
കൊൽക്കത്ത; പശ്ചിംമ ബംഗാളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത പരിപാടിയുടെ വേദി മാറ്റിയതിലും മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രപതിയെ സന്ദർശിക്കാത്തതും വിവാദമാക്കി ബി.ജെ.പി. അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു വേദി മാറ്റിയതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അഞ്ചുലക്ഷം ആളുകളെ കൊള്ളുന്ന സ്ഥലമാണിത്. ആദ്യം തീരുമാനിച്ച സ്ഥലത്ത് ദൂരക്കൂടുതൽ കാരണം സാന്താൾ ജനതയ്ക്ക് എത്താനാകില്ലായിരുന്നു. രാഷ്ട്രപതിയുടെ ചടങ്ങിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉണ്ടാകുന്നതാണ് പതിവ്. തന്നോടുള്ള ദേഷ്യം കാരണമാകാം മമത വരാത്തത്. ഞാനും ബംഗാളിന്റെ മകളാണ്. എനിക്ക് ബംഗാൾ സന്ദർശിക്കാൻ അനുവാദമില്ല. മമത എനിക്ക് അനുജത്തിയെ പോലെയാണെന്നും രാഷ്ട്രപതി പറഞ്ഞു.
മമത രാഷ്ട്രപതിയെയും സന്താൾ സമുദായത്തെയും അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ബംഗാളിലെ തൃണമൂൽ സർക്കാർ എല്ലാ അതിരുകളും ലംഘിച്ചെന്ന് നരേന്ദ്രമോദി പറഞ്ഞു. രാഷ്ട്രപതിയുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്നും അത് ബഹുമാനിക്കപ്പെടണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം വടക്കൻ ബംഗാളിലെ സിലിഗുരിക്കടുത്തുള്ള ഫാൻസിദേവയിൽ നടത്താനിരുന്ന പരിപാടി സുരക്ഷാ കാരണങ്ങളാൽ ബിധാൻനഗർ മാജ്ഹി താനിലെ ഉട്ടോറൻ ടൗൺഷിപ്പിന് സമീപത്തേക്ക് മാറ്റിയതാണ് മമത വിട്ടുനിൽക്കാൻ കാരണം. ബി.ജെ.പി രാഷ്ട്രപതിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് മമത പ്രതികരിച്ചു. പതിവായി എത്തുന്ന അതിഥികളെ സ്വീകരിക്കാൻ സമയമില്ല. വർഷത്തിലൊരിക്കൽ വന്നാൽ സ്വീകരിക്കും. പക്ഷേ,വർഷത്തിൽ 50 തവണ വന്നാൽ,എങ്ങനെ പറ്റും. മണിപ്പൂരിലെ ആദിവാസികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ രാഷ്ട്രപതി മിണ്ടിയില്ലെന്നും മമത ആരോപിച്ചു. എസ്.ഐ.ആർ വഴി ആദിവാസി വോട്ടർമാർ പുറത്തായതും അവർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |