SignIn
Kerala Kaumudi Online
Friday, 29 August 2025 4.32 PM IST

ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും ഗുരുസ്‌മൃതിയുടെ ജീവിത സാധന

Increase Font Size Decrease Font Size Print Page
sivagiri

ജീവിതത്തിന്റെ പരമ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. അത് പരമാനന്ദാനുഭൂതിയാണ്. മരിച്ചതിനു ശേഷമല്ല,​ജീവിച്ചിരിക്കുമ്പോൾത്തന്നെ പരമഹംസാനുഭൂതി കൈവരിക്കണം. അതിനായി ആത്മനിഷ്ഠാപൂർവമായ ജീവിതം നയിക്കണം. ആനന്ദപ്രാപ്തിക്കായി ഇതുവരെയും പുറമേ ബഹിർമുഖമായ ജീവിതം നയിച്ചു. അതുകൊണ്ട് ദു:ഖനിവ‌ർത്തിയുണ്ടായില്ല. ആനന്ദാനുഭൂതിക്കായി നയിക്കേണ്ടത് അന്തർമുഖമായ ജീവിതമാണ്. ഇന്ദ്രിയങ്ങളെ ഇഷ്ടാനുസരണം സഞ്ചരിക്കാൻ അനുവദിക്കാതെ നിയന്ത്രിക്കണം. അതിനെ ഗുരുദേവൻ പറഞ്ഞിരിക്കുന്നത് 'കണ്ണുകളഞ്ചുമുള്ളടക്കുക" എന്നാണ്.

ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്,​ എന്നാണോ പരമമായ ആനന്ദാനുഭൂതി കരഗതമാകുന്നത്,​ അതുവരെ വീണുവണങ്ങി സർവാർപ്പണം ചെയ്ത് ധ്യാന പ്രാർത്ഥനാദികൾ അനുഷ്ഠിച്ച് ജീവിക്കണം. ഇതിലേക്ക് ഭക്തജന സഞ്ചയത്തെ നയിക്കുവാൻ പര്യാപ്തമായ ഒരു അനുഷ്ഠാന പദ്ധതിയാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും. ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പതു വരെയുള്ള കാലയളവിലാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും അനുഷ്ഠിച്ചു പോരുന്നത്. ഏത് ജനവിഭാഗത്തിന്റെയും പുരോഗതിക്ക് നിശ്ചിതമായ ഒരു കാലയളവ് ആചാരാനുഷ്ഠാനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ക്രൈസ്തവ,​ ഇസ്ലാം മതങ്ങളിലും നിയതമായ ആചാരാനുഷ്ഠാന പദ്ധതിയുണ്ട്.

ഗുരുവും

ദൈവവും

മത്സ്യമാംസാദികളും ലഹരിവസ്തുക്കളും ഉപേക്ഷിച്ച്,​ വ്രതം നോറ്റ് ആത്മവിശുദ്ധി കൈവരിക്കുമാറ് സാത്വിക ജീവിതം നയിക്കുന്നത് ജീവിതത്തെ പ്രകാശപൂരിതമാക്കുന്നു. ഭാരതത്തിൽ പ്രകാശതത്വംകൊണ്ട് ഗുരുവും ദൈവവും ഒന്നാണെന്നാണ് പഠിപ്പിക്കുന്നത്. ഗുരുക്കന്മാർ വിധിച്ചിട്ടുള്ള ആചാരങ്ങളെ അനുഷ്ഠിക്കുമ്പോൾ അവരിൽ ധർമ്മം പ്രകാശിക്കുന്നു. ജീവിതവിജയത്തിന് നിദാനമായത് ധർമ്മാനുഷ്ഠാനമാണ്. ആരാണോ ശ്രീനാരായണ ധർമ്മം പരിപാലിക്കുന്നത്,​ ആ ധർമ്മം അവരെ പരിപാലിക്കുകതന്നെ ചെയ്യും. അതിനുള്ള ഉത്തമോപാധിയാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും.

ധർമ്മത്തിന്റെ ഇരിപ്പിടം പ്രഭുവായ അച്യുതനിലാണ്; മാറ്റമില്ലാത്ത പരംപൊരുളിലാണ്. ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതരീതിയേയും ആചാരാനുഷ്ഠാന പദ്ധതികളെയും വിശദീകരിക്കുന്ന ഗ്രന്ഥമാണ് ശ്രീനാരായണ ധർമ്മം അഥവാ ശ്രീനാരായണസ്മൃതി. പണ്ട്,​ മനുസ്മൃതി, യാജ്ഞവൽക്യ സ്മൃതി, സൂതസ്മൃതി തുടങ്ങിയ സ്മൃതികളുണ്ടായി. ശ്രുതി വേദമാണ്. ശ്രുതിയെ പിന്തുടരുന്നതാണ് സ്മൃതി. ശ്രുതി,​ ശിഷ്യപരമ്പരയാ ശ്രവണം ചെയ്ത് അനുഷ്ഠിച്ചുപോരുന്നു. സ്മൃതിയാകട്ടെ നിത്യജീവിതത്തിൽ ഓർത്ത് ആചരിക്കുന്നതാണ്. വേദത്തെ പിന്തുടർന്ന് സ്മൃതികൾ ഉണ്ടായതുപോലെ ഗുരുദേവ കൃതികളായ ശ്രുതികളെ പിന്തുടർന്ന് ശ്രീനാരായണ സ്മൃതി ഉണ്ടായിരിക്കുന്നു. അത് ഈ കാലഘട്ടത്തിന്റെ സദ്ഗ്രന്ഥമാണ്.

സ്മൃതികൾ കാലക്രമേണ ദുഷിക്കുകയും,​ ജാതിയും അന്തരാള ജാതികളും ചാതുർവർണ്യ വ്യവസ്ഥിതിയും അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്തു. മഹാഭൂരിപക്ഷം വരുന്ന ജനത അധ:സ്ഥിതരായി മാറി. ശ്രീനാരായണ ഗുരുദേവൻ മുന്നിൽക്കണ്ടത് ഈ സമൂഹത്തെയാണ്. അവരെ കൈവിടാതെ കാത്തു രക്ഷിക്കുവാൻ മഹാഗുരു ആയുസും വപുസും ആത്മതപസും ബലിയർപ്പിച്ചു. ഭ്രാന്താലയമായിരുന്ന രാജ്യത്തെ തീർത്ഥാലയമാക്കി മാറ്റുവാൻ ഗുരുദേവനു സാധിച്ചു. നവോത്ഥാന കേരളത്തിന്റെ പിതാവായി ഗുരു വാഴ്‌ത്തപ്പെട്ടു. ഗുരുദേവൻ നിർവഹിച്ച ലോകസംഗ്രഹ പ്രവർത്തനങ്ങളിൽ സംഘടനയും ക്ഷേത്രവും ആരാധനാലയങ്ങളുമെല്ലാം ഉയർന്നുവന്നു.

ശ്രീനാരായണ

ധർമ്മം

അക്കൂട്ടത്തിൽ ജനങ്ങൾ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിനായി ശ്രീനാരായണസ്മൃതി- ശ്രീനാരായണ ധർമ്മം ഗുരുദേവൻ ഉപദേശിച്ചു. മനുസ്മൃതിയുടെ ഭാഗത്ത് ശ്രീനാരായണ സ്മൃതി ഉയർന്നുവന്നു. ജനനം മുതൽ മരണം വരെ ജീവിതത്തിൽ അനുഷ്ഠിക്കേണ്ട സർവ വിഷയങ്ങളും ഉപദേശിച്ചുകൊണ്ട് ഗുരുദേവൻ ലോകരെ അനുഗ്രഹിച്ചു. ഗുരുവിന്റെ മഹത്തായ സംഭാവനകളിലൊന്നാണ് ശ്രീനാരായണ സ്മൃതിയുടെ രചന. ഇപ്പോൾ ശ്രീനാരായണ സ്മൃതിയുടെ രചനാ ശതാബ്ദി കടന്നു പോയിരിക്കുന്നു. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ രചനാശതാബ്ദി പ്രമാണിച്ച് നിരവധി പഠന ക്ലാസുകളും സമ്മേളനങ്ങളും നടക്കുകയുണ്ടായി.

ശ്രീനാരായണ സ്മൃതിയിലെ ഉപദേശങ്ങളിൽ പഞ്ചശുദ്ധി, പഞ്ചധർമ്മം, പഞ്ച മഹായജ്ഞം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം പ്രാധാന്യമുണ്ട്. ശ്രീനാരായണ ഭക്തർ ദൈനംദിന ജീവിതത്തിൽ മുഖ്യമായും അനുഷ്ഠിക്കേണ്ടവയാണ് ഇവ. അതിൽ ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും ചിങ്ങം ഒന്നു മുതൽ 39 ദിവസങ്ങളിലായി ആചരിക്കുമ്പോൾ ആചാരാനുഷ്ഠാനങ്ങളുടെ ഒരു സാധനാ പാഠവും പരിശീലനക്കളരിയുമായി അത് മാറുന്നു. 39 ദിവസങ്ങളിലും പ്രാർത്ഥനാ യോഗങ്ങളും പ്രചാരണ യോഗങ്ങളും പ്രഭാഷണങ്ങളും നടത്തുക. ഗുരുദേവ കൃതികളും ഗുരുചരിതവും പാരായണം ചെയ്യുക. സാധുക്കളെ സഹായിക്കുക. കഴിവതും മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് ജീവിക്കുക... അങ്ങനെ ഉത്തമ ശ്രീനാരായണീയനാകുവാനുള്ള പരിശീലനം ഈ ധർമ്മചര്യാ യജ്ഞത്തിലൂടെ സാധിക്കും.

അടുത്ത കുറെ വർഷങ്ങളായി ശിവഗിരി മഠത്തിന്റെ നിർദ്ദേശപ്രകാരം ഈ ആചാരാനുഷ്ഠാന പദ്ധതി ഗുരുദേവ ഭക്തർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഗുരുധർമ്മ പ്രചാരണ സഭ, എസ്.എൻ.ഡി.പി ശാഖകൾ, ഗുരുമന്ദിരങ്ങൾ, ഗുരുദേവനും ശിഷ്യന്മാരും പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഈ വ്രതാനുഷ്ഠാന പദ്ധതി നടപ്പിലാക്കണമെന്ന് ശിവഗിരി മഠം മാർഗനിർദ്ദേശം നല്‍കുകയാണ്. വാക്കുകൊണ്ടും മനസുകൊണ്ടും പ്രവ‌ൃത്തികൊണ്ടും യഥാർത്ഥ ശ്രീനാരായണീയരെ വാർത്തെടുക്കുവാൻ ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും പ്രേരണ ചെലുത്തുന്നു.

അഭിഷേക

ശതാബ്ദി

ഗുരുദേവൻ അനന്തരഗാമിയായി ബോധാനന്ദ സ്വാമികളെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദി ദിനമാണ് 2025 സെപ്തംബർ 27. ആഗസ്റ്റ് 17 മുതൽ സെപ്തംബർ 27 വരെ ഈ വർഷം ഗുരുദേവ ഭക്തന്മാർ ഈ മഹത്തായ യജ്ഞം നടത്തേണ്ടതാണ്. അഭിഷേക ശതാബ്ദിയോടനുബന്ധിച്ച്,​ ബോധാനന്ദ സ്വാമികളുടെ സമാധി ദിനമായ സെപ്തംബർ 25 മുതൽ മൂന്നു ദിവസങ്ങളിലായി ശിവഗിരി മഠം പ്രത്യേക പരിപാടികൾ ഒരുക്കുന്നുണ്ട്. ഈ കാലയളവിൽ ഗുരുദേവ ജയന്തി, മഹാസമാധി ദിനം, ഗുരുദേവ ശിഷ്യന്മാരുടെ ജയന്തി- സമാധി ദിനങ്ങൾ, കേരളത്തിലെ ഇതര മഹാത്മാക്കളുടെ സ്മൃതിദിനങ്ങൾ എന്നിവയൊക്കെ കടന്നുവരുന്നുണ്ട്. സർവരും ഈ പുണ്യ ദിനങ്ങൾ ആചരിക്കുവാൻ മുന്നോട്ടു വരുവാൻ ശിവഗിരി മഠം അഭ്യർത്ഥിക്കുന്നു.

ശിവഗിരി മഠത്തിന്റെ പോഷക സംഘടനയാണ് ഗുരുധർമ്മ പ്രചരണ സഭ. സഭയ്ക്ക് രണ്ടായിരത്തിലധികം യൂണിറ്റുകൾ ഭാരതത്തിനകത്തും പുറത്തുമായുണ്ട്. സഭയുടെ നേതൃത്വത്തിൽ ഓരോ മണ്ഡലം കേന്ദ്രീകരിച്ചും 39 ദിവസവും മാസാചരണവും ധർമ്മചര്യയജ്ഞവും അനുഷ്ഠിക്കുവാൻ ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ നിർദ്ദേശം നല്കിയിട്ടുണ്ട്. ശിവഗിരി മഠത്തിലെ സന്യാസിമാരും പ്രഭാഷകരും ബ്രഹ്മചാരികളും കഴിയുന്നത്ര യോഗങ്ങളിൽ പങ്കെടുക്കും. കർക്കടകത്തിന്റെ കാർക്കശ്യത്തിൽ നിന്ന് മോചിതമായി,​ നിറവിന്റെ മാസമായ പൊന്നിൻ ചിങ്ങമാസത്തിലാണ് ഗുരുദേവ ജയന്തിയും ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ബ്രഹ്മാനന്ദ ശിവയോഗി ജയന്തിയും കടന്നുവരുന്നത്. ഗുരുദേവനെ കൂടാതെ ഈ പുണ്യാത്മാക്കളെ പഠിക്കുവാനും അവർക്ക് സമാരാധന ചെയ്യുവാനും ഉത്തമ ശ്രീനാരായണീയരും ആത്മസാധകരുമായിത്തീരുവാനും ഈ കാലയളവ് പ്രയോജകീ ഭവിക്കണം.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.