
ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടാണല്ലോ ഇപ്പോഴത്തെ ചർച്ചകൾ. എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ്. എല്ലാ മതവിഭാഗത്തിലും ഉൾപ്പെട്ട വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ, അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടുകളാണ് കോൺഗ്രസും യു.ഡി.എഫും എക്കാലവും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇതിനു വിരുദ്ധമായ നിലപാടുകളാണ് കഴിഞ്ഞ പത്തു വർഷക്കാലമായി എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചു വരുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുൻനിറുത്തി സർക്കാർ നടത്താൻ നിശ്ചയിച്ചിരിക്കുന്ന 'അയ്യപ്പ സംഗമം" രാഷ്ട്രീയ മുതലെടുപ്പിനുള്ള കപടനാടകമാണെന്ന് വിശ്വാസികൾ തിരിച്ചറിയുക തന്നെ ചെയ്യും.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള നിലപാടാണ് യു.ഡി.എഫ് സർക്കാർ കൈക്കൊണ്ടത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഞാൻ ദേവസ്വം മന്ത്രിയായിരിക്കെയാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഫയൽ ചെയ്തത്. ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്തണമെന്നും വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്നുമുള്ള നിലപാടാണ് ഉമ്മൻചാണ്ടി സർക്കാർ കൈക്കൊണ്ടത്. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ ഇടതു സർക്കാരിനോട് 'മുൻ നിലപാടാണോ" എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടിയായി, 'ഈ സർക്കാരിന് വ്യത്യസ്ത നിലപാടാണെ"ന്ന് അറിയിക്കുകയും യുവതീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.
ആ സത്യവാങ്മൂലം
പിൻവലിക്കണം
സംസ്ഥാന സർക്കാരിന്റെ ഇപ്രകാരമുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് അത്തരത്തിലൊരു വിധിയുണ്ടായത്. അതിന്റെ പേരിലാണ് സി.പി.എമ്മും എൽ.ഡി.എഫും ശബരിമല വിഷയം ഇത്തരത്തിൽ സങ്കീർണമാക്കിയത്. ധൃതികാണിച്ച് ഉത്തരവ് നടപ്പാക്കാനെന്ന വ്യാജേന വർഗീയ വാദികൾക്ക് സുവർണാവസരം നൽകുകയാണ് ഇടതു സർക്കാർ ചെയ്തത്. എൽ.ഡി.എഫ് സർക്കാർ വിശ്വാസികൾക്കെതിരെ സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആചാരലംഘനം നടത്താൻ സൗകര്യം ചെയ്തുകൊടുക്കുന്ന ആ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ ആദ്യം തയ്യാറാകണം.
വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും എൻ.എസ്.എസ് പോലുള്ള സംഘടനകളും നടത്തിയ സമാധാനപരമായ സമരപരിപാടികളിലും നാമജപ ഘോഷയാത്രകളിലും പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികളുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കാനും സർക്കാർ തയ്യാറാകണം.
തീർത്ഥാടകർക്ക് ആവശ്യമായ പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ ആവശ്യം. യു.ഡി.എഫ് സർക്കാരിന്റെ കാലത്തു നടന്ന വികസന പ്രവർത്തനങ്ങളല്ലാതെ കഴിഞ്ഞ പത്തു വർഷക്കാലമായി എടുത്തുപറയത്തക്ക ഒരു വികസനവും ശബരിമലയിൽ നടന്നിട്ടില്ല. എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയായിരു
വികസനത്തിന്റെ യു.ഡി.എഫ് വഴി
എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലയളവ് അവസാനിക്കാനിരിക്കെ ശബരിമല വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനെന്ന പേരിൽ ഇത്തരത്തിലൊരു ആഗോള സംഗമം സംഘടിപ്പിക്കുന്നതു തന്നെ തട്ടിപ്പാണ്. ശബരിമലയുടെ സമഗ്രമായ വികസനത്തിന് തുടക്കം കുറിച്ചതും സമഗ്രമായ പദ്ധതികൾ നടപ്പിലാക്കിയതും യു.ഡി.എഫ് സർക്കാരാണ്. അതിന്റെ ഭാഗമായി പമ്പയിൽ 12.675 ഹെക്ടറും നിലയ്ക്കലിൽ 112 ഹെക്ടറും വനഭൂമി വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തത് അന്നത്തെ യു.പി.എ സർക്കാരിന്റെ പിന്തുണയോടെയാണ്.
നിയമമനുസരിച്ച് വേണ്ടുന്ന വനവൽക്കരണത്തിനുള്ള മുന്നൂറിലധികം ഏക്കർ സർക്കാർ ഭൂമി ഇടുക്കി കമ്പക്കലിൽ ഉമ്മൻചാണ്ടി സർക്കാർ സൗജന്യമായി വനംവകുപ്പിന് വിട്ടുനൽകുകയും ചെയ്തു. വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ആദ്യമായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയതും അത് നടപ്പാക്കുന്നതിന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ചെയർമാനായി ഉന്നതാധികാര സമിതിയെ നിയോഗിച്ചതും ചരിത്രത്തിലാദ്യമായി ബഡ്ജറ്റിൽ 25 കോടി രൂപ അനുവദിച്ചതും യു.ഡി.എഫ് സർക്കാരാണ്.
സന്നിധാനത്ത് സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻ, പമ്പയിലും സന്നിധാനത്തും അലോപ്പതി- ആയുർവേദ- ഹോമിയോ ചികിത്സ ഉറപ്പാക്കുന്നതിന് ആശുപത്രികൾ, പമ്പ മുതൽ സന്നിധാനം വരെ നടപ്പന്തലുകൾ, പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ, ക്യൂ കോംപ്ലക്സ്, മരക്കൂട്ടത്തെ അടിപ്പാത, പമ്പയിലെ പുതിയ റോഡ്, സ്വാമി അയ്യപ്പൻ റോഡിന്റെ നവീകരണവും വൈദ്യുതീകരണവും, കണമല പാലവും റോഡുകളുടെ നവീകരണവും, നിലയ്ക്കലിൽ 4000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ശബരിമല തീർത്ഥാടന കാലയളവിൽ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ ലക്ഷക്കണക്കിന് രൂപയുടെ ഗ്രാന്റ് തുടങ്ങിയവയെല്ലാം യു.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലതാണ്.
ഭരണഘടനയിലെ ആർട്ടിക്കിൾ 290- എ പ്രകാരം സംസ്ഥാന സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 40.5 ലക്ഷം രൂപയും, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ആറുലക്ഷം രൂപയും കവനന്റ് തുക നൽകണം. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ തുക യഥാക്രമം 80 ലക്ഷം, 20 ലക്ഷം രൂപ എന്നിങ്ങനെ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി ദേവസ്വം ബോർഡിനു നൽകേണ്ട കവനന്റ് തുക പോലും നൽകാത്ത സർക്കാരാണ് ഇപ്പോൾ ശബരിമലയോടുള്ള കപട താത്പര്യവുമായി വന്നിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കവനന്റ് തുക 10 കോടിയാക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. മറ്റ് പലതും പോലെ അതും പ്രഖ്യാപനത്തിലൊതുങ്ങി. 'അയ്യപ്പസംഗമം" നടത്തുന്ന സർക്കാരിന്റെ വിശ്വാസി സമൂഹത്തോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് ഇക്കാര്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത്.
(മുൻ ദേവസ്വം മന്ത്രിയാണ് ലേഖകൻ. ഫോൺ: 98460 22228)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |