SignIn
Kerala Kaumudi Online
Sunday, 05 October 2025 1.07 AM IST

കാടിന്റെ മക്കൾക്കായി കാറ്റുപോലെ വരുന്ന മാറ്റങ്ങൾ

Increase Font Size Decrease Font Size Print Page
sa

കേരളത്തിന്റെ അമൂല്യസമ്പത്തുകളിലൊന്നാണ് വനങ്ങളും വനവിഭവങ്ങളും. കാടിന്റെ മക്കളെന്ന് കാലങ്ങളായി നമ്മൾ വിളിച്ചുപോരുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം സമ്പന്നമാക്കുന്നത് വനവിഭവങ്ങളാണ്. പക്ഷേ, ശേഖരിക്കുന്ന വനവിഭവങ്ങൾക്ക് അർഹമായതൊന്നും അവർക്ക് ലഭിക്കുന്നില്ലെന്നതും അവർ ചൂഷണത്തിന് ഇരയാകുന്നുവെന്നതും പരമമായ സത്യങ്ങളാണ്. ഈ സാഹചര്യത്തിൽ, വനവിഭവങ്ങളുടെ ശാസ്ത്രീയ ശേഖരണ സംസ്‌കരണ മൂല്യവർദ്ധനയിലൂടെ, പ്രത്യേക ദുർബല ആദിവാസി വിഭാഗങ്ങളായ കാടർ, ചോലനായ്ക്കർ ഗോത്രസമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ 3.17 കോടിയുടെ ഹബ് ഒരുങ്ങുന്നുവെന്നത് ഏറെ ശുഭോദർക്കമാണ്.

അതിരപ്പിള്ളി വാഴച്ചാൽ, നിലമ്പൂർ മേഖലകളിലാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) പഠനസംഘം റിസോഴ്‌സ് ഹബുകൾ യാഥാർത്ഥ്യമാക്കുന്നത്. വനവിഭവങ്ങൾ നാശം വരാതെ ശേഖരിച്ച് സംഭരിക്കാനും സംസ്‌കരിക്കാനും ബ്രാൻഡിംഗ് നടത്താനും ആധുനിക വിദ്യകൾ ലഭ്യമാക്കാനും ഇതുവഴി കഴിയും. കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഒഫ് സയൻസ് ടെക്‌നോളജിയാണ് ഫണ്ട് അനുവദിച്ചത്. ജൂണിൽ തുടങ്ങിയ പ്രവർത്തനങ്ങൾ മൂന്നുവർഷത്തിനകം പൂർത്തിയാകും. വനവിഭവങ്ങളെ സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ പല സ്ഥാപനങ്ങളും നടത്തിയെങ്കിലും പൂർണമായും ഫലവത്തായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതിനായൊരു ഹബ് ഒരുക്കാൻ കേന്ദ്രസഹായം ലഭിച്ചത്.

അറിവുകൾ പുതുതലമുറയ്ക്കും

ആദിവാസി വിദ്യാർത്ഥികൾ റസിഡൻഷ്യൽ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഇവരുടെ മാതാപിതാക്കളാണെങ്കിൽ ഉന്നതികളിലും. ഇവർ തമ്മിലുള്ള അകലം പരമ്പരാഗത അറിവുകളുടെ കൈമാറ്റം ഇല്ലാതാക്കുന്നുണ്ട്. പുതുതലമുറയ്ക്ക് കാടുമായുളള ബന്ധം നഷ്ടമാകുന്നത് ഒഴിവാക്കാൻ പരിശീലനങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും ഹബ്ബുകളിലുണ്ടാകും. ഇപ്പോഴുള്ള കെട്ടിടങ്ങൾ നവീകരിക്കുകയും പുതിയ കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്യും.

മനുഷ്യ- വന്യജീവി സംഘർഷം കൂടിയതോടെ വിഭവങ്ങൾ പെട്ടെന്ന് ശേഖരിച്ച് വനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രവണതയേറുന്നു. മരങ്ങളിൽ നിന്ന് ഫലങ്ങൾ പറിക്കുന്നതിനു പകരം കൊമ്പ് ഒടിച്ചും മറ്റും അശാസ്ത്രീയമായി ശേഖരിക്കുന്നത് ഒഴിവാക്കുന്നതിനും പുതിയ രീതികൾ പരിശീലിപ്പിക്കും.

പ്രത്യേകിച്ച് ദുർബലമായ ട്രൈബൽ ഗ്രൂപ്പുകൾ (പി.വി.ടി.ജി)​ ആയ കാടർ അതിരപ്പിളളി വാഴച്ചാലിലും ചോലനായ്ക്കർ നിലമ്പൂരിലുമാണുള്ളത്. വേട്ടയാടലും വനവിഭവശേഖരണവും നടത്തുന്ന ഇവർ കൃഷി ചെയ്യാൻ ഇഷ്ടപ്പെടാറില്ല. കെ.എഫ്.ആർ.ഐയിലെ ഫോറസ്റ്റ് എന്റമോളജി ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവിന്റെ നേതൃത്വത്തിലാണ് പദ്ധതി നിർവഹണം. ഇതിനായുളള പ്രൊപോസൽ തയ്യാറാക്കുമ്പോൾ തന്നെ ഗോത്രവിഭാഗങ്ങളിൽ പഠനം നടത്തിയിരുന്നു. നിലവിലുള്ള പഠനങ്ങളും പരിശോധിക്കുന്നുണ്ട്. മൊത്തം ഫണ്ട് 3,17,50,554 കോടിയാണ്. കാടർ ജനസംഖ്യ 1172 ആണ്. ചോലനായ്ക്കർ 116 പേരും. കെ.എഫ്.ആർ.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് ലഭിച്ച പദ്ധതിയാണിത്. ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാകുമെന്ന വിശ്വാസമുണ്ടെന്നും പീച്ചി കെ.എഫ്.ആർ.ഐ

ഡയറക്ടർ ഡോ. കണ്ണൻ സി.എസ് വാര്യർ വ്യക്തമാക്കുന്നു.

മുള ഇനി തീൻമേശയിലും

കാടുകളിലെ അമൂല്യവിഭവമായ മുള ഇനി ഭക്ഷണമേശയിലും ഇടംപിടിക്കുമെന്നതാണ് ഇതിനോട് കൂട്ടിച്ചേർക്കാവുന്നത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത മുളയുടെ കൂമ്പ് ഉപയോഗിച്ചുള്ള ഫ്ലേക്സും പൊടിയും ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് പുതിയൊരു വഴി തുറക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരമ്പരാഗത ഭക്ഷണമായി ഉപയോഗിക്കുന്ന മുളങ്കൂമ്പ്, ദക്ഷിണേന്ത്യയിൽ അത്ര പ്രചാരത്തിലില്ല. ഭക്ഷ്യവസ്തുവെന്ന നിലയിലെ മുളയുടെ പോഷകഗുണങ്ങൾ പരിചയപ്പെടുത്തുന്നതിനായാണ് കെ.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റായ ഡോ. ആർ. ജയരാജിന്റെ നേതൃത്വത്തിൽ മുളങ്കൂമ്പ് ഫ്ലേക്സും പൊടിയും വികസിപ്പിച്ചത്. വിറ്റാമിനുകൾ, കാർബോ ഹൈഡ്രേറ്റ്സ്, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ മുളങ്കൂമ്പ് ദഹനപ്രശ്നങ്ങളെ അകറ്റിനിറുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്. മുളങ്കൂമ്പ് ശേഖരിച്ച ശേഷം സംസ്കരിച്ച്, ഈർപ്പം പൂർണമായും മാറ്റിയെടുത്ത് പൊടിയും ഫ്ലേക്സും ആക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയമായ രീതിയാണ് കെ.എഫ്.ആർ.ഐ വികസിപ്പിച്ചെടുത്തത്. ഈ പ്രക്രിയയിലൂടെ മുളയുടെ തനത് ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ നിലനിറുത്താൻ സാധിക്കും. കൊഴുപ്പ് കുറവാണെന്നതും ഇവയുടെ സവിശേഷതയാണ്. ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും മുളങ്കൂമ്പ് കൊണ്ടുള്ള ഫ്ലേക്സും പൊടിയും സഹായിക്കും. ഇത് ഉപയോഗിച്ച് ബിസ്‌കറ്റുകൾ, ബ്രെഡുകൾ തുടങ്ങിയ വിവിധ ബേക്കറി ഉത്പന്നങ്ങൾ നിർമിക്കാനാകും. ഈ ഉത്പന്നങ്ങൾ വിപണിയിൽ വലിയ സാദ്ധ്യതകൾ തുറക്കുമെങ്കിലും, നിലവിൽ ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ഇതിനെക്കുറിച്ച് പൊതുസമൂഹത്തിന് വേണ്ടത്ര അവബോധമില്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ വിതരണം, ഉത്പാദനം വലിയ രീതിയിൽ നടത്താനുള്ള വാണിജ്യ പങ്കാളികളുടെ കുറവ് എന്നിവയും ഗവേഷകർ നേരിടുന്ന വെല്ലുവിളികളാണ്.

കർഷകർക്ക് വരുമാനം

മുള ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം, മുള കർഷകർക്ക് പുതിയൊരു വരുമാനമാർഗം തുറക്കും. കേരളത്തിൽ മുള കൃഷിക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കാനും ഇതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ഈ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും അസംസ്കൃത വസ്തുക്കൾ നൽകുന്നതിനും വാണിജ്യവത്കരണത്തിനും താത്പര്യമുള്ളവരെ കണ്ടെത്താനായി ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് സംഘടിപ്പിക്കുന്ന റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് കോൺക്ലേവിലൂടെ സഹായകമാകും എന്നാണ് കെ.എഫ്.ആർ.ഐയിലെ ​ഗവേഷകരുടെ പ്രതീക്ഷ. മുളങ്കൂമ്പ് പൊടിയും ഫ്ലേക്സും ഉൾപ്പെടെ 15 ​ഗവേഷണങ്ങളാണ് കെ.എഫ്.ആർ.ഐ കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.

TAGS: FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.