തൃശൂർ: വനം വകുപ്പ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ട യുവാവ് മരിച്ച നിലയിൽ. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ ആണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ പിടിയിലാകുന്നത്. പ്രദേശത്ത് വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
ആറ് മാസം മുമ്പാണ് മിഥുൻ ഉൾപ്പെടെയുള്ള മൂന്നുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്‌തത്. ഒരു കിലോ മാംസം വാങ്ങിയെന്ന കേസിൽ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കേസിൽ ഇവരെ കോടതിയിലടക്കം ഹാജരാക്കിയിരുന്നു. ജാമ്യത്തിൽ വിട്ടതിന് ശേഷം മിഥുൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഇന്നലെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മൊബൈൽ ഫോൺ തിരികെ വാങ്ങാൻ പോയിരുന്നു. ഇന്ന് രാവിലെ മുതൽ മിഥുനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വനംവകുപ്പിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. സ്ഥിരം കാട്ടുപന്നിയെ വേട്ടയാടുന്ന ആളായി മിഥുനെ ചിത്രീകരിച്ചാണ് വനംവകുപ്പ് കേസെടുത്തത്. മാദ്ധ്യമങ്ങൾക്ക് മുന്നിലും മിഥുനെ അത്തരത്തിലുള്ള ഒരാളാക്കി ചിത്രീകരിച്ചുവെന്നും വിമർശനം ഉയരുന്നുണ്ട്. ശിങ്കാരിമേളം കലാകാരനായ മിഥുൻ ഓട്ടോറിക്ഷ ഓടിക്കാനും കെട്ടിടനിർമാണ തൊഴിലിനും പോയാണ് കുടുംബം നോക്കിയിരുന്നത്. അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് മിഥുന്റെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |