
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് തുടരുന്നു. രാവിലെ കൃത്യം ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പല പോളിംഗ് ബൂത്തുകൾക്ക് മുന്നിലും വളരെ നേരത്തേ തന്നെ ജനങ്ങൾ വോട്ടിടാനെത്തി. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. നിലവിൽ സിനിമാ രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക.

തിരുവനന്തപുരം നഗരസഭയിൽ നിറമൺകര എൻഎസ്‌എസ് കോളേജിൽ പാപ്പനംകോട് വാർഡിലെ ബൂത്ത് നാലിൽ മന്ത്രി ജി ആർ അനിൽ വോട്ട് രേഖപ്പെടുത്തി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച്‌എസ്‌എസിൽ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം നഗരസഭയിൽ ഫോർട്ട് വാർഡിലെ ബൂത്ത് ഒന്നിൽ മന്ത്രി വി ശിവൻകുട്ടിയും ഭാര്യ പാർവതിയും വോട്ട് ചെയ്യുന്നു

മന്ത്രി പി രാജീവും കുടുംബവും എറണാകുളം കളമശേരി സെന്റ് പോൾസ് കോളേജിൽ വോട്ട് ചെയ്‌തു.

കോട്ടയം അയ്മനം പഞ്ചായത്തിലെ ഒളശ സിഎംഎസ് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്ന നടൻ വിജയരാഘവൻ, ഭാര്യ സുമ വിജയരാഘവൻ, മരുമകൾ ശ്രുതി, മകൻ ദേവദേവൻ.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജവഹർ നഗറിലെ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

നടി ചിപ്പി രഞ്ജിത്ത്, മകൾ അവന്തിക, ഭർത്താവും നിർമ്മാതാവുമായ എം രഞ്ജിത്ത്, ചിപ്പിയുടെ മാതാവ് തങ്കം എന്നിവർ കവടിയാർ വാർഡിലെ ജവഹർ നഗർ എൽപിഎസിൽ വോട്ട് ചെയ്തു.

മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ ജവഹർ നഗർ എൽപിഎസിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കൈതവന മാതാനികേതന്‍ ആഡിറ്റോറിയം ബൂത്തിൽ വോട്ട് ചെയ്തു.
നിര്‍ണായകമായ തിരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. നാടിന്റെ മാറ്റത്തിനായി വോട്ട് ചെയ്യണമെന്നും നാടിന് ഗുണം ചെയ്യുന്ന കാര്യത്തിനായി വോട്ട് ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വോട്ട് ചെയ്തശേഷം വിഡി സതീശൻ. ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. അയ്യപ്പന്റെ സ്വർണം കവർന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദമുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു.
ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടര്‍ന്ന് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തിൽ വോട്ടിംഗ് തുടങ്ങാനായില്ല. ഇവിടെ മെഷീൻ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാർ തങ്കമലയിലും മെഷീൻ തകരാറുണ്ടായി. പകരം യന്ത്രം എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ വാർഡിലും യന്ത്ര തകരാറുണ്ടായി. മൂവാറ്റുപുഴ നഗരസഭയിലും വോട്ടിംഗ് മെഷീൻ തകരാറായി.

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ബിജെപി വിജയ തിലകമണിയുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിശ്വാസികൾ ഈ തിരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, എൻ കെ പ്രേമചന്ദ്രൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉമ തോമസ് എംഎൽഎ തുടങ്ങിയ നേതാക്കൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |