SignIn
Kerala Kaumudi Online
Saturday, 27 December 2025 4.02 AM IST

കേന്ദ്ര സർക്കാരിന്റെ വാർഷിക രേഖ,​ പരിഷ്‌കാരങ്ങൾക്ക് പൂർണവേഗം

Increase Font Size Decrease Font Size Print Page
s

വലുതായി ചിന്തിക്കാനും വേഗത്തിൽ നീങ്ങാനും ആഴത്തിലുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനും ഇന്ത്യ തിരഞ്ഞെടുത്ത വർഷമായി 2025 ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. ഈ കാലയളവിൽ നമ്മൾ കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കുകയും, നികുതി നിയന്ത്രണ ഘടനകൾ ലളിതമാക്കുകയും, വ്യവസായത്തിന് പുതിയ അതിരുകൾ തുറക്കുകയും ചെയ്തു. ആത്മവിശ്വാസമുള്ള രാഷ്ട്രത്തിന്റെ അഭിലാഷങ്ങളുമായി ഭരണത്തെ സമന്വയിപ്പിച്ച നിർണായക വേളയായി അത് മാറുകയും ചെയ്തു.

എല്ലാ ആഗോള കണക്കുകളെയും മറികടന്ന്, 2025- ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം ജി.ഡി.പി വളർച്ച കൈവരിച്ചു. നികുതി മുതൽ തൊഴിൽ പരിഷ്‌കാരങ്ങൾ വരെയും, തുറമുഖ നവീകരണം മുതൽ ആണവോർജ്ജം വരെയും ഗണ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും, സുപ്രധാന പരിഷ്‌കാരങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവൻ നൽകുകയും ചെയ്തതിന്റെ ഫലമായിരുന്നു അത്. തൊഴിൽ കോഡുകൾ നമ്മുടെ തൊഴിൽ മേഖലയെ വ്യക്തവും നിർണായകവുമായ രീതിയിൽ മാറ്റിയെടുത്ത ആദ്യ വർഷമായിരുന്നു 2025. ചിതറിക്കിടന്നിരുന്ന 29 നിയമങ്ങളെ നാല് ആധുനിക കോഡുകളായി ഏകീകരിച്ച്, വ്യാപാരങ്ങൾക്ക് കൂടുതൽ വ്യക്തതയും,​ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വവും ഇന്ത്യ സൃഷ്ടിച്ചു.

2025- ൽ ഇന്ത്യയുടെ ജി.എസ്.ടി സമ്പ്രദായം ഏറ്റവും അർത്ഥവത്തായ ലളിതവത്കരണത്തിനാണ് സാക്ഷ്യം വഹിച്ചത്. നികുതി ഘടന രണ്ട് സ്ലാബുകളായി മാറിയത് വീടുകൾ, ചെറുകിട- ഇടത്തരം സംരംഭങ്ങൾ, കർഷകർ, തൊഴിലധിഷ്ഠിത മേഖലകൾ എന്നിവയുടെ ഭാരം കുറച്ചു. തർക്കങ്ങൾ കുറയ്ക്കുക, ചട്ടങ്ങൾ പാലിക്കൽ മെച്ചപ്പെടുത്തുക, ഡിജിറ്റൽ മേൽനോട്ടം ശക്തിപ്പെടുത്തുക, സാമ്പത്തിക സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി ദോഷകരമായ വസ്തുക്കളെയും ആഡംബര വസ്തുക്കളെയും  പുതിയ ഘടനയ്ക്കു പുറത്ത് നിലനിറുത്തുക എന്നിവയാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യം. കുറഞ്ഞ സ്ലാബുകളും ക്രമീകരണങ്ങളും നിലനിൽക്കുമ്പോഴും, 2026 സാമ്പത്തിക വർഷത്തിൽ ജി.എസ്.ടി വരുമാനം ബഡ്ജറ്റ് കണക്കുകൾ കവിയുമെന്ന് എസ്.ബി.ഐ റിസർച്ച് പ്രവചിക്കുന്നു.

ആദായനികുതി

പരിഷ്കാരം

ആധുനിക ഗാർഹിക ബഡ്ജറ്റുകളുടെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ആദായ നികുതി ചട്ടക്കൂടിലൂടെ 2025 ഇന്ത്യയിലെ മദ്ധ്യവർഗത്തിന് പരിവർത്തനാത്മക മാറ്റം കൊണ്ടുവന്നു. പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ഇനി ആദായ നികുതി നേരിടേണ്ടി വരുന്നില്ല. ഇത് കുടുംബങ്ങൾക്ക് ഗണ്യമായ സമ്പാദ്യമുണ്ടാക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാനും ചെലവഴിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയും ചെയ്തു. അതേസമയം, 4,000ത്തിലധികം ഭേദഗതികളും ആയിരക്കണക്കിന് സങ്കീർണതകളും നിറഞ്ഞ 1961-ലെ പഴയ ആദായനികുതി നിയമത്തിനു പകരം, ആധുനികവും ലളിതവുമായ ആദായ നികുതി നിയമം ഇന്ത്യ കൊണ്ടുവന്നു.

കെട്ടിട അനുമതികളിലും പരിസ്ഥിതി അനുമതികളിലും കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് മുൻവർഷത്തെ ശ്രദ്ധേയമായ നടപടികളിൽ മറ്റൊന്ന്. നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിച്ചതിലൂടെ നേരത്തേയുണ്ടായിരുന്ന 33 ശതമാനം ഹരിത വിസ്തൃതി എന്ന ഏകീകൃത നിബന്ധന ഒഴിവാക്കി, ഓരോ വ്യവസായത്തിന്റെയും മലിനീകരണ സാദ്ധ്യത അടിസ്ഥാനമാക്കി വ്യത്യസ്തമായ പുതിയ സംവിധാനം കൊണ്ടുവന്നു.

സംരംഭങ്ങൾക്ക്

ശുഭകാലം

100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി 'ചെറുകിട കമ്പനികൾ" എന്നതിന്റെ നിർവചനം വികസിപ്പിച്ചത് ആയിരക്കണക്കിന് സംരംഭങ്ങളുടെ മുഖച്ഛായ മാറ്റിമറിച്ചു. ഇത് ഏകദേശം 10,000 കമ്പനികളുടെ നിയമപരമായ ചട്ടങ്ങൾ പാലിക്കേണ്ട ബാദ്ധ്യത കുറയ്ക്കുകയും ഈയിനത്തിലുള്ള ചെലവിൽ പ്രതിവർഷം രണ്ടുലക്ഷം രൂപ ലാഭിക്കാൻ സഹായിക്കുകയും ചെയ്യും. എം.എസ്.എം.ഇ നിർവചനത്തിൽ വരുത്തിയ മാറ്റം (കഴിഞ്ഞ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്നത്) സ്ഥാപനങ്ങളുടെ വളർച്ച തടസപ്പെടുത്തിയിരുന്ന ഘടനാപരമായ പരിമിതികൾ നീക്കം ചെയ്യുകയും,​ ഇതിലൂടെ നിക്ഷേപ പരിധി 2.5 മടങ്ങായും വിറ്റുവരവ് പരിധി ഇരട്ടിയായും വർദ്ധിപ്പിക്കുകയും ചെയ്തു.

സൂക്ഷ്മ സംരംഭങ്ങളുടെ നിക്ഷേപ പരിധി ഒരുകോടി രൂപയിൽ നിന്ന് 2.5 കോടി രൂപയായും വിറ്റുവരവ് പരിധി അഞ്ചു കോടിയിൽ നിന്ന് 10 കോടി രൂപയായും ഉയർത്തുകയും,​ ചെറുകിട സംരംഭങ്ങളുടെ നിക്ഷേപ പരിധി 10 കോടിയിൽ നിന്ന് 25 കോടിയായും വിറ്റുവരവ് പരിധി 50-ൽ നിന്ന് 100 കോടി രൂപയായും വർദ്ധിപ്പിക്കുകയും ചെയ്തു. ഇടത്തരം സംരംഭങ്ങളുടെ കാര്യത്തിൽ,​ നിക്ഷേപ പരിധി 125 കോടി രൂപയായും,​ വിറ്റുവരവ് പരിധി 500 കോടി രൂപയായും ഉയർത്തുകയാണ് ചെയ്തത്.

വിദേശനിക്ഷേപം

ഒഴുകട്ടെ

ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കുന്നതിലൂടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പുതുതായി എട്ടു മുതൽ 10 കോടി വരെ പേർ ഇൻഷുറൻസ് പരിരക്ഷയുടെ കീഴിൽ വരും. കൂടാതെ അടുത്ത മൂന്നു മുതൽ അ‍ഞ്ചു വർഷത്തിനകം ഇന്ത്യൻ ഇൻഷ്വറൻസ് വിപണിയിലേക്ക് എട്ടു മുതൽ 12 ശതകോടി ‌ഡോളർ വരെ വിദേശനിക്ഷേപം ഒഴുകും. ഒരു ദശാബ്ദത്തിനകം സർക്കാരിനു മേലുള്ള രണ്ടുലക്ഷം കോടി രൂപയുടെ വരെ സാമ്പത്തിക ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

സർക്കാരും വ്യാപാരവും തമ്മിലുള്ള ബന്ധത്തെ 'ജനവിശ്വാസ്" പരിഷ്‌കാരങ്ങൾ പുനർനിർവചിച്ചു. ഇരുന്നൂറിലധികം ചെറിയ കുറ്റങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങൾ റദ്ദാക്കി. 2025-ലെ റദ്ദാക്കൽ ഭേദഗതി ബില്ലോടെ ഈ പരിവർത്തനം പുതിയതും ആഴമേറിയതുമായ ഘട്ടത്തിലേക്ക് പ്രവേശിച്ചു.

യു.ജി.സി,​ എ.ഐ.സി.ടി.ഇ,​ എൻ.സി.ടി.ഇ തുടങ്ങിയ,​ പരസ്പരം ഇഴപിരിഞ്ഞു കിടക്കുന്ന ഒന്നിലധികം നിയന്ത്രണ സംവിധാനങ്ങൾക്കു പകരം 'വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ" എന്ന ഏകീകൃത ഉന്നത വിദ്യാഭ്യാസ നിയന്ത്രണ സംവിധാനം നിലവിൽ വരികയാണ്. സ്ഥാപനങ്ങളുടെ സ്വയംഭരണം വർദ്ധിപ്പിക്കുന്നതിനും, നൂതനാശയങ്ങളും അക്കാഡമിക് മികവും പ്രോത്സാഹിപ്പിക്കുന്നതിനും, ഗുണനിലവാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.

സുരക്ഷിത

ആണവം

ആണവോർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 'ശാന്തി ബില്ലി" ന് പാർലമെന്റ് അംഗീകാരം നല്കി. ഇതൊരു ചരിത്രപരമായ നീക്കമാണ്. കാരണം, 1962-ലെ പഴയ ആണവോർജ്ജ നിയമം റദ്ദാക്കിയും, 2010-ലെ ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാദ്ധ്യതാ നിയമത്തെ ഉൾപ്പെടുത്തിയും ഇന്ത്യ അതിന്റെ ആണവ നയത്തെ ആധുനിക നിയമത്തിനു കീഴിലാക്കിയിരിക്കുകയാണ്. തന്ത്രപരമായ ഇന്ധന ചക്രം, സമ്പുഷ്ടീകരണം, പുനഃസംസ്‌കരണം, ആയുധ മേഖല എന്നിവ പൂർണമായും സർക്കാർ നിയന്ത്രണത്തിൽ നിലനിറുത്തിക്കൊണ്ടുതന്നെ, തിരഞ്ഞെടുത്ത സിവിൽ ആണവ പദ്ധതികളിൽ സ്വകാര്യ വിദേശ പങ്കാളിത്തം ഈ നിയമം അനുവദിക്കുന്നു. ഇത് പൊതുമേഖലയ്ക്കു മാത്രമായി സാദ്ധ്യമാകാത്ത തരത്തിൽ മൂലധനവും സാങ്കേതികവിദ്യയും ആധുനിക റിയാക്ടറുകളും ഇന്ത്യയിലേക്ക് എത്തിക്കാൻ വഴിയൊരുക്കും.

പുതിയ വികസിത് ഭാരത്- ജി റാം ജി ബിൽ തൊഴിലുറപ്പു ചട്ടക്കൂടിലൂടെ ഗ്രാമവികസനത്തിൽ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഈ നിയമം ഉറപ്പുനൽകുന്ന തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി വർദ്ധിപ്പിക്കുകയും, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനമാർഗങ്ങളും ശക്തിപ്പെടുത്തുന്നതിലേക്ക് ഈ തൊഴിലിനെ തിരിച്ചുവിടുകയും ചെയ്യുന്നു. ലളിതമായ നിയമങ്ങൾ, ശക്തമായ സംവിധാനങ്ങൾ, കുറഞ്ഞ പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന ആഗോള വിശ്വാസ്യത എന്നിവയിലൂടെ 2025 ഇന്ത്യയുടെ ഘടനാപരമായ പരിഷ്‌കാരങ്ങളുടെ വർഷമായി മാറി. 2047- ഓടെ വികസിത ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ലക്ഷ്യത്തിന് ഇത് കരുത്തുറ്റ അടിത്തറ പാകി.

TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.