ന്യൂഡൽഹി: മൂന്നുതവണയായി രാജ്യത്തെ നയിക്കുന്നു. വയസ് എഴുപത്തഞ്ചിനോട് അടുക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ നയിക്കാൻ നരേന്ദ്രമോദി മുന്നിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ബിജെപിയുടെ നയസമീപനങ്ങളും ഈ സംശയത്തിന് ബലം നൽകുന്നു. സ്വാഭാവികമായും അടുത്ത നേതാവ് ആരെന്ന ചോദ്യമാണ് ഉയരുന്നത്. ഈ ചോദ്യം ഉയർത്തിപ്പിടിച്ച് ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഒഫ് ദി നേഷേൻ സർവേ ഫലങ്ങൾ പുറത്തുവന്നു. സർവേയിൽ ആഭ്യന്തരമന്ത്രി അമിത്ഷായാണ് മുന്നിൽ നിൽക്കുന്നത്.
മോദിക്ക് പകരക്കാരനാവാൻ അമിത്ഷാ മാത്രമാണ് യോഗ്യൻ എന്ന് കരുതുന്നവർ ഇരുപത്തഞ്ചുശതമാനം പേരാണ്. അമിത്ഷാ മുന്നിലെത്തിയെങ്കിലും മുൻ സർവേകളെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ജനസമ്മതി കാര്യമായി ഇടിഞ്ഞിട്ടുണ്ട്. ഇതിനുമുമ്പുനടന്ന രണ്ട് സർവേകളിലും അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യഥാക്രമം 29,28 ശതമാനമായിരുന്നു. ഏറ്റവും പുതിയ സർവേയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ് അമിത്ഷായെ കൂടുതൽ പിന്തുണയ്ക്കുന്നത്. മുപ്പത്തൊന്നുശതമാനം പേരാണ് ദക്ഷിണേന്ത്യയിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ.
വളരെ നാളുകളായി മോദിയുടെ പിൻഗാമി എന്നനിലയിൽ വാർത്തകളിലും ബിജെപി അനുഭാവികളുടെയും മനസിൽ ഇടംപിടിച്ചിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യാേഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്താണ്. 19 ശതമാനം പേരാണ് യോഗി പ്രധാനമന്ത്രിയാണമെന്ന് ആഗ്രഹിക്കുന്നവർ. ഉത്തർപ്രദേശിലെ ബിജെപിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളായിരിക്കാം യോഗിയുടെ നില അമിത്ഷായുടെ താഴേക്ക് കൊണ്ടുവന്നതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎയുടെ മോശം പ്രകടത്തിന് യോഗി ഏറെ പഴി കേൾക്കേണ്ടിവന്നിരുന്നു.
13 ശതമാനം വോട്ടുകളോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് മൂന്നാംസ്ഥാനത്തുള്ളത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൃഷി മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും അഞ്ച് ശതമാനം പേരുടെ അംഗീകാരം നേടി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ സർവേകളെ അപേക്ഷിച്ച് ശിവ്‌രാജ് സിംഗ് ചൗഹാന് പിന്തുണ കാര്യമായി കൂടിയിട്ടുണ്ട്. നേരത്തേയുള്ള സർവേകളിൽ 2.9 ശതമാനം മാത്രമായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചിരുന്നത്. അതാണ് ഇപ്പോൾ അഞ്ച് ശതമാനമായി ഉയർന്നത്. അപ്രതീക്ഷിത ഉയർച്ചയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. സർവേയിൽ രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലെ 40,591 പേരാണ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |