
തിരുവനന്തപുരം:ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റി നീങ്ങിയിരുന്ന ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസ് ദേവസ്വം ബോർഡിന്റെ സാരഥ്യം വഹിച്ച പാർട്ടി നേതാക്കളിലേക്കും കടന്നതോടെ, സി.പി.എം നേതൃത്വത്തിന് നീറിപ്പുകച്ചിൽ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ .വാസുവിന്റെ റിമാന്റ് റിപ്പോർട്ടിൽ, മറ്റൊരു മുൻ പ്രസിഡന്റായ എ.പത്മകുമാറിനെതിരായ പരാമർശമാണ് പുതിയ കുരുക്ക്.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി ജനങ്ങളിലേക്കിറങ്ങി വോട്ടു ചോദിക്കേണ്ട ഘട്ടത്തിലെ പ്രതിരോധം പാർട്ടിക്ക് ശുഭകരമല്ല. കേസിൽ പ്രതികളായ ഒരാൾക്കു വേണ്ടിയും അര അക്ഷരം പോലും പറയില്ലെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാക്കുകൾ ,അശുഭകരമായ പലതും ഇനിയും കാണേണ്ടി വരുമെന്ന തിരിച്ചറിവിലുള്ളതാണ്. താൻ കമ്മിഷണറായിരിക്കെ സ്വർണ്ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയായിരുന്നുവെന്ന വാസുവിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ്,അന്ന് ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യൽ നോട്ടീസ് നൽകിയത്.ഇനി ആരിലേക്കെല്ലാം അന്വേഷണം നീളുമെന്നതിലാണ് ആശങ്ക.
,. ക്രൈംബ്രാഞ്ച് മേധാവിയും എസ്.ഐ.ടി തലവനും ഓരോ 10 ദിവസം കൂടുമ്പോഴും കോടതിയിലെത്തി അന്വേഷണ പുരോഗതി അറിയിക്കണം. അതിനാൽ, ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്ക് അസാദ്ധ്യമാവും. സി.പി.എം മുൻ എം.എൽ.എയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാർ അറസ്റ്റിലായാൽ പാർട്ടി നേതൃത്വം പലതിനും സമാധാനം പറയേണ്ടി വരും. കടകംപള്ളി സുരേന്ദ്രനായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി.
ചൂടുപിടിച്ച ചർച്ചകൾ
ആരെയും രക്ഷിക്കാനില്ലെന്നൊക്കെ പുറം മോടിക്ക് പറയുന്നുണ്ടെങ്കിലും സി.പി.എം നേതൃത്വത്തിൽ പലവിധ രഹസ്യ ചർച്ചകൾ നടക്കുകയാണ്. ആരുടെയൊക്കെ പേരുകൾ പുറത്തു വരുമെന്നതിലും അമ്പരപ്പുണ്ട്. സി.പി.എമ്മിന് വേണ്ടി നല്ലപോലെ വിയർപ്പൊഴുക്കിയിട്ടുള്ള എൻ.വാസുവിനെ തള്ളിപ്പറയേണ്ടിവരുന്നത് പാർട്ടിക്ക് ക്ഷീണമാവും. ദേവസ്വം കമ്മീഷണർ പദവിയിൽ നിന്ന് വിരമിച്ച ശേഷം വാസുവിനെ ബോർഡ്
പ്രസിഡന്റാക്കിയതുൾപ്പെടെുള്ള കാര്യങ്ങൾ ചർച്ചയ്ക്ക് വരും. ഒരേ സമയം പ്രതിരോധം തീർക്കുകയും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുകയും ചെയ്യേണ്ട അവസ്ഥ. സ്ഥിതിഗതികൾ അനുനിമിഷം വീക്ഷിച്ചു വരുകയാണ് മുഖ്യമന്ത്രി ഉൾപ്പെടെ പാർട്ടി നേതൃത്വം. തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നത് അനുകൂലമാകുമെന്ന കണക്കുകൂട്ടലും ഇല്ലാതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |