
ധനികനായ ഒരു വ്യാപാരിയ്ക്ക് വിശ്വസ്തനായ ഒരു കാര്യസ്ഥനുണ്ടായിരുന്നു. ഒരിക്കൽ വ്യാപാരി കാര്യസ്ഥനെ വിളിച്ച് ഒരു ബാങ്ക് അക്കൗണ്ട് നമ്പർ കൊടുത്തിട്ടു പറഞ്ഞു, “ഇത് ഒരു അനാഥബാലനുവേണ്ടി ഞാൻ തുടങ്ങിയ അക്കൗണ്ടാണ്. എല്ലാ മാസവും എന്റെ വരുമാനത്തിൻ്റെ പത്തു ശതമാനം ഈ അക്കൗണ്ടിൽ നിക്ഷേപിക്കണം.” എന്നാൽ കാര്യസ്ഥൻ അനാഥബാലന്റെ അക്കൗണ്ടിൽ പണമൊന്നും ഇട്ടില്ല. ആ പണമത്രയും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്തത്. കുറെ കാലം കഴിഞ്ഞപ്പോൾ ധനികന്റെ ബിസിനസ്സ് വളരെ മോശമായി. അതേസമയം കാര്യസ്ഥൻ തീരാരോഗം പിടിപെട്ട് ജോലി ചെയ്യാൻ കഴിയാത്ത വിധം കിടപ്പിലായി. വ്യാപാരി സകല സ്വത്തും വിറ്റ് നാട്ടിലേയ്ക്കുപോയി, അവിടെയെത്തിയശേഷം അദ്ദേഹം കാര്യസ്ഥന് ഒരു കത്തെഴുതി. “നീ ഇത്രയും വർഷം എനിക്കുവേണ്ടി ആത്മാർത്ഥമായി ജോലി ചെയ്തു. ഇപ്പോൾ അസുഖം കാരണം നിനക്ക് ജോലി ചെയ്‌തു ജീവിക്കാനാവില്ലെന്ന് എനിക്കറിയാം. നീ വിഷമിക്കരുത്. എല്ലാ മാസവും ഞാൻ അനാഥകുട്ടിയ്ക്കുവേണ്ടി ബാങ്കിലിട്ടിരുന്ന പണം വാസ്തവത്തിൽ നിനക്കുവേണ്ടിയുള്ളതായിരുന്നു. നീ അതുപയോഗിച്ച് സുഖമായി ജീവിച്ചുകൊള്ളുക."കത്തു വായിച്ചതും കാര്യസ്ഥൻ ഞെട്ടിപ്പോയി. ബാങ്കിലെ ആ അക്കൗണ്ടിൽ ഒരുനയാപൈസപോലും ഇല്ലായിരുന്നു. ഓരോ മാസവും മുതലാളി തന്ന പണം ബാങ്കിലിടാതെ കാര്യസ്ഥൻ ധൂർത്തടിച്ചു കളഞ്ഞിരുന്നു. അയാളുടെ ദുഷ്‌കർമ്മത്തിന്റെ ഫലം ഒടുവിൽ അയാളെ തേടിയെത്തുകതന്നെ ചെയ്തു. അവരവർ ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം അവരവർ അനുഭവിക്കുക തന്നെ ചെയ്യും.മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്ന ഉദ്ദേശത്തോടെ നമ്മൾ ചെയ്യുന്ന പുണ്യകർമ്മങ്ങളുടെയും മറ്റുള്ളവരെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന പാപകർമ്മങ്ങളുടെയും ഫലം നമ്മളിലേക്ക് തന്നെ തിരിച്ചുവരും എന്നാണ് കർമ്മസിദ്ധാന്തം പറയുന്നത്. വിധി എന്നു പറയുന്നതും നമ്മൾ ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം തന്നെ. ഇന്നലത്തെ കർമ്മമാണ് ഇന്നത്തെ വിധിയായി വരുന്നത്. ഇന്നത്തെ കർമ്മം നാളത്തെ വിധിയായിത്തീരുന്നു. അതിനാൽ ഇന്നത്തെ കർമ്മം ശുദ്ധമായാൽ നാളത്തെ വിധി നമുക്ക് അനുകൂലമാകും.എത്ര ശ്രമിച്ചിട്ടും നമ്മുടെ പ്രയത്നങ്ങൾ പലതും സഫലമാകാതെ പോകുന്നതും, ചിലപ്പോൾ തടസ്സമൊന്നും കൂടാതെ നമ്മുടെ പ്രയത്നങ്ങൾ വിജയിക്കുന്നതും മുൻപ് നമ്മൾ ചെയ്ത കർമ്മങ്ങളുടെ സ്വാധീനം കാരണമാണ്.ദേശവും കാലവും കർമ്മഫലത്തിൻ്റെ പ്രവർത്തനത്തിന് തടസ്സമല്ല. രാജ്യത്തെ നിയമവ്യവസ്ഥയെപ്പോലെയാണത്. ഒരാൾ കുറ്റകൃത്യം ചെയ്‌തശേഷം രാജ്യത്തിന്റെഏതു കോണിൽ പോയി ഒളിച്ചാലും പോലീസും നിയമവും അയാളെ പിൻതുടർന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ നൽകും. അതുപോലെ നമ്മൾ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഈ ജന്മത്തിലും അടുത്ത ജന്മങ്ങളിലും നമ്മളെ പിൻതുടരും.അതിനാൽ നമ്മുടെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും ശ്രദ്ധയോടെയായിരിക്കണം.എല്ലാം വിധിയാണെന്നു പറഞ്ഞ് നമ്മൾ ഒരിക്കലും വെറുതെ ഇരിക്കരുത്. പ്രയത്നം പരമപ്രധാനമാണ്. അസുഖം വന്നാൽ മരുന്ന് കഴിച്ച് നമ്മൾ ആ ദുരിതം കുറയ്ക്കാറുണ്ടല്ലോ.ശരിയായ പ്രയത്നം കൊണ്ടും സത്‌കർമ്മങ്ങൾ കൊണ്ടും നമ്മൾ അനുഭവിക്കേണ്ടുന്ന ദുരിതങ്ങളുടെ തീവ്രത കുറയ്ക്കാൻ കഴിയും. കർമ്മങ്ങൾ വിവേകപൂർവ്വം അനുഷ്‌ഠിക്കുന്നവന് തീർച്ചയായും ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ കഴിയും.
-ശ്രീ മാതാ അമൃതാനന്ദമയീ ദേവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |