SignIn
Kerala Kaumudi Online
Thursday, 16 April 2026 12.26 AM IST

പുതിയ തൊഴിൽ കോഡുകൾ: യാഥാർത്ഥ്യത്തിലേക്ക് ഒരു അധിക വായന

Increase Font Size Decrease Font Size Print Page
s

ഇക്കഴിഞ്ഞ നവംബർ 21-ലെ ഔദ്യോഗിക പ്രഖ്യാപനത്തോടെ, നാല് തൊഴിൽ കോഡുകൾ ഇന്ത്യയുടെ തൊഴിൽ നിയമവ്യവസ്ഥയിൽ ഘടനാപരമായ വലിയ മാറ്റങ്ങൾക്കു തുടക്കംകുറിച്ച് പുതുയുഗത്തിലേക്കു കടന്നു. പ്രതീക്ഷിച്ചതുപോലെ, ഇക്കാര്യത്തിൽ അനുകൂലമായും പ്രതികൂലമായും വാദങ്ങളുയർന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ തൊഴിൽ നിയമ പരിഷ്കാരങ്ങൾ, 29-ലധികം കേന്ദ്ര തൊഴിൽ നിയമങ്ങളെ നാല് സമഗ്ര കോഡുകളായി ഏകീകരിച്ചു. ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. കാലാകാലങ്ങളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ വന്നെങ്കിലും, അവയുടെ നടപ്പാക്കൽ ഭാഗികമോ പരിമിതമോ ആയിരുന്നു.

രാജ്യത്തെ മുന്നോട്ടു നയിക്കാൻ, ഉത്പാദനക്ഷമവും ഏവരെയും ഉൾക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ തൊഴിൽസേനയും അനുയോജ്യമായ പ്രവർത്തന സാഹചര്യവും ആവശ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. തൊഴിലാളിക്ഷേമം മെച്ചപ്പെടുത്തൽ, നിയമപാലനം ലളിതമാക്കൽ, തൊഴിൽ നിയന്ത്രണ ചട്ടക്കൂടിനെ സമകാലിക സാമ്പത്തിക- സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തൽ, വ്യവസായ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ നടപടികൾക്ക് കൂടുതൽ കരുത്തു പകരൽ എന്നിവയാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യങ്ങൾ.

നാല് കോഡുകളിലായി 29 പ്രധാന നിയമങ്ങളെ ഏകീകരിക്കുന്നതിനൊപ്പം, തൊഴിൽമേഖലയെ ഔദ്യോഗികവൽക്കരിക്കാനും പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നു. കൂടാതെ, അസംഘടിത- ഗിഗ്- പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, ലിംഗസമത്വം പ്രോത്സാഹിപ്പിക്കൽ, വിവിധ മേഖലകളിലെ തൊഴിലുടമ- തൊഴിലാളി ബന്ധങ്ങൾ ആധുനികവൽക്കരിക്കൽ എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. പുതിയ തൊഴിൽ കോഡുകൾക്ക്, നിലവിലുള്ളതും ഭാവിയിലേതുമായ തൊഴിൽ സാഹചര്യങ്ങളുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന ചില സവിശേഷതകളുണ്ട്.

സങ്കീർണതകൾ

മാറുന്നു

ചരിത്രപരമായി നോക്കിയാൽ, ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ പല തട്ടുകളായി ചിതറിക്കിടക്കുന്നതും, വൈവിദ്ധ്യമാർന്ന നിർവചനങ്ങളുള്ളതും, സങ്കീർണമായ നിയമപാലന രീതികൾ പിന്തുടരുന്നതുമായിരുന്നു. തൊഴിലുടമകൾ ഒന്നിനുമേൽ ഒന്നായി വരുന്ന നിയമപരമായ നിബന്ധനകൾ നേരിട്ടപ്പോൾ, ഭൂരിഭാഗം തൊഴിലാളികളും നിയമപരമായ സംരക്ഷണത്തിന് പുറത്തായിരുന്നു. പുതിയ ചട്ടക്കൂട് ഈ സങ്കീർണതകൾക്കു പകരം ഏകീകൃതമായ നിർവചനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും വിപുലമായ സുരക്ഷാപരിധിയും നടപ്പാക്കുന്നു.

ഗുണനിലവാരമുള്ള തൊഴിലും തൊഴിലാളികളുടെ അവകാശ- സമത്വ സംരക്ഷണവും സാമൂഹ്യസുരക്ഷയും സാമൂഹ്യസംവാദവും ഉൾപ്പെടെ, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ മാന്യമായ തൊഴിൽ തത്വങ്ങൾ ഈ പരിഷ്കരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമിതമായ ഫയലിംഗ് രീതികൾ, പരിശോധനകളെ അമിതമായി ആശ്രയിക്കൽ, ദുർബലമായ നിർവഹണം എന്നിവ പഴയ നിയമവ്യവസ്ഥയുടെ ഭാരമായിരുന്നു. പുതിയ കോഡുകൾ, ലളിതമാക്കിയ നിയമപാലന രീതികളും നിയമലംഘനങ്ങൾ തടയുന്നതിനായി ശക്തമായ പിഴശിക്ഷകളും അവതരിപ്പിക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾക്ക് കരുത്തേകിയും, സാമൂഹ്യ സുരക്ഷ വ്യാപിപ്പിച്ചും, ഏവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിച്ചും ഈ കോഡുകൾ എട്ടാം സുസ്ഥിര വികസനലക്ഷ്യത്തെ മുന്നോട്ടുനയിക്കുകയും 1, 3, 5, 10 എന്നീ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിവേഗ സാമ്പത്തിക- സാങ്കേതിക മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, വിപുലീകരിച്ച നിർവചനങ്ങൾ, പുനർപരിശീലന വ്യവസ്ഥകൾ, വിപുലമായ സാമൂഹ്യ സുരക്ഷാപരിധി, ബദൽ തൊഴിൽ ക്രമീകരണങ്ങളുടെ ഔദ്യോഗികവൽക്കരണം എന്നിവയിലൂടെ ഭാവിയിലെ തൊഴിൽപരമായ ആശങ്കകളെ ഈ കോഡുകൾ അഭിസംബോധന ചെയ്യുന്നു.

വേതന കോഡും

മറ്റും എന്ത്?​

വേതന കോഡ്: മുൻപുണ്ടായിരുന്ന നാലു നിയമങ്ങളെ സംയോജിപ്പിക്കുകയും, 'വേതനം" എന്നതിന് ഏകീകൃതമായ നിർവചനവും 'ദേശീയതല അടിസ്ഥാന വേതനം" (National Floor Wage) എന്ന ആശയവും അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വിപുലവും സുസ്ഥിരവുമായ വേതനസംരക്ഷണം ഉറപ്പാക്കുന്നു, കൃത്യസമയത്തെ ശമ്പളവിതരണം നിർബന്ധമാക്കുന്നു. ഒപ്പം, തുല്യവേതന തത്വത്തിന് കരുത്തേകുകയും ചെയ്യുന്നു. ഇത് വരുമാന സുരക്ഷ വർദ്ധിപ്പിക്കാനും തർക്കങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

വ്യവസായ സമ്പർക്ക കോഡ്: ട്രേഡ് യൂണിയനുകൾ, വ്യവസായ തർക്കങ്ങൾ, സ്റ്റാൻഡിംഗ് ഓർഡറുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെ ഈ കോഡ് ഏകീകരിക്കുന്നു. ഇത് തർക്കപരിഹാര രീതികൾ ലളിതമാക്കുകയും കൃത്യമായ സമയപരിധി നിശ്ചയിക്കുകയും ചെയ്യുന്നു. കൂടാതെ പണിമുടക്ക്, പിരിച്ചുവിടൽ, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുകയും ചെയ്യുന്നു. തൊഴിലുടമകൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതോടൊപ്പം, കൂട്ടായ വിലപേശലിനും നിയമപരമായ പ്രതിവിധികൾക്കുമുള്ള സംരക്ഷണം ഈ കോഡ് നിലനിറുത്തുന്നു.

സാമൂഹ്യസുരക്ഷാ കോഡ്: സംഘടിതമേഖലയ്ക്കപ്പുറത്തേക്ക് സുരക്ഷാ പരിധി വ്യാപിപ്പിച്ചു എന്നത് ഈ കോഡിന്റെ വലിയ സവിശേഷതയാണ്. ഗിഗ് തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരെ പ്രൊവിഡന്റ് ഫണ്ട്, ഇൻഷ്വറൻസ്, പ്രസവാനുകൂല്യങ്ങൾ, വാർദ്ധക്യകാല സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽ സുരക്ഷ, ആരോഗ്യ, തൊഴിൽ സാഹചര്യ കോഡ്: വിവിധ സുരക്ഷാ നിയമങ്ങളെ ഏകീകൃത ചട്ടക്കൂടിലേക്ക് ഈ കോഡ് സംയോജിപ്പിക്കുന്നു. ഇത് തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കുകയും, നിയന്ത്രണ മേൽനോട്ടത്തിനു കരുത്തു പകരുകയും, വിവിധ മേഖലകളിലുടനീളം നിയമപാലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എന്താണ്

മുന്നിൽ?

പുതിയ തൊഴിൽ കോഡുകളെക്കുറിച്ച് തൊഴിലുടമകൾക്കും തൊഴിലാളികൾക്കുമിടയിൽ വി.വി. ഗിരി ദേശീയ തൊഴിൽ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനം, മെച്ചപ്പെട്ട ഭാവിയുടെ കാര്യത്തിൽ ഈ നിയമങ്ങൾ ശുഭപ്രതീക്ഷ നൽകുന്നുവെന്ന് വ്യക്തമാക്കുന്നു. 64 ശതമാനം തൊഴിലാളികളും ഈ കോഡുകൾ നടപ്പാക്കുന്നതിലൂടെ വരുമാന സുരക്ഷ വർദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. നിശ്ചിത കാലയളവിലെ തൊഴിൽ കരാറുകളുടെ കാര്യത്തിലും,​ തൊഴിലിടങ്ങളിലെ സുരക്ഷയുടെ കാര്യത്തിലും തൊഴിലുടമകളും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. തൊഴിൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉപാധിയായാണ് രണ്ടുവിഭാഗവും ഈ കോഡുകളെ കാണുന്നത്.

ഇന്ത്യയുടെ തൊഴിൽ ഭരണനിർവഹണത്തിൽ നാല് തൊഴിൽ കോഡുകൾ ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. കാലഹരണപ്പെട്ട നിയമങ്ങൾ ഏകീകരിക്കുന്നതിലൂടെയും, സാമൂഹ്യസുരക്ഷാ പരിധി വ്യാപിപ്പിക്കുന്നതിലൂടെയും, തൊഴിലുടമയുടെ ഇളവുകളും തൊഴിലാളികളുടെ സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിലൂടെയും കൂടുതൽ കാര്യക്ഷമവും ഏവരെയും ഉൾക്കൊള്ളുന്നതും വളർച്ചാധിഷ്ഠിതവുമായ തൊഴിൽവിപണി സൃഷ്ടിക്കാൻ ഈ പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നു. നടപ്പാക്കലിന്റെ പ്രാരംഭഘട്ടത്തിലാണ് ഈ കോഡുകൾ എന്നതിനാൽ, ബന്ധപ്പെട്ട എല്ലാവരും തുറന്ന മനസോടെയും,​ തെറ്റുകൾ വേഗത്തിൽ തിരിച്ചറിഞ്ഞു തിരുത്താനുള്ള മനോഭാവത്തോടെയും ഇതിനെ സമീപിക്കേണ്ടത് അനിവാര്യമാണ്.

(അഹമ്മദാബാദ് ഐ.ഐ.എം ഫാക്കൽറ്റി അംഗമാണ് പ്രൊഫ. ബിജു വർക്കി, 'വേജ് ഇൻഡിക്കേറ്ററി"ലെ ഗവേഷകയാണ് ഡോ. ശൈലജ ത്രിപാഠി)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.