SignIn
Kerala Kaumudi Online
Friday, 13 February 2026 2.48 AM IST

കേന്ദ്ര ബഡ്ജറ്റും ധന കമ്മിഷൻ റിപ്പോർട്ടും ശ്രദ്ധിച്ചു വായിക്കുമ്പോൾ,​ അവസരങ്ങളുടെ രൂപരേഖ

Increase Font Size Decrease Font Size Print Page
s

ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് അവതരണത്തിനു ശേഷം,​ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ കേരളം യോജിച്ചു സ്വീകരിച്ച ഒരു ആഖ്യാനമായിരുന്നു,​ കേരളത്തോട് കേന്ദ്രം തുടരുന്ന സാമ്പത്തിക- 'വികസന അവഗണന." കേരളം അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുയും ചെയ്ത ചിലതെങ്കിലും അപ്പടി പ്രഖ്യാപിച്ചു കണ്ടില്ല എന്നത് ന്യായമായ ഒരു നിരാശയാണ്. അതു പ്രകടിപ്പിക്കുന്നത് തെറ്റല്ല താനും. ആകെ ഉത്പാദനത്തിൽ സംസ്ഥാന വിസ്തൃതി, ജനസംഖ്യാ അനുപാതം എന്നിവയിൽ നല്ല പ്രകടനം നടത്തുന്ന സംസ്ഥാനമാണ് കേരളം. ആളോഹരി വരുമാനത്തിലും പ്രവാസി നിക്ഷേപത്തിലും സാമൂഹ്യമേഖലയിലും മാനവ വിഭവശേഷി വികസനത്തിലുമെല്ലാം രാജ്യത്തിന് ഒരു മാതൃക തന്നെയാണ് നമ്മുടെ സംസ്ഥാനം.

അതേസമയം,​ ദേശീയ ശരാശരി വളർച്ചാ നിരക്കിന് ഏതാനും പടി താഴെയാണ് കേരളം സാമ്പത്തികമായി വളരുന്നത്. തൊഴിലില്ലായ്മ പൊതുവിലും അഭ്യസ്തവിദ്യരിലും സാങ്കേതിക യോഗ്യതകൾ വേണ്ട തൊഴിലുകളിലും വനിതകളിലും ദേശീയ ശരാശരിയെക്കാൾ ഏറെ കൂടുതലാണ് എന്നത് പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും ഇടത്തരക്കാരെ ഇതര സംസ്ഥാനങ്ങളെക്കാൾ അധികം ബാധിക്കുന്നു. സംസ്ഥാനത്തിന്റെ പൊതു കടത്തിന്റെ തോത് കട നിയന്ത്രണ നിയമം അനുശാസിക്കുന്നതിലും 5 ശതമാനം കൂടുതലാണ്.

പെൻഷനും മറ്റും നൽകാനും പശ്ചാത്തല മേഖല ശക്തിപ്പെടുത്താനും ആശ്രയിച്ച ബഡ്ജറ്റേതര കടം സംസ്ഥാന ബഡ്ജറ്റിന്റെ വരവിലുള്ള നേരിട്ടുള്ള മൂൻകൂർ ബാദ്ധ്യതയായി മാറുകയും ചെയ്തു. തത്ഫലമായി ബഡ്ജറ്റിൽ പ്രതിപാദിക്കുന്ന ആകെ വരവ് യഥാർത്ഥത്തിൽ സംഭവിക്കുന്നില്ല. അതിനാൽ വികസന പ്രവർത്തനങ്ങൾക്കുള്ള പദ്ധതിപ്പണം വകയിരുത്തിയതിന്റെ 50 ശതമാനമായി പല വർഷങ്ങളിലും ചുരുങ്ങുന്നു. മൂന്നു വർഷം കൂടുമ്പോൾ ഒന്നര വാർഷിക പദ്ധതി മാത്രമേ, ഫലത്തിൽ പ്രയോജനം ചെയ്യുന്നുള്ളൂ!

മനസിലാക്കേണ്ട

യാഥാർത്ഥ്യം

ഇക്കാരണങ്ങൾകൊണ്ട് ജീവനക്കാർ, കർഷകർ, വിവിധ വികസന,​ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ, കരാറുകാർ എന്നിവർക്ക് അർഹമായ പദ്ധതി ധനസഹായം വൈകുന്നു. കർഷക സബ്സിഡികൾ, വിളനാശം, വൈദ്യുതി സബ്സിഡി എന്നിവ ഏറെ വൈകുന്നത് ഈ വിഭാഗങ്ങളിൽ വലിയ അതൃപ്തിയുണ്ടാക്കും.അഞ്ചു ലക്ഷം കോടി കവിഞ്ഞ സംസ്ഥാന കടത്തിന്റെയും,​ തനതു വരുമാനത്തിന്റെയും 9 ശതമാനം മാത്രമാണ് വളർച്ചയ്ക്ക് നിദാനമായ മൂലധന നിക്ഷേപമായി മാറ്റാനായതെന്നും സി.ഏ.ജി 2025 റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം വരും വർഷങ്ങളിൽ പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. അതിന്,​ ഉരുത്തിരുഞ്ഞുവരുന്ന ലോക സാമ്പത്തിക - കച്ചവട സാഹചര്യവും ദേശീയ വികസന മുൻഗണനകളും കേരളം അപഗ്രഥിച്ച് മനസിലാക്കേണ്ടതുണ്ട്.

രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം രാജ്യത്താകെ സ്വീകരിക്കേണ്ട ചില യാഥാർത്ഥ്യങ്ങളും മുൻഗണനകളും സംസ്ഥാനങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്.

മറ്റു സംസ്ഥാനങ്ങൾക്ക് പലതിലും മാതൃകയായ ഒരു സംസ്ഥാനമെന്ന നിലയിൽ അവസരങ്ങൾ ക്രിയാത്മകമായി സംസ്ഥാന താത്പര്യത്തിന് അനുകൂലമാക്കുന്നതിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബാഹ്യ സാഹചര്യങ്ങളെയും കേന്ദ്ര നയത്തെയും കുറിച്ച് നമുക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാമെങ്കിലും,​ ഇതു രണ്ടിനെയും മാറ്റിമറിക്കാനാവുന്ന ഒരു സ്വീകാര്യതയും ശക്തിയും,​ ലോകമെമ്പാടും വിറ്റഴിയുന്ന പകരം വയ്ക്കാനാവാത്ത ഒരു ഉത്പന്നമോ സേവനമോസ്വന്തമായുണ്ടെന്ന് കേരളത്തിന് പറയാനാവില്ല. ചില തനത് 'ജിയോടാഗ്" ഉത്പന്നങ്ങളുണ്ടെന്നു പറയാമെങ്കിലും ഒരു മില്യൻ ഡോളർ പോലും വിറ്റുവരവില്ല.

വില നിശ്ചയിക്കാൻ

നമുക്കു പറ്റില്ല

സമ്പന്നമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഉണ്ടായിട്ടും,​ അടിസ്ഥാനപരമായി മെച്ചപ്പെട്ട മാനവ വിഭവശേഷിയെ അധികരിച്ച് സേവനദാനം നടത്തി ഉപജീവനം നേടുന്ന ഒരിടമാണ് കേരളം. സേവന ഗുണനിലവാരം ഇടിയുന്നതും അവസരങ്ങൾ കുറയുന്നതും കേരളത്തെ പിന്നോട്ടടിക്കും. ഇതര സമ്പദ് വ്യവസ്ഥകളുടെ സേവനാവശ്യങ്ങൾ നിറവേറ്റുന്ന ജനതയ്ക്ക് വിലകളുടെയും (Price) ആവശ്യത്തിന്റെയും (Demand) മൂല്യം നിർണയിക്കാൻ സ്വാഭാവിക പരിമിതികളുണ്ട്. നിരക്കുകൾ നിശ്ചയിക്കുന്ന ഒരിടമല്ല,​ കേരളവും അവിടത്തെ ഉത്പന്ന – സേവനങ്ങളും. മറിച്ച്,​ വില സ്വീകരിക്കുന്ന ഇടമാണ് (Rate takers). റിസർവ് ബാങ്ക് സമീപകാലത്ത് പുറത്തിറക്കിയ,​ സംസ്ഥാന ബ‌ഡ്ജറ്റുകളെ സംബന്ധിച്ച കേന്ദ്ര 16-ാം ധനകാര്യ കമ്മിഷന്റെ താരതമ്യ പഠനവും, ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റും ശ്രദ്ധിച്ചാൽ കേരളത്തിന്റെ പുതിയ അവസരങ്ങളുടെ രൂപരേഖ കാണാം.

ഉദാഹരണത്തിന്,​ കേരളത്തിന്റെ വലിയ പരാതിയായിരുന്നു,​ 15-ാം ധനക്കമ്മിഷൻ 1.93 ശതമാനമായി കുറവുചെയ്ത. പങ്കിടാവുന്ന കേന്ദ്ര പൂളിൽ നിന്നുള്ള ധനസഹായം. കേരളം ചോദിച്ച 2.79 ശതമാനം കിട്ടിയില്ലെങ്കിലും 2.382 ശതമാനമായി അത് ഉയർന്നുകിട്ടി. ഈ ഉയർന്ന അരശതമാനത്തിൽ നിന്ന്,​ 12,000 കോടി രൂപയുടെയെങ്കിലും അധിക വരുമാനം പ്രതിവർഷം സംസ്ഥാനത്തിന് പ്രതീക്ഷിക്കാം. ജി.എസ്.ടി നഷ്ടത്തിനും റവന്യു കമ്മിക്കുമുള്ള ഗ്രാന്റുകൾ ഒരു സംസ്ഥാനത്തിനും ഇനിയില്ല. എല്ലാവർക്കും ഒഴിവായതുകൊണ്ടു തന്നെ ഇത് കേരളത്തോടുള്ള വിവേചമാണെന്ന് പറയാനുമാവില്ല.

ധനക്കമ്മിഷൻ പ്രത്യേക സഹായത്തിന് തിരഞ്ഞെടുത്തതിൽ നഗരവികസനത്തിനുള്ള ഗ്രാന്റുകൾ മാത്രം കേരളത്തിന് ആകെ 16,​000 കോടി രൂപ ലഭിക്കും. നമ്മുടെ നഗര ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ മറികടന്ന് അഞ്ച് നഗരങ്ങൾക്ക് ശരാശരി 3000 കോടി രൂപ അഞ്ചുവർഷംകൊണ്ട് പദ്ധതി കേന്ദ്രീകൃതമായി ചെലവിടുകയെന്നത് ഭരണപരമായ നല്ലൊരു വെല്ലുവിളിയാണ്. അതിനുള്ള നിർവഹണശേഷിയും ഉദ്യോഗസ്ഥ വൈദഗ്ദ്ധ്യവുമൊക്കെ ഇനിയും നഗരസഭകൾ ആർജ്ജിക്കേണ്ടതായിട്ടാണുള്ളത് കേന്ദ്ര, അന്താരാഷ്ട്ര ഫണ്ടുകൾ കൂടുതലായി ലഭിക്കാനുള്ള നടപടികൾ കേരളം സ്വീകരിക്കുന്നതോടൊപ്പം, വിദേശ മലയാളികളുടെ നിക്ഷേപവും വർദ്ധിപ്പിക്കേണ്ടതുണ്ട്‌.

(നാളെ അവസാനിക്കും. അഭിപ്രായം വ്യക്തിപരം)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.