സംസ്ഥാനത്ത് കുട്ടികളും മുതിർന്നവരുമടക്കം കാണാതാവുന്നവരുടെ എണ്ണം വർഷംതോറും കൂടിവരികയാണ്. 2020 മുതൽ ഈ വർഷം ജൂലായ് വരെ സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 60,038 ആണ്. 2020ൽ 8,742 പേരെ കാണാതായതുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. 2021ൽ കേസുകളുടെ എണ്ണം 9713 ആയി വർദ്ധിച്ചു. 2022, 2023, 2024 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 11,259, 11,760, 11,879 എന്നിങ്ങനെയാണ്. ഈ വർഷം ജൂലായ് വരെ 6667 പേരെ കാണാതായതുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു. എല്ലാ വർഷവും കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ ഇന്ത്യയിൽ മൂന്നുലക്ഷത്തോളം കുട്ടികളെ കാണാതായിട്ടുണ്ടെന്നും കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. ഇവരിൽ 36,000 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
നാടുവിടുന്നവരും കുറവല്ല
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ കാണാതായവരുടെ പട്ടികയിലുണ്ട്. സംസ്ഥാനത്ത് കാണാതാവുന്നവരിൽ കൂടുതലും 15നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീകളും കുട്ടികളുമാണ്. മാനസിക വിഭ്രാന്തി മൂലം വീടുവിട്ട് പോകുന്നവർ, തട്ടിക്കൊണ്ടുപോകപ്പെട്ടവർ എന്നിവരെ കൂടാതെ മോശപ്പെട്ട ജീവിത സാഹചര്യങ്ങൾക്കൊണ്ടും ശിഥിലമായ കുടുംബാന്തരീക്ഷം മൂലവും നാട് വിടുന്നവരുണ്ട്. മാത്രമല്ല, അച്ഛനമ്മമാരോട് പിണങ്ങി കൂട്ടുകാർക്കൊപ്പം വീട് വിട്ടിറങ്ങുന്നവരുമുണ്ട്. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം, പഠന സമ്മർദ്ദം, സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള ബന്ധങ്ങൾ, എടുത്തുചാട്ടം, അശാന്തമായ കുടുംബാന്തരീക്ഷം എന്നിവയും പ്രധാന കാരണങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും പോകവേ കാണാതായവരുടെ എണ്ണവും കുറവല്ല.
പ്രണയത്തിൽ കുടുങ്ങി വീട് വിട്ടുപോകുന്നവരാണ് കൂടുതൽ. കാണാതാവുന്ന കുട്ടികളിൽ പലരും ഭിക്ഷാടന മാഫിയകളുടെ കൈകളിലെത്തുന്നു എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
കുടുംബത്തിന്റെ പങ്ക്
കുട്ടികളെ കാണാതാവുന്നതിൽ അവരുടെ കുടുംബ സാഹചര്യങ്ങളുടെ പങ്ക് വളരെ വലുതാണ്. കാണാതായവരിൽ പലരെയും പിന്നീട് കണ്ടെത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തവരുമുണ്ട്. പലപ്പോഴും നിസാര പ്രശ്നങ്ങൾക്ക് വീട്ടിൽ നിന്നിറങ്ങി പോകുന്ന കുട്ടികളുടെ എണ്ണം ഇന്ന് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. വളരെ ലളിതമായി പറഞ്ഞ് തീർക്കേണ്ട പ്രശ്നങ്ങളെ വരെ മനസിലിട്ട് ചിന്തിച്ച് കൂട്ടി വലുതാക്കുന്ന പ്രവണതകളാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള നിരവധി കേസുകൾ മാദ്ധ്യമങ്ങളിലൂടെ നാം കാണുന്നുണ്ട്. കാണാമറയത്തുള്ള കുട്ടികളിൽ പലരും ലഹരി, പെൺവാണിഭ സംഘങ്ങളുടെ കുരുക്കിൽ പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുത്. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാവുന്നുണ്ടെന്നതാണ് വാസ്തവം.
കുട്ടികൾക്ക് ലോകത്തെ സംബന്ധിച്ച് ശരിയായ അറിവ് പകരേണ്ടത് മാതാപിതാക്കളാണ്. അറിയാത്ത ഒരു വ്യക്തിയുമായി എത്രത്തോളം ഇടപെടൽ നടത്താമെന്ന് കുട്ടികളോട് പറഞ്ഞ് മനസിലാക്കേണ്ടത് അനിവാര്യമാണ്. കൂടാതെ അവരിൽ നിന്ന് മിഠായിയോ മറ്റ് വസ്തുക്കളോ സ്വീകരിക്കരുതെന്നും അവർ ചിലപ്പോൾ നമ്മളെ ഉപദ്രവിക്കാൻ സാദ്ധ്യതയുണ്ടെന്നുമുള്ള ധാരണ ഉണ്ടാക്കിയെടുക്കണം. പരിചയമില്ലാത്ത ഒരാൾ കൂടെ വരാൻ നിർബന്ധിച്ചാൽ ഇല്ല എന്നുപറയാൻ അവരെ പ്രാപ്തരാക്കണം.
സമൂഹ മാദ്ധ്യമങ്ങളുടെ പങ്ക്
പത്തനംതിട്ട സ്വദേശി ജസ്ന മരിയ ജയിംസിന്റെ തിരോധാനം സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 2018 മാർച്ച് 20 മുതലാണ് ജസ്നയെ കാണാതായത്. അന്വേഷണം ഊർജിതമായി നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത്തരത്തിലുള്ള കേസുകളും സംസ്ഥാനത്തുണ്ട്, ചില കേസുകളിൽ പൊലീസ് അന്വേഷണം നിലച്ച മട്ടാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും 40,000 കുട്ടികളെയാണ് ഇന്ത്യയിൽ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ഇതിൽ 11,000ത്തോളം കുട്ടികളെ തിരികെ ലഭിച്ചിട്ടില്ല. എൻ.ജി.ഒകളുടെ കണക്ക് പ്രകാരം 12,000 മുതൽ 50,000 വരെ സ്ത്രീകളും കുട്ടികളും അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്.
ഇന്ന് സമൂഹമാദ്ധ്യമങ്ങളും കാണാതാവുന്നവരെ കണ്ടെത്താൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്നാൽ, ചിലരെ കണ്ടുകിട്ടിയിട്ടും കാണാതായി എന്ന തരത്തിൽ ആ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി വീണ്ടും പ്രചരിക്കാറുണ്ട്. കുട്ടികളെ കാണാതായാൽ സാമൂഹികമായ ഇടപെടൽ നടത്തി വിദൂരങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പെലീസ് സംവിധാനം കാര്യക്ഷമമായി ശ്രമിക്കണം.
കുട്ടികളെ രക്ഷിതാക്കൾ മനസിലാക്കുക, അവർക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേൾക്കുക, പറയാനുള്ള അവസരം നിഷേധിക്കാതിരിക്കുക, അവഗണിക്കാതിരിക്കുക എന്നിവ നിർബന്ധമായും പാലിക്കാൻ ഓരോ രക്ഷിതാക്കളും തയ്യാറാവണം. എങ്കിൽ കുട്ടികളിലെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്ന് മനസിലാക്കുക. തടയാം കുട്ടികളുടെ കൊഴിഞ്ഞ് പോക്ക്...പരിശ്രമിക്കാം നമുക്കൊരുമിച്ച്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |