
'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ...!" അയ്യപ്പപ്പണിക്കരുടെ 'മോഷണം" എന്ന കവിതയിൽ ചെറിയ മോഷണങ്ങൾ നടത്തി വരുന്ന കഥാപാത്രത്തിന്റെ ആത്മരോഷമാണ് ഇത്. അപ്പോൾ പെരുങ്കള്ളന്മാരെ എന്തു വിളിക്കും? കേരളത്തിൽ അതിവേഗ റെയിൽപ്പാത ആരംഭിക്കുന്നതിന് മെട്രോ മാനും, ഡൽഹി മോട്രോ റെയിൽ കോർപ്പറേഷൻ മുൻ ചെയർമാനുമായ ഇ. ശ്രീധരൻ തൃശൂരിൽ സ്വന്തമായി ഓഫീസ് തുറന്നതിനെ പരിഹസിച്ച് സി.പി.എം സൈബർ സഖാക്കളുടേതാണ് കമന്റ്. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച, രാജ്യത്തെ ഏഴ് അതിവേഗ റെയിൽ ഇടനാഴികളിൽ കേരളമില്ല. ഇ. ശ്രീധരൻ ഓഫീസ് തുറന്നത് കേന്ദ്രത്തിന്റെ അനുമതിയോടെയാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ മറുപടിയും 'തത്തക... പിത്തക" മട്ടിലായിരുന്നു- ആണെന്നോ അല്ലെന്നോ അദ്ദേഹം പറഞ്ഞില്ല!
ഓഫീസ് ഉദ്ഘാടനം നടത്തിയ ഇ. ശ്രീധരൻ ഇവിടെ അതിവേഗ റെയിൽ കൊണ്ടുവന്നേ അടങ്ങൂ എന്ന വാശിയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച വേളയിൽ അവിടെ എം.എൽ.എ ഓഫീസ് തുറക്കുകയും, നിർബന്ധിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കക്ഷിയല്ലേ എന്നാണ് എതിരാളികളുടെ പരിഹാസം. ആർക്കും എവിടെയും ഒരു ഓഫീസ് തുറക്കാൻ ആരുടെയും അനുമതി വേണ്ടല്ലോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ്. പിണറായിക്ക് ആളെ അത്ര മനസിലായിട്ടില്ലെന്നു തോന്നുന്നു. 'അമ്പട വീരാ, സണ്ണിക്കുട്ടാ..."
ഇടതു സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ പൊളിഞ്ഞു. അവശേഷിക്കുന്നത് കുറെ മഞ്ഞക്കുറ്റികൾ മാത്രം. അതും ഉടനെ ഇളക്കി മാറ്റും. അതിന് ബദലായി സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശിച്ച റാപിഡ് റെയിലിന് റെയിൽവെയുടെ അനുമതി വേണ്ടത്രേ. തന്റെ അതിവേഗ റെയിലിനെ തുരങ്കം വയ്ക്കാനാണ് റാപിഡ് റെയിലെന്നും, അത് നടക്കാൻ പോകുന്നില്ലെന്നും ഇ. ശ്രീധരൻ. പേര് എന്തായാലും കേരളത്തിന് ഒരു അതിവേഗ റെയിൽ കിട്ടിയാൽ മതിയെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ അയഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ വീണ്ടും പുതിയ മഞ്ഞക്കുറ്റികളും അതിനെതിരായ സമരങ്ങളും കാണേണ്ടി വന്നേനെ!
കേരളത്തിലെ കടലാമകൾ ചില്ലറക്കാരല്ല. അങ്ങ് ഡൽഹിയിലും അവർക്ക് പിടിപാടുണ്ടെന്ന് കേന്ദ്ര ബഡ്ജറ്റിലൂടെ വ്യക്തമായി. മനുഷ്യർ ഉൾപ്പെടെ കേരളത്തിലെ കരജീവികൾക്ക് ഗുണകരമായി ഒന്നും ബഡ്ജറ്റിൽ എത്ര തപ്പിയിട്ടും കാണുന്നില്ലെന്നാണ് എൽ.ഡി.എഫിന്റെയും
യു.ഡി.എഫിന്റെയും പരാതി. പക്ഷേ, ഇവിടത്തെ കടലാമകളെ ഇതുവരെ ആരെങ്കിലും തിരിഞ്ഞു നോക്കിയിരുന്നോ? കേരളത്തിലെയും മറ്റും കടലാമ പ്രജനന കേന്ദ്രങ്ങളിലൂടെയുള്ള വിനോദസഞ്ചാര പദ്ധതിയാണ് കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് കിട്ടിയത്. ഈ പദ്ധതി നടപ്പിലാവുന്നതോടെ, കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകൾ ഇരച്ചെത്തുമെന്ന് ബി.ജെ.പി നേതാക്കൾ. കേരളത്തിന് ആകെ കിട്ടിയത് 'ആമമുട്ട"യെന്ന് എതിർ മുന്നണികൾ. പാർലമെന്റിലും നിയമസഭയിലും കേരളത്തിലെ തെരുവുകളിലുമെല്ലാം ആമയെയും ആമ മുട്ടയെയും കുറിച്ചാണ് സംസാരം.'നന്ദി ആരോട് ഞാൻ ചൊല്ലണ്ടൂ" എന്നതിൽ എന്തായാലും ആമകൾക്കിടയിൽ തർക്കമില്ല.
പുതിയ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കട്ടായം പറഞ്ഞു നടന്ന കേന്ദ്ര മന്ത്രി സുരേഷ്
ഗോപി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ, അതില്ലെന്നായതോടെ പത്രക്കാരെ കാണുമ്പോൾ ആമയെപ്പോലെ തല വലിക്കുകയാണത്രേ! എയിംസ് ആലപ്പുഴയിൽ ഉറപ്പായും കൊണ്ടുവരുമെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി, കേരളത്തിലെത്തിയിട്ട് എല്ലാം പറയാമെന്ന നിലപാടിലാണ്. കിനാലൂരിൽ സംസ്ഥാന സർക്കാർ സ്ഥലമെടുത്തിട്ടിട്ടും, 'സ്ഥലമെവിടെ സർക്കാരേ" എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെയും മറ്റും ചോദ്യം.
'എങ്കിലും ചന്ദ്രികേ നമ്മൾ കാണും സങ്കല്പ ലോകമല്ലീയുലകം..." ചങ്ങമ്പുഴയുടെ 'രമണനി"ൽ കാമുകനുമൊത്തുള്ള സങ്കല്പലോകത്തെ ജീവിതം സ്വപ്നം കണ്ട ചന്ദ്രികയോട് കാമുകനായ രമണൻ യഥാർത്ഥ ലോകം ഇതല്ലെന്ന് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിനും അത്ര വിലയേ പ്രതിപക്ഷം കണ്ടിരുന്നുള്ളൂ. ബഡ്ജറ്റുകളിലും തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിലും ജനങ്ങൾക്കു നൽകുന്ന വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും പലതും നടപ്പാക്കാനുള്ളതല്ലെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. 'സ്വപ്നലോകത്തെ ബാലഭാസ്കരനെ" പോലെ സർക്കാരിന്റെ കാലാവധി തീരാറായ സമയത്തെ ബഡ്ജറ്റിൽ മന്ത്രി ബാലഗോപാൽ നടത്തുന്ന പ്രഖ്യാപനങ്ങളും ഈ സർക്കാരിന് നടപ്പാക്കാൻ പറ്റാത്തവയാണെന്ന പരിഹാസച്ചിരിയോടെയാണ് വി.ഡി. സതീശനും കൂട്ടരും നിയമസഭയിൽ ബഡ്ജറ്റ് പ്രസംഗം കേട്ടിരുന്നത്.
പക്ഷേ, ആടറിയുന്നുണ്ടോ അങ്ങാടി വാണിഭം? മന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ച് തുടങ്ങിയപ്പോൾ 'ഇതൊക്കെ എത്ര കേട്ടിരിക്കുന്നു" എന്ന, 'കിലുക്കം" സിനിമയിലെ ഇന്നസെന്റിന്റെ മുഖഭാവമായിരുന്നു പ്രതിപക്ഷത്തിന്. അതിനൊന്നും ചെവികൊടുക്കാനും പോയില്ല. പക്ഷേ പിന്നീട്, ജനക്ഷേമ പദ്ധതികളുടെ മലവെള്ളപ്പാച്ചിൽ കേട്ട് അവരുടെ കണ്ണുതള്ളിയെന്നാണ് ഭരണപക്ഷം പറയുന്നത്. മൂന്നുവർഷം മുമ്പത്തെ ബഡ്ജറ്റിൽ ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടുന്ന തരത്തിൽ അധിക നികുതികളും, പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസും ഏർപ്പെടുത്തിയ മന്ത്രി, ആശാ വർക്കർമാരും ഓട്ടോറിക്ഷാ തൊഴിലാളികളും തുടങ്ങി സമൂഹത്തിന്റെ സർവ മേഖലകളിലുള്ളവർക്കും ക്ഷേമാനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പോരാത്തതിന്, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് പുതിയ കമ്മിഷനും. അതിനു തന്നെ വേണം കോടികൾ. എങ്ങനെ പണം കണ്ടെത്തുമെന്ന് പറയുന്നുമില്ല.
ജനത്തെ വെറുപ്പിക്കാൻ പുതിയ നികുതികളുമില്ല. ആനയും ചേനയും നൽകുമെന്നൊക്ക പറഞ്ഞിട്ട് അവർക്ക് കൈയും തട്ടി ഇറങ്ങിപ്പോകാം. ഭാരം മുഴുവൻ തങ്ങളുടെ തലയിലാവില്ലേ എന്നാണ്, അടുത്തു വരുന്നത് യു.ഡി.എഫ് സർക്കാരെന്ന് ഉറപ്പിച്ചു നടക്കുന്ന സതീശന്റെയും ചെന്നിത്തലയുടെയും മറ്റും ആധി. പിണറായിയും ബാലഗോപാലും ചേർന്ന് നടത്തിയ ക്ഷേമപദ്ധതികളെന്ന പൂഴിക്കടകൻ പ്രയോഗം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. പുതിയ ശമ്പള കമ്മിഷൻ ഉൾപ്പെടെ ഒന്നിനെയും തള്ളിപ്പറയാൻ വയ്യ. പൂഴിക്കടകൻ ജനങ്ങൾക്കിടയിൽ ക്ളിക്കാവുമോ എന്നും അശങ്ക.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ഇതുപോലൊരു പ്രയോഗം ബഡ്ജറ്റിൽ നടത്തിയിരുന്നു. ക്ഷേമ പദ്ധതികളുടെ അയ്യരുകളി. ആ തിരഞ്ഞെടുപ്പിൽ യു.ഡിഎഫ് അധികാരത്തിൽ വരുമെന്നായിരുന്നു മിക്ക ചാനൽ സർവേകളുടെയും പ്രവചനം. യു.ഡി.എഫ് സർക്കാരിൽ കോൺഗ്രസിലെ ആരെയൊക്കെ മന്ത്രിയാക്കണമെന്നു വരെ ചർച്ച നടന്നു. ഒടുവിൽ വോട്ടണ്ണിയപ്പോൾ 99 സീറ്റോടെ ഇടതു മുന്നണിക്ക് തുടർ ഭരണം. 41 സീറ്റിലൊതുങ്ങി യു.ഡി.എഫ്. അതോർത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉറക്കം വരുന്നില്ലെന്നാണ് കേട്ടത്.
നുറുങ്ങ് :
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ സ്വാഭാവിക ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് കേസിനെ
ബാധിക്കില്ലെന്നും, അന്വേഷണം പൂർത്തിയാക്കിയ ശേഷം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്.
®വലിയ ചതിയായിപ്പോയി.പിണറായി സർക്കാരിനെ താഴെയിറക്കാൻ വി.ഡി. സതീശനും കൂട്ടരും കാസർകോട്ടു നിന്ന് ആരംഭിച്ച യാത്രയിലെ പ്രധാന ആയുധത്തിന്റെ മുനയല്ലേ കോടതി ഒടിച്ചു കളഞ്ഞത്!
(വിദുരരുടെ ഫോൺ: 99461 08221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |