
കുമളി: കാടിന് നടുവിലുള്ള പച്ചക്കാനം പോളിംഗ് ബൂത്തിന് കീഴിലുള്ള 29 വോട്ടർമാരിൽ വോട്ട് ചെയതത് ഒരാൾ മാത്രം. കുമളി പഞ്ചായത്തിലെ മുല്ലപ്പെരിയാർ വാർഡിൽ ഉൾപ്പെട്ടതാണ് ഈ ബൂത്ത്.
പഞ്ചായത്ത് ആസ്ഥാനത്ത് നിന്ന് ഇവിടെ എത്താൻ 40 കിലോമീറ്ററോളം യാത്ര ചെയ്യണം. രാവിലെ സിൽവിസ്റ്റർ എന്ന വോട്ടർ എത്തിയപ്പോൾ വോട്ടിങ് യന്ത്രം തകരാറിലായി. തകരാർ പരിഹരിക്കാൻ ഒരു മണിക്കൂറിലധികം വേണ്ടിവന്നു. അതുവരെ കാത്തു നിന്ന് വോട്ട് ചെയ്താണ് സിൽവിസ്റ്റർ മടങ്ങിയത്. പോളിങ് ഉദ്യോഗസ്ഥർക്ക് പുറമേ പൊലീസ്, വനം വകുപ്പ് ജീവനക്കാരും ഈ പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് പച്ചക്കാനം എസ്റ്റേറ്റ് . 925 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുല്ലപ്പെരിയാർ വാർഡിലാണ് ഉൾപ്പെടുന്നത്.
പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന മുല്ലപ്പെരിയാർ വാർഡിന്റെ മൂന്ന് അതിരുകളും വനമാണ്. മുമ്പ് താമരക്കണ്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാർഡാണ് ഇപ്പോൾ മുല്ലപ്പെരിയാറായത്. ഈ വാർഡിലെ പച്ചക്കാനം ബൂത്ത് വനമേഖലയ്ക്ക് നടുവിലാണ്. പച്ചക്കാനം എസ്റ്റേറ്റിലെ തൊഴിലാളികളാണ് വോട്ടർമാർ. വണ്ടിപ്പെരിയാറിൽ നിന്ന് വള്ളക്കടവ് വഴി ഗവി റൂട്ടിൽ വനത്തിലൂടെ സഞ്ചരിച്ചു വേണം ഇവിടെ എത്താൻ. മുമ്പ് ഈ ബൂത്ത് തേക്കടി വാർഡിന്റെ ഭാഗമായിരുന്നു. വലുപ്പത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തായ കുമളിയിലെ 13-ാം വാർഡാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |