SignIn
Kerala Kaumudi Online
Sunday, 24 August 2025 11.49 AM IST

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജനാധിപത്യത്തിന്റെ അമ്പയർ

Increase Font Size Decrease Font Size Print Page

election

സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. സുതാര്യമായ തിരഞ്ഞെടുപ്പിന്റെ അമ്പയറാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. ജനാധിപത്യം തന്നെ ഒരു വലിയ പരിധിവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈകളിലാണ്! ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കാൻ ഭരണഘടന അനുശാസിക്കുന്ന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തിന്റെ പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. 1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം‍ 324 അനുസരിച്ചാണ് കമ്മിഷൻ രൂപീകരിക്കപ്പെട്ടത്.

ആർട്ടിക്കിൾ 324 പ്രകാരം,​ പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളും മാത്രമല്ല,​ ഭരണഘടന പ്രകാരം നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെയും,​ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെയും നടത്തിപ്പിന്റെയും മേൽനോട്ടം, നിർദ്ദേശം, നിയന്ത്രണം എന്നിവയും തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനപ്രക്രിയയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത്, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അനൂപ് ബരൻവാൾ 2015-ൽ ഒരു പൊതുതാത്പര്യ ഹർജി സുപ്രീം കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി,​ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതെന്നും, അതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ഹർജിയിൽ ഉന്നയിച്ചു. അനൂപ് ബരൻവാൾ നൽകിയ ഹർജി നിലവിലിരിക്കെ സമാന സ്വഭാവമുള്ള നിരവധി റിട്ട് ഹർജികൾ കൂടി സുപ്രീം കോടതി മുമ്പാകെ വന്നു. ന്യായവും സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ നിയമന പ്രക്രിയയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ വേണ്ടതെന്നും ഹർജിക്കാർ വാദം ഉന്നയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 അനുസരിച്ച് റിട്ട് ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു.

ചലിക്കാത്ത

ചരിത്ര വിധി

2023-ൽ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 324, 324 (2) എന്നിവയുടെ യഥാർത്ഥ വ്യാഖ്യാനം പരിഗണിക്കാൻ കോടതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ നിർവഹണത്തിന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം എല്ലാ ബാഹ്യ രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും മുക്തമായിരിക്കണമെന്ന് കോടതി കണ്ടെത്തുന്നു. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടേയും നിയമന നടപടിക്രമം സംബന്ധിച്ച ചരിത്രപരമായ വിധി 2023 മാർച്ച് രണ്ടിനാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അതാണ് അനൂപ് ബരൻവാൾ Vs യൂണിയൻ ഒഫ് ഇന്ത്യ കേസ്.

പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതാവ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന ഒരു സെലക്ഷൻ കമ്മിറ്റിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കേണ്ടതെന്ന് കോടതി അസന്ദിഗ്ദ്ധമായി പറഞ്ഞു. വോട്ടവകാശം ഒരു പൗരന്റെ നിയമപരമായ അവകാശമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളോട് അന്യായമായോ ഏകപക്ഷീയമായോ പെരുമാറുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി ആർട്ടിക്കിൾ 14-ന്റെ ലംഘനമാണ്.

രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരു സ്വതന്ത്ര സമിതിയുടെ മേൽനോട്ടത്തിലും നിർദ്ദേശത്തിലും നിയന്ത്രണത്തിലും ആയിരിക്കണമെന്നാണ് ഭരണഘടന നിർദ്ദേശിക്കുന്നത്. ഭരണഘടന പറയുന്ന ആ സ്വതന്ത്ര സമിതിയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് അനൂപ് ബരൻവാൾ കേസിൽ കോടതി ഓർമ്മപ്പെടുത്തി. ഭരണഘടനാ സംവിധാനത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും വളരെ ഉയർന്ന പദവിയിലാണ് നിലകൊള്ളുന്നത്. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ മതേതരത്വം ഭരണകൂടത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും സ്വാധീനിക്കണം. അതിനെ തള്ളിക്കളയാൻ കഴിയില്ല; മറിച്ച് അക്ഷരാർത്ഥത്തിൽ പാലിക്കണം. ഭരണ സംവിധാനങ്ങൾ പൗരന്റെ മൗലികാവകാശങ്ങൾ അക്ഷരാർത്ഥത്തിൽ പാലിക്കാൻ യത്നിക്കുമ്പോൾ മാത്രമേ ജനാധിപത്യം കൈവരിക്കാൻ കഴിയൂ എന്നും ആ വിധിന്യായം വ്യക്തമാക്കുന്നു.

മറികടക്കാൻ

പുതിയ നിയമം

അനൂപ് ബരൻവാൾ കേസിലെ വിധി മോദി സർക്കാരിന് ഒരു പ്രഹരമായിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തെ അസ്ഥിരപ്പെടുത്തി,​ ഭരണകക്ഷിയുടെ പ്രതിനിധികൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തിൽ ഗണ്യമായ സ്വാധീനം ഉറപ്പു വരുത്തുവാനും,​ ചീഫ് ജസ്റ്റിസിനെ സെലക്ഷൻ പാനലിൽ നിന്ന് ഒഴിവാക്കി,​ പകരം കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തുവാനുമായി 'തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി- 2023" എന്ന പുതിയ നിയമം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത നിരവധി തവണ നിയമപരമായി ചോദ്യം ചെയ്യപ്പെട്ടങ്കിലും ഇതുവരെയും അന്തിമമായി വാദം കേൾക്കാൻ കോടതിക്കു കഴിഞ്ഞിട്ടില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സെലക്ഷൻ പാനലിൽ നിന്ന് ഒഴിവാക്കിയ നിയമനിർമ്മാണം ഒരു ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടങ്കിലും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 2024 മാർച്ച് 22-ന് വിശദമായ ഉത്തരവിലൂടെ സ്റ്റേ ഹർജി തള്ളുകയായിരുന്നു. ഒരുപക്ഷേ ആ നിയമം സ്റ്റേ ചെയ്തിരുന്നുവെങ്കിൽ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും, തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും രാജ്യത്തിന് വ്യത്യസ്തമായ ഒരു 'അമ്പയർ" ഉണ്ടാകുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോൾ രാജ്യത്ത് ഉയർന്നു വന്നിട്ടുള്ളത്.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്, ന്യായമായ ഒരു ഏജൻസിയുടെ ആഴമേറിയതും സമഗ്രവുമായ വിശകലനം ആവശ്യമാണ്. നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാനുള്ള ഏക മാർഗം അനൂപ് ബരൻവാൾ വിധിന്യായം പുനഃസ്ഥാപിക്കുകയും, 2023 ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും (നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി) നിയമം റദ്ദാക്കുക എന്നുള്ളതുമാണ്.

(മുൻ അഡിഷണൽ ഗവ. പ്ലീഡറും പബ്ളിക് പ്രോസിക്യൂട്ടറുമാണ് ലേഖകൻ)

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.