
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാൻ ഇനി ഒരു ദിവസം മാത്രം. ഇന്ന് വടക്കൻ കേരളത്തിൽ നിശബ്ദ പ്രചാരണം നടക്കും. രണ്ടാം ഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്.
ഇന്നലെ നടന്ന ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. 70.9 ശതമാനം. പക്ഷേ 2020ലെ തിരഞ്ഞെടുപ്പിനെക്കാൾ പോളിംഗ് ശതമാനത്തിൽ കുറവാണ്. കഴിഞ്ഞ തവണ ഏഴ് ജില്ലകളിലായി 73.79 ശതമാനം പോളിംഗ് ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. എറണാകുളത്താണ് കൂടുതൽ പോളിംഗ് 74.58%. കുറവ് പത്തനംതിട്ടയിൽ 66.78. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നൽകും. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ.
അങ്ങിങ്ങ് ചില അക്രമങ്ങൾ ഒഴികെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമയം തീർന്നപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണപ്പെട്ടു. ഇവിടങ്ങളിൽ അവസാന വോട്ടർക്കു വരെ അവസരം നൽകി ഏഴു മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |