൻ കഴിയാത്ത വന്ദിതരായ അറുപതു കഴിഞ്ഞവരെയും നമ്മുക്ക് മറക്കാതിരിക്കാം. അപ്രകാരം, നന്മയുടെ പക്ഷത്തു നിൽക്കുന്ന എല്ലാ മനുഷ്യരുടേയുമുള്ളിൽ ഹൃദ്യമായ പുഞ്ചിരിവിരിയിക്കാനുള്ള നല്ല നിമിഷങ്ങൾ ഈ പൊന്നോണം നൽകട്ടെയെന്ന പ്രാർത്ഥനയോടെയാണ് നമുക്ക് ഓണത്തെ വരവേൽക്കേണ്ടത്! ഒരു വ്യക്തിയെ സംസ്കാര സമ്പന്നനായി സമൂഹം അംഗീകരിക്കുന്നത് അദ്ദേഹം, സമുദായ സൗഹാർദ്ദത്തിന്റെ സന്ദേശമുൾക്കൊണ്ട് പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ്. എല്ലാസുഖവും, സന്തോഷവും തനിക്കു മാത്രമെന്ന ചിന്തനയിക്കുന്ന ഒരു വ്യക്തിക്കും, എന്നും ഓണം പോലെ കഴിയുന്നവർക്കും ഇത്തരമൊരു ഓണാഘോഷത്തിന് എന്തുപ്രസക്തി!"" സദസ്യരിൽ ഓരോരുത്തരേയും വ്യക്തിപരമായി നിരീക്ഷണം നടത്തുന്ന ഒരു പ്രത്യേക ഭാവത്തിലാണ് പ്രഭാഷകൻ ഇത്രയും പറഞ്ഞത്. എന്നാൽ, സദസ്യർ തനിക്കേറ്റവും പ്രിയപ്പെട്ടതാണ് എന്ന പതിവുഭാവത്തിൽ പ്രഭാഷകൻ മാറ്റം വരുത്തിയതുമില്ല! അതിനാൽ, പ്രഭാഷകന്റെ 'ഓണസന്ദേശം" കേൾക്കുന്നതിനായിയെല്ലാവരും ശ്രദ്ധാപൂർവമിരുന്നു:
'ഓണം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഒരു ആഘോഷമാകാനാണ് സാദ്ധ്യത. ഇത്ര കൃത്യതയോടെ, ആചാരങ്ങളും, ചിട്ടവട്ടങ്ങളും നിലനിറുത്തി, സത്യത്തിന്റെ ശോഭയോടെ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു സുവർണ്ണകാലത്തിന്റെ ആത്മാർത്ഥമായ അനുസ്മരണമാണ് ഓണമെന്ന വിലയിരുത്തൽ തെറ്റില്ലയെന്നു തോന്നുന്നു! ഇതൊക്കെ നിലനിന്നിരുന്നുയെന്നു വിശ്വസിക്കപ്പെടുന്നത് സഹസ്രാബ്ദങ്ങൾക്കു മുൻപാണെന്നോർക്കണം. ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ (സി.ഇ/ബി.സി) ഓണം ആഘോഷിച്ചിരുന്നതായി സംഘകാലത്തെ തമിഴ്കാവ്യങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ലോകം ഇന്ന്, കളവിന്റെയും, വഞ്ചനയുടെയും, അക്രമങ്ങളുടെയും മുന്നിൽ വിറങ്ങലിക്കുമ്പോൾ, കള്ളവും, ചതിയുമൊന്നുമില്ലാത്ത സുന്ദരകാലം സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഉണ്ടായിരുന്നുവെന്നും, അതിന്റെ നെടുനായകത്വം ഭരണാധികാരിയായ അസുര ചക്രവർത്തി മഹാബലിക്കായിരുന്നു. പിന്നീട് ഭഗവാൻ മഹാവിഷ്ണു വാമനരൂപം പൂണ്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലത്തിലേക്ക് അയച്ചു എന്നതാണ് മൂലകഥ. ഇവിടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ലോകത്ത് ഒരു മാനവ സമൂഹത്തിലും നമ്മുടെ ഓണത്തിനു സമാനമായൊരു ഐതിഹ്യമോ, ആഘോഷമോയില്ലയെന്നതാണ്! ഞാൻ സൂചിപ്പിച്ചതുപോലെ കഴിഞ്ഞവർഷം നമുക്കൊപ്പം ഓണം ആഘോഷിച്ച നമ്മുടെ പ്രിയപ്പെട്ട എത്രയാളുകളാണ് ഒരുവർഷക്കാലത്തിനുള്ളിൽ മൺമറഞ്ഞുപോയത് എന്ന സത്യം നമ്മൾ പ്രത്യേകം ഓർക്കണം! അവരുടെ ദീപ്ത സ്മരണക്കു മുന്നിൽ നമിക്കുമ്പോൾ തന്നെ, മനുഷ്യൻ പ്രപഞ്ചത്തിലെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തനാണ് എന്ന സന്ദേശമാണ് നമുക്ക് പുതിയ തലമുറക്ക് നൽകാൻ കഴിയുന്നത്. ഞാൻ മുകളിൽ സൂചിപ്പിച്ചതുപോലെ വിവിധ കാരണങ്ങളാൽ ഓണം ആഘോഷിക്കാൻ കഴിയാത്ത മനുഷ്യരെക്കൂടി നമുക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ നമ്മൾ ശ്രമിക്കുമ്പോഴാണ് നമ്മുടെ ആഘോഷം അർത്ഥമുള്ളതാകുന്നത്. എന്നും ഓണംപോലെകഴിയുന്ന ധനികന്, തന്റെ ദിനങ്ങൾ' ഓണംപോലെ" യാക്കാനേ കഴിയുന്നുള്ളൂ, അത്, പൊന്നോണമായി മാറ്റാൻ കഴിയുന്നില്ലയെന്നും ഓർക്കണം! പ്രതീക്ഷകളാണ് മനുഷ്യന് പ്രതിസന്ധികളെ മറികടക്കാൻ ഊർജ്ജം പകർന്നിട്ടുള്ളത്! അപ്രകാരമുള്ള പ്രതീക്ഷകളോടെ എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ."" ഇപ്രകാരം പ്രഭാഷകൻ ആശംസകളോടെ പ്രഭാഷണം അവസാനിപ്പിക്കുമ്പോൾ, സദസ്യരിൽ മിക്കവരും ഒരു പ്രാർത്ഥനയിലായിരുന്നു! ഒരുസഹജീവിയുടെയെങ്കിലും പുഞ്ചിരിക്ക് തങ്ങൾ കാരണക്കാരാകണെയെന്ന ആത്മാർത്ഥമായൊരു പ്രാർത്ഥന!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |