മൂന്നു മിനിട്ട്.
ചരിത്രത്തിന്റെ ശീർഷാസനത്തിന് അത്രയും നേരം ധാരാളമായിരുന്നു.
പതിനഞ്ച്, പതിനാറ്, പതിനേഴ്...
സെയ്ഗൺ എയർപോട്ടിൽ (വിയ്റ്റ്നാം) ചെറിയൊരു മുറിയിൽ അടുക്കിവച്ചിരുന്ന പെട്ടികൾ എണ്ണിനോക്കി തലയുയർത്തിയ ബോസ്, ദേബനാഥ് ദാസിനോടും പ്രീതം സിംഗിനോടുമായി ചോദിച്ചു: 'തായ്‌ഹോകുവിലേക്കുള്ള (തായ്‌പേയ്) വിമാനത്തിൽ ഞാനും കേണൽ ഹബീബുർ റഹ്മാനുമല്ലാതെ മൂന്നാമതൊരാൾക്ക് ഇടമുണ്ടാവില്ലേ?"
മറുപടി അടുത്തുനിന്ന പൈലറ്റിന്റേതായിരുന്നു: 'ഉണ്ടാകും! അതിനു പക്ഷേ രണ്ടുമൂന്ന് പെട്ടികൾ വേണ്ടെന്നു വയ്ക്കണം; അങ്ങേയ്ക്ക് തീരുമാനിക്കാം."
തീരുമാനിക്കാൻ ആലോചന തീരെ വേണ്ടിയിരുന്നില്ല. സുഭാഷ് ചന്ദ്ര ബോസിന്റെ ശബ്ദത്തിലെ ദാർഢ്യത്തിൽ അത് വ്യക്തമായിരുന്നു താനും: 'പെട്ടികൾ മതി!"
പെട്ടികൾ ചെറുതും വലുതുമുണ്ടായിരുന്നെങ്കിലും, ഉൾക്കൊള്ളാവുന്നതിലും അധികം ഭാരംകൊണ്ട് ഓരോന്നും വീർപ്പുമുട്ടിയിരുന്നിരിക്കണം. പതിനേഴ് പെട്ടികൾ! ഓരോന്നിലെയും ഉള്ളടക്കത്തിന്റെ രഹസ്യം ബോസിന്റെ പോക്കറ്റിൽ ഭദ്രമായിരുന്നു. കോട്ടിന്റെ പോക്കറ്റിലേക്ക് കൈ തിരുകിക്കയറ്റി ബോസ് അതിൽ തെരുപ്പിടിച്ചു.
തലേന്ന്, 1945 ആഗസ്റ്റ് 16ന് ബാങ്കോക്കിൽ ആസാദ് ഹിന്ദ് സർക്കാരിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ കുടുസുമുറിയിലേക്ക് ഏറ്റവും വിശ്വസ്തരെ മാത്രം വിളിച്ചുവരുത്തിയാണ് ബോസ് പറഞ്ഞത്: 'ജപ്പാൻ കീഴടങ്ങിയിട്ട് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിരിക്കുന്നു. പക്ഷേ, ജപ്പാന്റെ അടിയറവ് ഇന്ത്യയുടെ അടിയറവല്ല. ഒരു ചോദ്യമേയുള്ളൂ- ടു ബീ, ഓർ നോട്ട് ടു ബീ?" ഒന്നു നിർത്തിയിട്ടാണ്,ബോസ് ആ വാക്യം മുഴുമിച്ചത് 'എന്റെ യുദ്ധം തുടങ്ങുന്നതേയുള്ളൂ!"
ഘടികാരത്തിലെ
യാത്രാപഥം
ഐ.എൻ.എയുടെ (ഇന്ത്യൻ നാഷണൽ ആർമി) ബാങ്കോക്കിലെ ചുമതല ജനറൽ ജെ.കെ. ഭോസ്‌ലെയ്ക്ക് കൈമാറിക്കഴിഞ്ഞ്, കൈയിലുണ്ടായിരുന്ന പണം അദ്ദേഹത്തെ ഏല്പിച്ച് ബോസ് ചട്ടംകെട്ടി: 'സൈനികർക്ക് രണ്ടുമൂന്നു മാസത്തെ ശമ്പളം മുൻകൂർ കൊടുക്കണം. പിന്നെ, ആശുപത്രി ചെലവുകൾക്കും മറ്റുമുള്ള പണമുണ്ടാകും..."
പിറ്രേന്നു രാവിലെ ബാങ്കോക്കിൽ നിന്ന് സെയ്ഗണിലേക്ക്. അവിടെ നിന്ന് വൈകുന്നേരം ജാപ്പനീസ് ബോംബറിൽ തായ്‌പേയിലേക്കുള്ള യാത്രയ്ക്കിടെ ടൂറിനിൽ രാത്രി താമസം. പുലർച്ചെ പുറപ്പെടണം. ഉച്ചയ്ക്ക് തായ്‌പേയിലെത്തി ഇന്ധനം നിറച്ച് മഞ്ചൂറിയയിലേക്ക്. പിന്നെ...? ബാങ്കോക്കിൽ വച്ചുതന്നെ എല്ലാം പിന്നെയും പിന്നെയും വെട്ടിയും തിരുത്തിയും ഉറപ്പിച്ചിരുന്നു. പക്ഷേ, ചരിത്രം നിശ്ചയങ്ങളുടെ വരുതിയിലല്ലല്ലോ.
എങ്കിലോ, അത് സംഭവങ്ങളുടെ ആഖ്യാനവുമല്ല. പെയ്തുതോർന്ന കാലത്തേക്കും, വർത്തമാനം ചരിത്രമായി പരിണമിക്കുന്ന ആ നിമിഷത്തെ സ്വാഭാവികമെന്നോണം മറികടന്ന് പിന്നത്തേക്കും, പിന്നെ എക്കാലത്തേക്കും മുന്നോട്ടും പിന്നോട്ടും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കഥാവേഗമത്രേ അത്! ചരിത്രത്തിന് സങ്കീർണതകളേതുമില്ല. അതു ചുമക്കുന്ന സങ്കീർണതകളുടെ ഭാരമത്രയും അതിന്റെ കഥാഗാത്രം രൂപപ്പെടുത്തുന്ന മനുഷ്യശിരസിന്റേതാകുന്നു!
എന്നിട്ടും ഓരോ മനുഷ്യനും ജീവിതത്തിന്റെ തിരനാടകത്തിൽ പുതിയ അദ്ധ്യായങ്ങൾ എഴുതിച്ചേർക്കുന്ന തിരക്കിലമരുന്നത് എന്തുകൊണ്ടാണ്? രംഗത്ത് ആരൊക്കെ ബാക്കിയുണ്ടാകുമെന്ന് ചരിത്രമെന്ന മഹായാഥാർത്ഥ്യത്തിനു മാത്രം ഒരുപക്ഷേ, നേരത്തേ അറിയുമായിരിക്കാം! അല്ലെങ്കിൽ, അരങ്ങത്ത് നാളെ ആരൊക്കെ ബാക്കിയുണ്ടാകണമെന്ന് നിശ്ചയിക്കുന്ന വിധിപുരുഷനും ചരിത്രമായിരിക്കുമോ?
ജപ്പാൻ കീഴടങ്ങുന്നതിനു തലേന്ന് മലയായിലെ സെറംബാനിൽ നിന്ന് ബോസ് സിംഗപ്പൂരിൽ തിരിച്ചെത്തിയിരുന്നു. ആസാദ് ഹിന്ദ് സർക്കാരിന്റെ അടിയന്തര ക്യാബിനറ്ര് യോഗത്തിൽ ഒരൊറ്റ തീരുമാനം: 'സുഭാഷ്ചന്ദ്ര ബോസ് പുറപ്പെടുക; എങ്ങോട്ടെങ്കിലും, അഥവാ എവിടേയ്ക്കും!" അന്നു രാത്രി ബോസിന്റെ ചിന്തയിൽ ഒരു ചോദ്യം മാത്രം കണ്ണടയ്ക്കാതെ കിടന്നു: എവിടേയ്ക്ക്? ഉത്തരം കിട്ടിക്കഴിഞ്ഞാകണം, പുലരാറായപ്പോഴാണ് ഉറങ്ങിയത്.
രാവിലെ, ഒരുക്കങ്ങൾ ധൃതിയിലായിരുന്നു. ഐ.എൻ.എയുടെ സിംഗപ്പൂരിലെയും മലയായിലെയും ചുമതല, ജനറൽ എം.ഇസഡ്. കിയാനിക്ക്. അത്യാവശ്യ കാര്യങ്ങൾ കഴിഞ്ഞ് ബാങ്കോക്കിലേക്ക് പുറപ്പെടുമ്പോൾ അടുത്ത ദിവസങ്ങളിലെ യാത്രാപഥങ്ങളുടെ ഭൂപടം ബോസിന്റെ മനസിൽ തെളിഞ്ഞുകിടന്നു.
അതിനും മീതെ, ഓർമ്മയിൽ ആ പതിനേഴു പെട്ടികളുടെ ചിത്രമുണ്ടായിരുന്നു, ഉറങ്ങും മുമ്പ് പരിചാരകൻ കുന്ദൻ സിംഗിനെ മാത്രം മുറിയിൽ തുടരാൻ അനുവദിച്ച് ബോസ് അകത്തുനിന്ന് വാതിൽ പൂട്ടി. ജനാലകൾ അടച്ചിട്ടുണ്ടെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തി. പെട്ടികളിൽ എന്തെന്നത്, ബോസിന്റെ നിഴലായിരുന്ന കുന്ദൻ സിംഗ് പോലും നേരിൽക്കാണുന്നത് ആ രാത്രിയിൽ! ഓരോന്ന് തുറന്നുവയ്ക്കുമ്പോഴും കുന്ദന്റെ അദ്ഭുതത്തിന് തിളക്കം കൂടുന്നത് ആ കണ്ണുകളിൽ തിരിച്ചറിയാം. സ്വർണാഭരണങ്ങൾ, രത്നങ്ങൾ, വജ്രങ്ങൾ, വൈഡൂര്യം... തെക്കു കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ നാഷണൽ ആർമിക്ക് കിട്ടിയ സംഭാവനകൾ!
ഇന്ത്യയുടെ ആദ്യ
ചാരവനിത
മടിച്ചുമടിച്ച് കുന്ദൻ സിംഗ് ചോദിച്ചു: 'ചന്ദ്രാജീ, റംഗൂണിൽ (ബർമ്മ) വച്ച് ആ കൊച്ചു പെൺകുട്ടി സമ്മാനിച്ച ആഭരണങ്ങളുമുണ്ടോ, ഇതിലെങ്ങാനും?" ബോസ് ഒരു ചെറിയ പെട്ടിയെടുത്ത് കുന്ദനു നേരെ നീട്ടി. അതിനു മുകളിൽ അവളുടെ പേരെഴുതിയ കടലാസുതുണ്ട് ഒട്ടിച്ചിരുന്നു- സരസ്വതി രാജാമണി! അതൊരു കഥയാണ്. ഒരിക്കൽ റംഗൂണിൽ വച്ച് ബോസിന്റെ പ്രസംഗം കേൾക്കാനെത്തിയവർക്ക് ഒപ്പമുണ്ടായിരുന്ന പതിനാറുകാരി. റംഗൂണിലെ അതിസമ്പന്നനായ ഖനി മുതലാളിയുടെ മകൾ. ബോസിന്റെ പ്രസംഗത്തിൽ കോരിത്തരിച്ച സരസ്വതി, അണിഞ്ഞിരുന്ന ആഭരണങ്ങൾ മുഴുവൻ ഊരിയെടുത്ത് ആ കാൽക്കൽ വച്ച് നമസ്കരിച്ചു.
അന്നത്തെ സംഭാവനകളുടെ കൂട്ടത്തിൽ അതും ബോസിന്റെ ഓഫീലെത്തിയെങ്കിലും, കണക്കു പുസ്തകത്തിൽ എഴുതിച്ചേർക്കാൻ കൈയിലെടുത്തപ്പോൾ വിടർന്ന രണ്ടു കണ്ണുകൾ അതിൽ ബോസ് കണ്ടു; ധീരതയുടെ തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളെയും! പുസ്തകം മടക്കിവച്ച് ആ വിലാസം അന്വേഷിച്ചിറങ്ങി. അത് തിരികെ കൊടുത്തില്ലെങ്കിൽ ഉറക്കം വരില്ലെന്നു തോന്നി.
പതിനാറാം വയസിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പെൺകുട്ടി കാണുന്ന സ്വപ്നത്തിനുണ്ട്, അവളുടെ ആഭരണങ്ങളെക്കാൾ തിളക്കം! പക്ഷേ, എത്ര നിർബന്ധിച്ചിട്ടും സരസ്വതി അതു തിരികെ സ്വീകരിച്ചില്ല: 'ബോസ്ജീ, ഈ സ്വർണം ഭൂമിദേവിയുടേതാണ്. ഞാൻ അത് ഭാരതാംബയുടെ കൈകളിൽ മടക്കിയേല്പിക്കാൻ ആഗ്രഹിക്കുന്നു! അങ്ങയുടെ കൈയിൽ അത് സുരക്ഷിതമായിരിക്കുമല്ലോ..."
ഒടുവിൽ ബോസ് ഒന്നുചെയ്തു- ഐ.എൻ.എയുടെ 'റാണി ഒഫ് ജാൻസി റജിമെന്റി"ലേക്ക് അവളെ റിക്രൂട്ട് ചെയ്തു! മിലിട്ടറി ഇന്റലിജൻസ് വിംഗിന്റെ കൂടി ഭാഗമായിരുന്ന സരസ്വതി രാജാമണി അങ്ങനെ പതിനാറാം വയസിൽ, ഇന്ത്യയുടെ ആദ്യ ചാരവനിത! യുദ്ധകാലത്ത്, കൽക്കട്ടയിലെ ബ്രിട്ടീഷ് സൈനിക ക്യാമ്പുകളിൽ പരിചാരക വേഷത്തിൽ നുഴഞ്ഞുകയറി. ചിലപ്പോൾ ആൺകുട്ടിയുടെ വേഷത്തിൽ, ചിലപ്പോൾ നർത്തകിയുടെ ചമയങ്ങളിൽ...
ഒരിക്കൽ തിരിച്ചറിയപ്പെട്ട നിമിഷം, കാലിൽ വെടിയേറ്റിട്ടും അവൾ പിടിക്കപ്പെടാതെ മറഞ്ഞുകളഞ്ഞു. കുന്ദൻ സിംഗിനോട് ആ കഥ പറയുമ്പോൾ, ഒരിക്കലും നിറഞ്ഞുകണ്ടിട്ടില്ലാത്ത ബോസിന്റെ കണ്ണുകൾ നനഞ്ഞിരുന്നു. നെഞ്ചിൽ നിന്ന് ഇരമ്പിയുയർന്ന തിരമാലകളെ കണ്ഠനാളത്തിൽ അമർത്തിപ്പിടിക്കാൻ പാടുപെടുകയായിരുന്നു അപ്പോൾ കുന്ദൻ. ആ രാത്രിയിൽ ബോസ് ഉറങ്ങിയിട്ടും, കുന്ദൻ സിംഗിന് ഉറക്കം വന്നതേയില്ല.
സ്വാതന്ത്ര്യം മാത്രം സ്വപ്നം കണ്ടിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ നിദ്രകളിൽ മിലിട്ടറി ബൂട്ടുകളുടെ ഗർജ്ജനമല്ലാതെ ഒരിക്കലും ഒരു മുഖം കടന്നുവന്നില്ല. എന്തുകൊണ്ടോ അന്ന്, പെയ്തുതോരാത്ത വാത്സല്യത്തിന്റെ ഒരു മേഘാംബരം ഓർമ്മകളുടെ അടരുകളിൽ തെളിഞ്ഞു. മെല്ലെ മെല്ലെ അതിലൊരു ചന്ദ്രബിംബം ഉദിച്ചുവന്നു- പ്രഭാവതി ബോസ്.
അമ്മ പറഞ്ഞ
കഥകൾ
ആ കത്ത് ബോസ് ഒരിക്കലും മറന്നില്ല; അമ്മയുടെ കത്ത്!
ഇംഗ്ളണ്ടിൽ ഐ.സി.എസിന്റെ അവസാന പരീക്ഷ നാലാം റാങ്കിൽ പാസായിട്ടും, സിവിൽ സർവീസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജ്യേഷ്ഠൻ ശരച്ചന്ദ്ര ബോസിന് എഴുതിയ കത്തു വായിച്ച് കൽക്കട്ടയിലെ വീട്ടിലുണ്ടായ ഭൂകമ്പമെല്ലാം കഴിഞ്ഞ്, അച്ഛൻ ഉറങ്ങിയെന്ന് തീർച്ചയായപ്പോൾ അമ്മ തിടുക്കത്തിലെഴുതിയ കത്ത്: 'മോനേ, ശരച്ചന്ദ്രന് നീ എഴുതിയ കത്തു വായിച്ചപ്പോൾ തോന്നിയതിനേക്കാൾ സന്തോഷം ജീവിതത്തിൽ അമ്മ അനുഭവിച്ചിട്ടില്ല! അച്ഛനും ജ്യേഷ്ഠനും വിചാരിക്കുന്നതോ പറയുന്നതോ ഒന്നും സാരമില്ല. അമ്മയ്ക്കിഷ്ടം, അമ്മയുടെ മകൻ ഗാന്ധിയുടെ വഴിയേ നടക്കുന്നതാണ്. എന്റെ മനസിൽ നിന്ന് ഒരു ഭാരം തോർന്നതുപോലെ..."
മകന് ഒരു ശിക്ഷ വിധിക്കുംപോലെ അച്ഛൻ തീരുമാനിച്ചതായിരുന്നു ഇംഗ്ളണ്ടിലെ ഇന്ത്യൻ സിവിൽ സർവീസ് (ഐ.സി.എസ്) പഠനം. ഒപ്പം കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ഒരു കോഴ്സും പൂർത്തിയാക്കണം. കൽക്കട്ട പ്രസിഡൻസി കോളേജിൽ, വിദ്യാർത്ഥികളെ മൃഗതുല്യം കണ്ടിരുന്ന ഹിസ്റ്ററി പ്രൊഫസർ ഇ.എഫ്. ഓട്ടനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ സംഘത്തിൽ ഉൾപ്പെട്ടതിന് യൂണിവേഴ്സിറ്റിയിൽ നിന്നുതന്നെ പുറത്താക്കപ്പെട്ടതിനുള്ള കഠിനശിക്ഷ.
മക്കളെ ബ്രിട്ടീഷ് മൂശയിൽ, ഇംഗ്ളീഷിന്റെ ലോഹച്ഛായയിൽ വാർക്കാൻ നിശ്ചയിച്ച്, അവരെ യൂറോപ്യന്മാരും ആംഗ്ളോ ഇന്ത്യക്കാരും മാത്രം പഠിക്കുന്ന ബാപ്റ്റിസ്റ്റ് മിഷൻ സ്കൂളിൽ പഠിപ്പിച്ച അച്ഛൻ എങ്ങനെ സഹിക്കും, 'തലതിരിഞ്ഞ" പുത്രൻ ബ്രിട്ടീഷുകാരനായ പ്രൊഫസറെ ചെരിപ്പുകൊണ്ടടിച്ച കേസിൽ പ്രതിയാകുന്നത്? അക്കൂട്ടത്തിൽ ബോസിന്റെ മുഖം പ്രൊഫസർ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും ഒരു അറ്റൻഡർ കണ്ടു! മനസ്സുഖമല്ലാതെ മറ്റൊരു പ്രയോജനവും അയാൾക്കില്ലാതിരുന്ന ഒരു ഒറ്റിക്കൊടുപ്പ്.
അച്ഛനു മുന്നിൽ ഇംഗ്ളീഷ് മാത്രമേ സംസാരിക്കാവൂ. എങ്കിലും ജാനകീനാഥ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ബോസ് അമ്മയോട് ബംഗാളിയിൽ സംസാരിച്ചു. അമ്മ അവനെ പൂജാമുറിയിലെ കാളീവിഗ്രഹത്തിനു മുന്നിലിരുത്തി ദാരിക നിഗ്രഹത്തിന്റെ പുരാണം പറഞ്ഞു. രാമായണത്തിലെയും മഹാഭാരതത്തിലെയും ധീരനായകരുടെ വീരചരിതം പറഞ്ഞുകൊടുത്തു. കഥകളുടെ മടിത്തട്ടിലുറങ്ങവേ അവൻ ധീരയോദ്ധാക്കളുടെ പോർവിളി കേട്ടുണർന്നു, മഹായുദ്ധങ്ങളുടെ കുഴൽവിളികൾക്കു മുന്നിൽ അവന്റെ സ്വപ്നശിരസ് ഉദ്ധൃതമായി നിന്നു!
ജീവിക്കണമോ,
മരിക്കണമോ?
അച്ഛൻ വീട്ടിലെത്തില്ലെന്ന് തീർച്ചയുള്ള രാത്രികളിൽ ബോസ് മുകൾനിലയിലെ മുറിയിൽ, അലമാരകളിൽ തിങ്ങിനിറഞ്ഞിരുന്ന ഇംഗ്ളീഷ് സാഹിത്യത്തിനു മുന്നിൽ ഉറങ്ങാതിരിക്കും- മിൽട്ടൺ, വില്യം കൂപ്പർ, മാത്യു ആർനോൾഡ്, ഷേക്സ്‌പിയർ...:! ഒരു ദിവസം കോളേജിലെ സുഹൃത്തിനോട് അവൻ പറഞ്ഞു: 'ജീവിതത്തിൽ ഓരോരുത്തരും ഉത്തരം കണ്ടെത്തേണ്ട ചോദ്യം എനിക്കു കിട്ടി! ഇന്നലെ രാത്രിയാണ് ഞാൻ 'ഹാംലെറ്റ്" വായിച്ചത്. ഹാംലെറ്റ് രാജകുമാരൻ സ്വയം ചോദിച്ചു: ടു ബി, ഓർ നോട്ട് ടു ബി? ദാറ്റിസ് ദ ക്വസ്റ്റ്യൻ..."
ഐ.സി.എസ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അച്ഛൻ ജാനകീനാഥിനും ജ്യേഷ്ഠൻ ശരച്ചന്ദ്ര ബോസിനും തുടരെ എഴുതിയ കത്തുകളിൽ ഒടുവിലത്തേത് ഇങ്ങനെയായിരുന്നു: 'പ്രിയപ്പെട്ട ജ്യേഷ്ഠന്, എന്നെപ്പോലെ ഭ്രാന്തൻ സ്വപ്നങ്ങൾ കാണുന്ന ഒരുത്തന് ദുർബലമായ പ്രതിരോധത്തിന്റെ പാത ഒരുതരത്തിലും പിന്തുടരാവുന്നതല്ല. ഭാവിയെക്കുറിച്ച് ലോകത്തോളം വലിയ പ്രതീക്ഷകളൊന്നും മനസിൽ സൂക്ഷിക്കാത്തവനെ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾ ഭയപ്പെടുത്തുന്നുമില്ല. ഐ.സി.എസിന്റെ ചങ്ങലകളിൽ ഒരാൾ സ്വരാജ്യത്തെ പൂർണമായ അർത്ഥത്തിൽ എങ്ങനെ സേവിക്കുവാനാണ്?"
ലണ്ടനിലായിരിക്കുമ്പോഴും, സ്വാതന്ത്ര്യത്തിനായുള്ള വാഞ്ഛയിൽ ഇന്ത്യയുടെ ഹൃദയം വിറകൊള്ളുന്നത് ബോസ് അറിഞ്ഞുകൊണ്ടേയിരുന്നു. നിസഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണവുമായി ഗാന്ധിജി തെക്കേയിന്ത്യയിലെമ്പാടും സഞ്ചരിച്ച കാലം (1921). ജാലിയൻവാലാബാഗിന്റെ (1919) നീറ്റൽ ബോസിന്റെ ഹൃദയത്തിൽ ഉരുകിയുരുകി രക്തം വമിക്കുന്ന അഗ്നിപർവതമായി പുകഞ്ഞുതുടങ്ങിയിരുന്നു. ബംഗാളിൽ, സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഒന്നാംനിരയിലുണ്ടായിരുന്ന ദേശബന്ധു ചിത്തരഞ്ജാൻ ദാസിനെ (സി.ആർ. ദാസ്) കുറേക്കാലമായി അറിയാം. ദാസാണ് പറഞ്ഞത്: 'എന്തായാലും ഐ.സി.എസ് ഉപേക്ഷിച്ച് സ്വരാജ്യത്തിനായി പോരാടാൻ നിശ്ചയിച്ചുവല്ലോ. കൽക്കട്ടയിലെത്തി ഗാന്ധിയെ നേരിൽക്കാണുക."
അച്ഛന്റെ ഐ.സി.എസ് നിർബന്ധത്തിൽ ലണ്ടനിലേക്ക് നാടുകടത്തപ്പെട്ട സുഭാഷ് ചന്ദ്ര ബോസ് 1921 ജൂലായ് 16-നു രാവിലെ മുംബയിൽ കപ്പലിറങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത് കേംബ്രിജിൽ നിന്നുള്ള മൂന്നാംക്ളാസ് ബിരുദ സർട്ടിഫിക്കറ്റ് മാത്രം. വയസ് ഇരുപത്തിനാല്. ഗാന്ധിയെ എപ്പോൾ കാണാനാകുമെന്നായിരുന്നു, സി.ആർ ദാസിനോട് ബോസിന്റെ ഒന്നാം ചോദ്യം. അടുത്ത ദിവസംതന്നെ കൂടിക്കാഴ്ചയ്ക്ക് മുംബയിൽ അവസരമൊരുങ്ങി.
സമുദ്രങ്ങളുടെ
സംഗമനേരം
മുംബയ് ലൈബർനം റോഡിൽ, മഹാത്മാഗാന്ധിയുടെ വസതി- 'മണി ഭവൻ." ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സുഭാഷ്ചന്ദ്ര ബോസ് വർഷങ്ങൾക്കു ശേഷം എഴുതി: 'ചോദ്യങ്ങളായിരുന്നു എന്റെ മനസു നിറയെ. സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് അങ്ങ് ഉദ്ദേശിക്കുന്നത്? സഹന സമരത്തിന്റെ വിജയസാദ്ധ്യതയെക്കുറിച്ച് അങ്ങ് ചിന്തിച്ചിട്ടുണ്ടോ? ബ്രിട്ടീഷ് സൈനികരുടെ മൃഗീയതകളോട് നമ്മൾ നിശബ്ദരായി മറുപടി പറഞ്ഞാൽ മതിയോ? സമരം എത്രകാലം തുടരേണ്ടിവരുമെന്ന് അങ്ങേയ്ക്ക് നിശ്ചയമുണ്ടോ? സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ എങ്ങനെയാകണമെന്ന് അങ്ങ് തീരുമാനിച്ചിട്ടുണ്ടോ?..."
'എനിക്ക് ബോദ്ധ്യപ്പെടുന്നവയായിരുന്നില്ല ഗാന്ധിയുടെ പല മറുപടികളും. എന്റെ ചോദ്യങ്ങൾ തിരകൾ പോലെ വന്നുകൊണ്ടേയിരുന്നു. ഉത്തരം പറയേണ്ടയാൾ ദൂരെ, കടലിലേക്കു നോക്കിയിരിക്കുന്നതു പോലെ തോന്നി. മറുപടികളിൽ പലതിനും വ്യക്തതയില്ലായിരുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിത്രത്തിന് തെളിച്ചം പോരായിരുന്നു. ലക്ഷ്യത്തിനായി സ്വീകരിക്കുന്ന മാർഗത്തെക്കുറിച്ചും ബോദ്ധ്യം പോരെന്നു തോന്നി. ഒന്നെനിക്ക് തീർച്ചയായിരുന്നു- ഇതല്ല ഞാൻ ആഗ്രഹിച്ചതും, ഇങ്ങനെയൊരാളെയല്ല പ്രതീക്ഷിച്ചതും. നിർഭാഗ്യവശാൽ ഈ മനുഷ്യൻ എന്നെ നിരാശപ്പെടുത്തുകയും അതൃപ്തനാക്കുകയും ചെയ്യുന്നുവല്ലോ!"
'മണി ഭവനി"ൽ ആ കൂടിക്കാഴ്ച അവസാനിക്കുമ്പോൾ ഗാന്ധിയുടെ മനസിലും അതുതന്നെയായിരുന്നു: ഇരുപത്തിനാലാം വയസിൽ ഒരു ചെറുപ്പക്കാരന്റെ തലയ്ക്ക് ഇത്രയും ഭ്രാന്ത് മൂക്കുമോ? തന്റെ ലായത്തിൽ കെട്ടാവുന്ന കുതിരയല്ല ബോസ് എന്നു തിരിച്ചറിഞ്ഞ് ഗാന്ധി പറഞ്ഞു: 'ബോസ് ഒരു കാര്യം ചെയ്യൂ- ചെന്ന് സി.ആർ. ദാസിനെത്തന്നെ കാണുക. ദാസ് പറയും, എന്തു ചെയ്യണമെന്ന്." പിന്നീട് നേതാജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആവുകയും (1938- 1939), അവസാനം വരെയും പരസ്പരം ബഹുമാനിക്കുകയും ചെയ്തിരുന്നെങ്കിലും അവരുടെ വഴി അവിടെവച്ചു തന്നെ പിരിയുകയായിരുന്നു! ഇരുപത്തിയേഴു വർഷങ്ങളുടെ പ്രായവ്യത്യാസമായിരുന്നോ, സ്വാതന്ത്ര്യം എന്ന പദത്തിന് രണ്ട് അർത്ഥം എഴുതിയത്? സ്വാതന്ത്ര്യം എന്ന സ്വപ്നത്തിനും, സ്വാതന്ത്ര്യം എന്ന അനുഭവത്തിനും അർത്ഥഭേദം വന്നത് ചരിത്രത്തിന്റെ ഏതു നിഘണ്ടുവിലാണ്?
മരണം എന്നതിന് ഒരാൾ ഇല്ലാതെയാകുന്നു എന്നല്ല ചരിത്രപുസ്തകം പറയുന്ന അർത്ഥം; ഒരു മരണം ഇതാ, ഒരുപാട് കഥകളുടെ ഗതി മാറ്റുവാൻ പോകുന്നു എന്നാണ്! നായകൻ മരിച്ചില്ലായിരുന്നുവെങ്കിൽ എന്നൊരു വൃഥാവിചാരത്തിന് ചരിത്രം അര മാർക്കു പോലും തരില്ല! കാരണം, രംഗത്ത് കഥാപാത്രത്തിന്റെ അസാന്നിദ്ധ്യം ഒരു യാഥാർത്ഥ്യമാണ്. സുഭാഷ് ചന്ദ്ര ബോസിന്റെ കഥയിലാകട്ടെ, രേഖപ്പെടുത്തപ്പെട്ട മരണം പോലും പിന്നീട് എത്രയോ കാലം സംശയങ്ങളുടെ പുകമഞ്ഞിൽ മൂടിക്കിടന്നു!
1945 ആഗസ്റ്റ് പതിനെട്ടിന് ബോസിന്റെ 'തിരോധാന"ത്തിനു ശേഷം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും നാലു വർഷങ്ങൾക്കു ശേഷം 1949-ൽ ഒരിക്കൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനോട് ശരച്ചന്ദ്ര ബോസ് ചോദിച്ചു: കഴിഞ്ഞ നാലു വർഷങ്ങളെ മറന്നേക്കുക; സുഭാഷ് ചന്ദ്ര ബോസ് ഇപ്പോൾ തിരികെ വന്നാൽ അങ്ങ് എന്തു ചെയ്യും?
നെഹ്‌റു: 'ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കും."
ചരിത്രത്തിന് പിന്നെയും പലതും സംഭവിക്കുമായിരുന്നിരിക്കാം. ഇന്ത്യാ- പാക് വിഭജനം ഒഴിവാകുമായിരുന്നിരിക്കാം, ഇന്ത്യയുടെ വിദേശനയത്തിന് പുതിയ ഭൂപടം വരയ്ക്കപ്പെടുമായിരുന്നിരിക്കാം. ഇന്ത്യൻ സാമ്പത്തിക നയത്തിന് മറ്റൊരു മുഖമായിരുന്നേക്കാം, ഇന്ത്യൻ സൈനികഘടന മറ്റൊരു വിധമായിരുന്നേക്കാം. സ്വാതന്ത്ര്യത്തിന്റെ അർത്ഥംതന്നെ മറ്റൊന്നാകുമായിരുന്നിരിക്കാം! ഇന്ത്യാ വിഭജനത്തിനു ശേഷം മുഹമ്മദലി ജിന്ന പറഞ്ഞത് ഇങ്ങനെയാണ്: 'എനിക്ക് ഒരാളെ മാത്രമേ ഇന്ത്യയിൽ നേതാവായി അംഗീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. അത് സുഭാഷ് ചന്ദ്ര ബോസ് ആണ്!"
പിന്നെയും കുറേ വർഷം കഴിഞ്ഞ്, 1956-ൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ളമന്റ് ആറ്റ്‌ലിക്കു നല്കിയ വിരുന്നിനിടെ കൽക്കട്ടാ ഗവർണർ കയ്പേറിയ ഒരു ചോദ്യം ചോദിച്ചു: 'അന്ന്, 1947-ൽ ഇന്ത്യയിൽ നിന്ന് താങ്ങാനാകാത്ത സമ്മർദ്ദമൊന്നുമില്ലാതിരുന്നിട്ടും മടങ്ങിപ്പോകാൻ നിങ്ങൾ ബ്രിട്ടീഷുകാർ തീരുമാനിച്ചത് എന്തുകൊണ്ടാണ്?" ചായക്കപ്പിലേക്ക് തൂവാൻ കൈയിലെടുത്ത ഷുഗർ പായ്ക്കറ്റ് പ്ളേറ്റിലേക്കുതന്നെ തിരികെവച്ച് ആറ്റ്ലി പറഞ്ഞു: 'ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ- സുഭാഷ് ചന്ദ്ര ബോസ്!"
ചരിത്രം ഒരു യാഥാർത്ഥ്യമെന്നതു പോലെ, ചിലപ്പോഴെങ്കിലും ഒരു തമാശയുമാണ്. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞ്, ഒരു പുഴ അപ്പാടെ വഴിമാറി ഒഴുകിക്കഴിഞ്ഞ്, ഒരു ഭൂപടം തന്നെ മറ്റൊന്നായിക്കഴിഞ്ഞ്, ഒരിക്കലും തിരുത്തിയെഴുതാനാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചരിത്രം അതിനെ സ്വയം വായിക്കും. ചില ദീർഘനിശ്വാസങ്ങൾ, സങ്കടങ്ങൾ, സന്ദേഹങ്ങൾ...! അങ്ങനെയൊരു രണ്ടാം വായനയിലായിരിക്കാം ചരിത്രം ഇങ്ങനെയും ഓർത്തുനോക്കിയത്: സുഭാഷ് ചന്ദ്ര ബോസ് തിരിച്ചുവന്നിരുന്നെങ്കിലോ!
1945 ആഗസ്റ്റ് 17.
വൈകുന്നേരം 5.30.
ജാപ്പനീസ് ഇംപീരിയൽ ആർമിയുടെ കി- 21 ഹെവി ബോംബർ വിമാനത്തിന് 750 കിലോഗ്രാം ബോംബ് വഹിച്ച് പറക്കാൻ ശേഷിയുണ്ടായിരുന്നു. പക്ഷേ, ആ പതിനൊന്നു പേരുടെയും പതിനേഴ് പെട്ടികളുടെയും ഭാരവുമായി ആകാശത്ത് 'അവൻ" നന്നേ ബുദ്ധിമുട്ടിയിരിക്കണം. പുറപ്പെട്ടപ്പോൾ മുതൽ വിമാനത്തിന്റെ എൻജിൻ ഒരു മുരൾച്ചകൊണ്ട് അതിന്റെ 'ജോലിഭാര"ത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ടിരുന്നു.
സെയ്ഗണിൽ നിന്ന് കിതച്ചും തുമ്മിയും ടൂറിനിൽ എത്തുംവരെ പൈലറ്റിന്റെ മനസിൽ തീയായിരുന്നു. ഇതിന്റെ ഭാരം എങ്ങനെ കുറയ്ക്കും? രാത്രിയുറക്കിന് എല്ലാവരും മുറിയിലേക്കു പൊയ്ക്കഴിഞ്ഞ് പൈലറ്റ് ഒരു 'അഴിച്ചുപണി"യിലേക്കു പ്രവേശിച്ചു- ബോംബറിൽ ഘടിപ്പിച്ചിരുന്ന വിമാനവേധ തോക്കുകൾ, മെഷീൻ ഗണ്ണുകൾ, മറ്റ് ആയുധങ്ങൾ... എല്ലാം ഊരിമാറ്റിയപ്പോൾ കഷ്ടിച്ച് ശ്വാസംവിടാമെന്നായി! ആരും ഒന്നുമറിഞ്ഞില്ല.
ചരിത്രം ചിലത്
തീരുമാനിക്കും
ആഗസ്റ്ര് 18.
ടൂറിനിലെ രാത്രിവിശ്രമം കഴിഞ്ഞ്, പുലർച്ചെ പുറപ്പെട്ട് ഉച്ചയോടെ തായ്‌പേയിൽ. ഫുൾ ടാങ്ക് ഇന്ധനം നിറച്ച്, മഞ്ചൂറിയയിലെ ദയ്റനിലേക്ക് (ഇന്നത്തെ ചൈനീസ് നഗരമായ ദാലിയൻ). അതിനപ്പുറം 'ഫൈനൽ ഡെസ്റ്റിനേഷൻ" ഏതായിരുന്നുവെന്നത് അജ്ഞാതം. കേണൽ ഹബീബുർ റഹ്‌മാൻ ചോദിച്ചിട്ടുപോലും ബോസ് അത് പറഞ്ഞുമില്ല. ബോസിന്റെ കണക്കുകൂട്ടലുകളിൽ എല്ലാം ഭദ്രമായിരുന്നു...
രണ്ട് പൈലറ്റുമാർക്കു പിന്നിൽ വലതുവശത്ത്, ഇന്ധന ടാങ്കിനോടു ചേർന്നായിരുന്നു ബോസിന്റെ ഇരിപ്പ്. ഇടതു സീറ്റിൽ ജനറൽ സിദേയി. ബോസിനു തൊട്ടു പിന്നിൽ ഹബീബുർ റഹ്മാൻ. സിദേയിയുടെ പിന്നിലെ സീറ്റിൽ ലഫ്. കേണൽ സകായി... പിന്നെ, മേജർ കോണോ, ലഫ്. കേണൽ നോനഗാകി, ക്യാപ്റ്റൻ അരായ്, ഏറ്റവും പിന്നിലായി രണ്ട് വ്യോമസേനാ ജീവനക്കാർ... വിമാനത്തിന്റെ മുരൾച്ചയ്ക്ക് കനം കൂടിയപ്പോൾ ബോസ് പുറത്തേക്കു നോക്കി. ഉച്ചവെയിൽ അതിന്റെ ഉരുകുന്ന വിരലുകൾ റൺവേയിൽ അമർത്തി വരച്ചുകൊണ്ടിരുന്നു.
അമ്മ സമ്മാനിച്ച, ഗോൾഡൻ കെയ്സ് ഉള്ള 'ഒമേഗാ" സ്വിസ് വാച്ചിൽ ബോസ് സമയം നോക്കി: 2.35, ദയ്‌റനിൽ എത്തുന്ന സമയം മനസിലോർത്ത്, ആ പതിനേഴ് പെട്ടികൾക്കിടയിലൂടെ കാൽ ഒന്നു നീട്ടിവയ്ക്കാൻ ഇത്തിരി ഇടം തിരയുകയായിരുന്നു, ബോസ്. ചരിത്രത്തിന്റെ ഘടികാരത്തിനുമുണ്ടായിരുന്നു ചില ഗണിതക്രിയകൾ.
ടേക്ക് ഓഫ് സിഗ്നൽ കിട്ടി, വിമാനത്തിന്റെ ചക്രങ്ങൾ ഉരുണ്ടുതുടങ്ങി കഷ്ടിച്ച് മൂന്നു മിനിട്ടേ പിന്നിട്ടിരുന്നുള്ളൂ. ജാപ്പനീസ് കി- 21 ഹെവി ബോംബർ വേഗമെടുത്ത് റൺവേയിൽ നിന്നു പൊങ്ങി മുപ്പത് മീറ്റർ മാത്രം ഉയരെ. ആകാശം പിളരുംപോലെ ഒരു മുഴക്കം. എൻജിനിൽ നിന്ന് തുടരെ മൂന്ന് പൊട്ടിത്തെറികൾ. ചിറകൊടിഞ്ഞ പക്ഷിപോലെ അത് റൺവേയിലേക്ക് മൂക്കുകുത്തി രണ്ടായി പിളർന്നു. കോൺക്രീറ്റ് തറയിൽ ഉരസിയ ഇന്ധനടാങ്കിനെ അഗ്നിശലഭങ്ങൾ പൊതിഞ്ഞു. പിന്നെ, ആ ശലഭങ്ങൾ ഒന്നിച്ചുചേർന്ന് അഗ്നിയുടെ വലിയൊരു സ്തൂപമായി വിമാനത്തെ വിഴുങ്ങാൻ തുടങ്ങി...
ചരിത്രം അപ്പോൾ ഷേക്‌സ്പിയറുടെ 'ഹാംലെറ്റ്" വായിക്കുകയായിരുന്നു: 'ടു ബി, ഓർ നോട്ട് ടു ബി? ദാറ്റീസ് ദ ക്വസ്റ്റ്യൻ..."
(അടുത്ത ലക്കത്തിൽ അവസാനിക്കും. ലേഖകന്റെ മൊബൈൽ: 99461 08237)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |