SignIn
Kerala Kaumudi Online
Sunday, 01 September 2024 10.37 AM IST

മോദിയുടെ പ്രതീക്ഷകൾ

Increase Font Size Decrease Font Size Print Page
s

ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആദ്യ പൊതുസമ്മേളന വേദി പത്തനംതിട്ടയാക്കിയത് ബി.ജെ.പി ചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം എന്ന അജണ്ട നടപ്പാക്കിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഹിന്ദുത്വ തുറുപ്പ് ചീട്ട് എക്കാലത്തെയും ബി.ജെ.പിയുടെ വജ്രായുധമാണ്. ഉത്തരേന്ത്യയിലെ അയോദ്ധ്യയ്ക്ക് തുല്ല്യമാണ് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങൾക്ക് ശബരിമല എന്ന സങ്കൽപ്പമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്. അതുകൊണ്ടാണ് മോദി ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിൽ തുടക്കമിട്ടതെന്ന് വിലയിരുത്തലുകളുണ്ട്.

പത്തനംതിട്ടയിലെ ജനക്കൂട്ടത്തെ നോക്കി സ്വാമിയേ... ശരണമയ്യപ്പാ... എന്നു നാല് തവണ മോദി വിളിച്ചപ്പോൾ ആവേശത്തോടെ ഏറ്റുവിളിച്ചത് പതിനായിരങ്ങളാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാണ് എൻ.ഡി.എയ്ക്ക് മുന്നേറ്റമുണ്ടാക്കിയത്. പക്ഷേ, ഇത്തവണ ആ തരംഗം ഇല്ലെന്ന് ബി.ജെ.പി തിരിച്ചറിയുന്നുണ്ട്. വിശ്വാസ സംരക്ഷകരെന്ന നിലയിൽ ശബരിമലയെ കൈവിടാനും വയ്യ. വിശ്വാസവും വികസനവും എന്ന മുദ്രാവാക്യമാണ് എൻ.ഡി.എ ഇക്കുറിയും പത്തനംതിട്ടയിൽ പയറ്റുന്നത്. പക്ഷേ, സ്ഥാനാർത്ഥി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നായത് പരമ്പരാഗതമായി ഹിന്ദുത്വ അനുകൂലികൾക്ക് സ്വീകാര്യമായോ എന്നതാണ് ചിന്താവിഷയം. എതിർ മുന്നണി സ്ഥാനാർത്ഥികളും ക്രിസ്ത്യൻ വിഭാഗക്കാരായതുകൊണ്ട് തങ്ങളുടെ പരമ്പരാഗത വോട്ടർമാരിൽ ചാഞ്ചാട്ടമുണ്ടാകില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശ്വാസം. മോദിയുടെ ഗ്യാരന്റിക്ക് ജനസമ്മതി തേടുമ്പോൾ നിലവിലെ വോട്ടുബാങ്ക് സുരക്ഷിതമാണെന്ന് അവർ കരുതുന്നു.

യുവത്യത്തിന്റെ ഊർജ്ജം നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. അനിൽ ആന്റണി ജയിച്ചാൽ പത്തനംതിട്ടയ്ക്ക് ഒരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനം ഗൃഹ സന്ദർശനത്തിൽ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്നു. പത്തനംതിട്ട സമ്മേളനത്തിൽ ജില്ലയിൽ നടപ്പാക്കിയ കേന്ദ്ര പദ്ധതികളിലൂടെയാണ് മോദിയുടെ പ്രസംഗം കടന്നുപോയത്. വലിയ ജനക്കൂട്ടമെത്തിയ സമ്മേളനത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മോദി കടന്നാക്രമിച്ചു. ഇരു മുന്നണികളും വികസന വിരോധികളാണെന്നും യുവത്വത്തിന്റെ ഊർജ്ജം നശിപ്പിക്കുകയാണെന്നും മോദി വിമർശിച്ചു. ഇരു മുന്നണികളും അകമ്രത്തെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ സർവകലാശാലകളിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ താവളമാക്കുന്നു. ഇവിടുത്തെ ക്രമസമാധാന രംഗം തകർന്നു തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് മോദി ഉന്നയിച്ചത്.

കേരളത്തിൽ പരസ്പരം മത്സരിക്കുന്നതായി അഭിനയിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ഡൽഹിയിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കും. എൽ.ഡി.എഫ് - യു.ഡി.എഫ് എന്ന ആവർത്തന വിരസതയ്ക്ക് അവസാനമുണ്ടായേലേ കേരളം രക്ഷപ്പെടൂ. പത്തൊൻപതാം നൂറ്റാണ്ടിനേക്കാൾ പിന്നിലാണ് യു.ഡി.എഫ്. കാലഹരണപ്പെട്ട ആശയങ്ങളാണ് എൽ.ഡി.എഫിന്റേത്. സ്വർണത്തിന്റെ പേരിലുള്ള കൊള്ളയാണ് എൽ.ഡി.എഫ് നടത്തിയത്. സോളാറിന്റെ പേരിൽ യു.ഡി.എഫും നാട് കൊള്ളയടിച്ചു. കേരള ജനതയുടെ സഹകരണം കിട്ടിയാൽ ഇത്തരം കൊള്ളകൾ അവസാനിപ്പിക്കുമെന്ന ഗ്യാരന്റി മോദി വാഗ്ദാനം ചെയ്തു. കേരളത്തിൽ ക്രിസ്ത്യൻ പുരോഹിതർ ആക്രമിക്കപ്പെടുന്നുവെന്ന ആശങ്ക മോദി വാക്കുകളിലുണ്ടായിരുന്നു. കേരളത്തിൽ ക്രിസ്ത്യൻ സഭകളുമായി ബി.ജെ.പി അടുപ്പം പുലർത്തുന്ന പ്രത്യേക സാഹചര്യത്തിൽ സഭയ്ക്കൊപ്പം താനും സർക്കാരുമുണ്ടാകുമെന്ന സന്ദേശം കൂടിയാണ് മോദി നൽകിയത്.

പത്തനംതിട്ട മണ്ഡലത്തിൽ ഇത്തവണ പുതിയ പരീക്ഷണത്തിനാണ് പാർട്ടി മുതിർന്നത്. കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയതോടെ മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിച്ചു. ക്രൈസ്തവ സഭകളുടെ കൂടി പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അനിൽ കെ. ആന്റണിയെ പാർട്ടി ദേശീയ സെക്രട്ടറിയാക്കി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. ബി.ജെ.പി പ്രവർത്തകരുമായി അടുപ്പമില്ലാത്തയാളെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്കുള്ളിലുണ്ടായ മുറുമുറുപ്പ് തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ടായി. ബി.ജെ.പി ജയ സാദ്ധ്യത കാണുന്ന എ പ്ളസ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ നേടിയ മൂന്ന് ലക്ഷേത്തോളം വോട്ടിൽ നിന് അൻപതിനായരം കൂടിയാൽ ഇത്തവണ വിജയിക്കാമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.

വടക്കൻ

പരീക്ഷണം

കേരളത്തിന്റെ പൊതുവായുള്ള അടിസ്ഥാന സ്വഭാവം മനസിലാക്കാതെ തീരുമാനങ്ങളെടുക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം തിരിച്ചടി വാങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ വൈകാരികത കേരളത്തിൽ വിലപ്പോവില്ലെന്ന് നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്. ഒരേ സ്ഥാനാർത്ഥി ഒന്നിലേറെ മണ്ഡലങ്ങളിൽ മത്സരിക്കുന്നതും വിജയിക്കുന്നതുമായ വടക്കൻ രാഷ്ട്രീയത്തിന്റെ ബി.ജെ.പി പരീക്ഷണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചു. ഹെലികോപ്ടറിൽ തെക്കും വടക്കും പറന്നുള്ള സുരേന്ദ്രന്റെ പ്രചരണം പരിഹാസക്കണ്ണോടെയാണ് കേരളം കണ്ടത്. കോന്നിയിൽ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. വിജയസാദ്ധ്യതയുണ്ടായിരുന്ന മഞ്ചേശ്വരത്തും പിന്നിലായി. ഒന്നിനെയും പെട്ടന്ന് അംഗീകരിക്കുന്ന രാഷ്ട്രീയ മനസല്ല കേരളത്തിന്റെത്. അതുകൊണ്ടാണ് രണ്ടാം മോദി സർക്കാരിലും കേരളത്തിൽ നിന്ന് എം.പിമാർ ഇല്ലാതെ പോയത്. സ്ഥാനാർത്ഥികളുടെ കാര്യത്തിലും ഈ യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്.

അടുത്തിടെ കോൺഗ്രസിൽ നിന്നെത്തിയതാണ് അനിൽ ആന്റണി. ആ പാർട്ടിയിലോ യുവജന, വിദ്യാർത്ഥി സംഘടനകളിലോ നേരത്തേ പ്രവർത്തിച്ചുള്ള വഴക്കം അദ്ദേഹത്തിനില്ല. ഡൽഹിയിൽ കോൺഗ്രസ് ഐ.ടി സെൽ ചുമതലയിൽ നിന്ന് ബി.ജെ.പിയിലെത്തിയ അനിലിന് പത്തനംതിട്ട പരിചിതമായിരുന്നുമില്ല. എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം പത്തനംതിട്ടയിലെത്തിയ അനിൽ ആന്റണി വ്യക്തിത്വം കൊണ്ടും വീക്ഷണം കൊണ്ടും ജനശ്രദ്ധ നേടിയത് എതിർപ്പ് പ്രകടിപ്പിച്ച പരമ്പരാഗത ബി.ജെ.പി വോട്ടർമാരിൽ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെത്തുമ്പോൾ ഭക്തരുമായി ആശയ വിനിമയം നടത്താൻ കുറച്ചു സമയം ചെലവഴിക്കുന്നു. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇടവകാംഗത്തേപ്പോലെ അദ്ദേഹം കയറിച്ചെല്ലുന്നു. മൂന്ന് തവണ പാർലമെന്റംഗമായ ആന്റോ ആന്റണിയോടും രണ്ടുതവണ എം.എൽഎയും മന്ത്രിയുമായ തോമസ് ഐസക്കിനോടും മത്സരിക്കാൻ കരുത്തുള്ള യുവ സ്ഥാനാർത്ഥിയാണ് താനെന്ന സന്ദേശമാണ് അനിൽ ആന്റണി നൽകുന്നത്. അതുകൊണ്ട് പത്തനംതിട്ടയിൽ ഇത്തവണ ത്രികോണ മത്സരത്തിന്റെ പൊടി പാറും. ബി.ജെ.പിയുടെ പരീക്ഷണത്തിന്റെ ഫലം എങ്ങനെയാകുമെന്ന് കാത്തിരുന്നു കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.