SignIn
Kerala Kaumudi Online
Sunday, 26 April 2026 5.42 AM IST

പഹൽഗാമിലേക്കുള്ള ഹിമപാതകൾ

Increase Font Size Decrease Font Size Print Page
a

ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്കുള്ള യാത്രയിൽ ഉടനീളം മനസിൽ വെടിമുഴക്കങ്ങളായിരുന്നു. പാകിസ്ഥാൻ പാലൂട്ടി വളർത്തിയ ലഷ്കറെ തയ്ബ ഭീകരരുടെ തോക്കിൻമുനയിൽ കൃത്യം ഒരുവർഷം മുമ്പ് 26 വിനോദസഞ്ചാരികളുടെ ജീവൻ പി‌ടഞ്ഞൊടുങ്ങിയത് പഹൽഗാമിലെ ബൈസരൺ വാലിയിൽ ആണ്! ആ ഓർമ്മകൾ മാറ്റിവച്ചാൽ അവിസ്മരണീയമാണ് പഹൽഗാമിലേക്കുള്ള റോഡ് യാത്ര. ഹിമാലയൻ പർവത നിരകളുടെ ചരിവുകളിൽ ചുവടുറപ്പിച്ചു നില്ക്കുന്ന,​ നൂറ്റാണ്ടുകൾ പഴക്കമുളള പൈൻ മരങ്ങൾ ഒരുക്കുന്ന നിബിഡവനമാണ് ചുറ്റിലും. കാശ്മീരിലെ വലിയ നദികളിലൊന്നായ ഝലം നദിയുടെ പ്രധാന പോഷക നദികളിലൊന്നായ സിന്ധിന്റെ തീരങ്ങളിലൂടെ,​ നാഷണൽ ഹൈവേ- വണ്ണിലൂടെയാണ് യാത്ര.

സിന്ധ് നദി,​ ഉരുളൻകല്ലുകൾക്കു മുകളിലൂടെ തുള്ളിച്ചാടിയൊഴുകുന്ന സുന്ദരിയാണ്,​ ഇവിടെ. ഇടയ്ക്ക് ഒരു അവസരം കിട്ടിയപ്പോൾ നദിയിലിറങ്ങി. പാദം മുതൽ അരിച്ചുകയറുന്ന കൊടുംതണുപ്പ്. കരയിൽനിന്ന് നോക്കുമ്പോൾ സാധാരണ വെള്ളംപോലെയേ തോന്നൂ. കിലോമീറ്ററുകളോളം നീണ്ട ഈ റോഡ് യാത്ര,​ പകരം വയ്ക്കാനില്ലാത്തത്ര അനുഭവവേദ്യമാണ്. ഉയരമുള്ള മലയുടെ മുകൾപ്പരപ്പിലും ചരിവുകളിലും തുവെള്ള മഞ്ഞുകട്ടകൾ വെള്ളിത്തകിടുകൾ പാകിയതു പോലെ കിടക്കുന്നു. സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ഈ പ്രതിഭാസത്തെ ഗ്ലേസിയേഴ്സ് (Glaciers) എന്നാണ് പറയുക.

കഥ പറയും

പാക് ടാങ്ക്


ബദാമിബാദ് എന്ന സ്ഥലത്ത് എത്തുമ്പോൾ ചരിത്രസ്മരണകൾ ഉണർത്തുന്ന കാഴ്ചകളാണ്. ഇന്ത്യ- പാക് യുദ്ധവും,​ ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം ഭൂപടത്തിൽ ഉണ്ടായതും ചരിത്രസത്യം. ആ യുദ്ധത്തിൽ പാകിസ്ഥാനെ തോല്പിച്ചുകൊണ്ട് പിടിച്ചെടുത്ത ടി.55 പാറ്റൻടാങ്ക് റോഡരികിൽ പ്രദർശിപ്പിച്ചിരിക്കുന്നതു കാണാം. ചൈനീസ് നിർമ്മിതമാണ് ഈ ടാങ്ക്. യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ടാങ്കിലുണ്ടായിരുന്ന പാക് പട്ടാളക്കാരെ കൊന്നെങ്കിലും ടാങ്കിന്റെ പ്രവർത്തനം നിർത്താനായില്ല. ഒടുവിൽ,​ ഒരു ഇന്ത്യൻ സൈനികൻ ശരീരത്തിൽ ബോംബ് വച്ചുകെട്ടി നടത്തിയ ആത്മാഹുതിയിലാണ് ടാങ്കിന്റെ പ്രവർത്തനം നിന്നത്!

ദേശീയപാത- ഒന്നിന്റെ ഇരുവശങ്ങളിലായുള്ള വിശാലമായ ഭൂമിയിൽ ഇന്ത്യൻ കരസേനയുടെ സൈനിക ക്യാമ്പാണ്. എത്ര കണ്ടാലും മതിവരാത്ത ഭൂഭാഗഭംഗികൾ, പുൽത്തകിടികളിൽ നിബിഡമായി വളർന്നുനില്ക്കുന്ന പൈൻ, വില്ലോ മരങ്ങളും പൂച്ചെടികളും. ഇതിനടുത്താണ് പുൽവാമ ഭീകരാക്രമണം നടന്ന സ്ഥലം. അവിടെ വാഹനം നിർത്താൻ അനുവാദമില്ല. 24 മണിക്കൂറും സൈനികരുടെ നിരീക്ഷണമുണ്ട്. അതു മാത്രമല്ല,​ പഹൽഗാമിലും സോനാ മാർഗിലും ഗുൽമാർഗിലുമെല്ലാം സന്ദർശകർക്ക് സുരക്ഷ ഒരുക്കുന്നതിനായി AK 47 തോക്കുകളുമായി കാവൽനില്ക്കുന്ന നമ്മുടെ സൈനികരുണ്ട്.


തണുപ്പു കാലമാകുമ്പോൾ മൈനസ് 20-ഉം 30-ഉം ഡിഗ്രി സെൽഷ്യസ് തണുപ്പിൽ സ്വജീവൻ തൃണവൽഗണിച്ച് സേവനമനുഷ്ഠിക്കുന്ന നമ്മുടെ ധീരജവാന്മാർക്ക് ഒരു ബിഗ് സല്യൂട്ട്. കാർഗിൽ യുദ്ധം നടന്ന സ്ഥലത്തിന്റെ വിദൂരദൃശ്യം ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അവിടെ ഓക്സിജൻ കുറവാണ്. പ്രാണവായുപോലും കിട്ടാതെ, മരംകോച്ചുന്ന മഞ്ഞിൽ, ഏതുനിമിഷവും ശത്രുവിന്റെ ആക്രമണത്തിനു സാദ്ധ്യതയുള്ള ഇവിടങ്ങളിൽ ത്യാഗപൂർണമായ സേവനം ചെയ്യുന്ന നമ്മുടെ സൈനികരുടെ ആത്മാർത്ഥത കാണാതെ പോകരുത്.

കാശ്മീരിന്റെ

കുങ്കുമഗന്ധം


കുറേക്കൂടി മുന്നോട്ടു ചെല്ലുമ്പോൾ നീണ്ടുപരന്നു കിടക്കുന്ന കൃഷിസ്ഥങ്ങളിൽ നിറയെ കുങ്കുമപ്പൂവുകൾ വിരിയുന്ന സാഫ്രോൺ ചെടികൾ കാണാം. ഒക്‌ടോബർ- നവംബർ മാസത്തിലാണ് പൂക്കൾ വിരിയുക. അവിടെ റോഡിന്റെ ഇരുവശങ്ങളിലുമായി കുങ്കുമപ്പൂക്കളും വാൽനട്ടും മറ്റ് ഉത്പന്നങ്ങളും വിൽക്കുന്ന നൂറുകണക്കിന് കടകളുണ്ട്. കുങ്കുമപ്പൂ കർഷകരുടെ സൊസൈറ്റി നടത്തുന്ന സൂപ്പർ മാർക്കറ്റിൽ കയറി. കുങ്കുമത്തിന്റെ ഔഷധമൂല്യവും കൃഷിരീതികളും അവർ വിവരിക്കുന്നു. നമ്മുടെ ജാതിക്കായ്ക്ക് ഉള്ളിലെ ജാതിപത്രി പോലെയുളള കുങ്കുമപ്പൂ ഒരു ഗ്രാമിന് 350 രൂപയാണ് വില. ലോകത്ത് കാശ്മീർ താഴ്വരയിലും ഇറാനിലും മാത്രമാണത്രേ കുങ്കുമപ്പൂക്കൾ വിളയുന്നത്.


വാഹനം മുന്നോട്ടു നീങ്ങുന്തോറും വിശേഷപ്പെട്ട ഒരു മരം ശ്രദ്ധയിൽപ്പെട്ടു. ഒറ്റത്തടിയായി നേരെ നിവർന്ന് നൂറ് അടിവരെ ഉയരത്തിൽ ചെറിയ ഇലകളും ശിഖരങ്ങളുമായി അടുത്തടുത്ത് നില്ക്കുന്ന സുന്ദരവൃക്ഷം. അപ്പോഴാണ്,​ ക്രിക്കറ്റ് ബാറ്റും ബാളും നിർമ്മിക്കുന്ന ഫാക്ടറി കാണാൻ വണ്ടി നിർത്തിയത്. മുമ്പുകണ്ട മരത്തിന്റെ (Willow) തടിയാണ് ബാറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ തടികൾ മുറിച്ച് ക്രിക്കറ്റ് ബാറ്റിന്റെ വലിപ്പത്തിൽ അറുത്ത്, കെട്ടിടത്തിനു മുകളിലെ കോൺക്രീറ്റ് തറയിൽ പ്രത്യേക രീതിയിൽ അടുക്കിവച്ച് മാസങ്ങളോളം മഞ്ഞും മഴയും വെയിലും കൊള്ളിച്ചതിനു ശേഷമാണ് ഇവ ചീകി,​ മറ്റു ചില രാസ പ്രക്രിയകളും നടത്തി ബാറ്റുകൾ നിർമ്മിക്കുന്നത്.

ലൈഫ്‌ലോംഗ് പീരിഡ് ഗാരന്റിയുളള ബാറ്റുകൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ കിട്ടും. കൂടെയുണ്ടായിരുന്നവരൊക്കെ ബാറ്റുകൾ വാങ്ങി. കൊച്ചുമകൻ ഇഷാനുവേണ്ടി ഒരെണ്ണം ഞാനും വാങ്ങി. പച്ചവിരിച്ച താഴ്വാരങ്ങളും മഞ്ഞിൽ പൊതിഞ്ഞ്,​ വെള്ളി പൂശിയതുപോലെ കിടക്കുന്ന മലഞ്ചരിവുകളും,​ ആ മഞ്ഞിൽ വേരുറപ്പിച്ച് തലയുയർത്തി നില്ക്കുന്ന ഹിമാലയൻ വൃക്ഷങ്ങളും,​ ശക്തമായ നീരൊഴുക്കുളള നദികളുമെല്ലാം ചേർന്ന് പഹൽഗാമിലേക്കുളള യാത്ര (ശ്രീനഗറിൽ നിന്ന് 90 കി.മീറ്റർ) അവിസ്മരണീയമാക്കുന്നു.


ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ പൈൻ മരത്തോട്ടങ്ങൾക്കു താഴെ മനോഹരങ്ങളായ പുൽമേടുകളാണ്. താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ എത്തുമ്പോഴേക്കും പുല്ലും ചെടികളുമൊന്നുമില്ലാതെ മഞ്ഞുപാളികൾ വിരിച്ചിട്ടിരിക്കുന്ന മരച്ചുവടുകളാണ് കാണാനാകുക. പുൽമേടുകളിലായാലും മഞ്ഞുപാളികൾക്കു മുകളിലായാലും നദീതടങ്ങളിലായാലും തഴച്ചുവളർന്ന് തലയുയർത്തി നില്ക്കുന്ന വലിയ പൈൻ മരങ്ങൾ പഹൽഗാമിന്റെ പ്രത്യേകതയാണ്. സിന്ധ് നദിയുടെയും ലിഡർ നദിയുടെയും തീരങ്ങളും അതിനോടു ചേർന്നുളള മലഞ്ചരിവുകളും ഒരുക്കുന്ന മനോഹാരിത വിവരിക്കാനാവുന്നതല്ല. അതുകൊണ്ടാണ് 'മിനി സ്വിറ്റ്സർലന്റ്" എന്ന് ഈ പ്രദേശം അറിയപ്പെടുന്നത്.

ആപ്പിൾത്തോട്ടം,​

കടുക് പാടം


അമർനാഥിലേക്കും വൈഷ്‌ണോ ദേവീക്ഷേത്രത്തിലേക്കുമുളള തീർത്ഥയാത്രികരുടെ ബേസ്‌ ക്യാമ്പാണ് പഹൽഗാം. ഇവിടെ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കാശ്മീരി ജനത പാചകത്തിന് ഉപയോഗിക്കുന്നത് കടുകെണ്ണയാണ്. അതുകൊണ്ടുതന്നെ കടുകു കൃഷി ഇവിടെ പ്രധാനമാണ്. മണ്ണിൽ നിന്ന് ഒരു അടി ഉയരത്തിൽ വളർന്ന് ചെറിയ മഞ്ഞപ്പൂക്കളുമായി നില്ക്കുന്ന കടുക്‌ ചെടികൾ നിറഞ്ഞ പാടങ്ങൾ നോക്കെത്താദൂരം പരന്നുകിടക്കുന്നു. കടുക് പാടങ്ങളിലിറങ്ങി ഫോട്ടോ എടുക്കുന്നത് സഞ്ചാരികളുടെ ഹോബിയാണ്. വഴിയിലുടനീളം ആപ്പിൾ തോട്ടങ്ങൾ കാണാം. യൂറോപ്യൻ രാജ്യങ്ങളിൽ- പ്രത്യേകിച്ച് സ്വീഡൻ, നോർവെ തുടങ്ങിയ രാജ്യങ്ങളിൽ 40-ഉം 50-ഉം അടി ഉയരത്തിൽ പടർന്നു പന്തലിച്ച് നിറയെ കായ്കളുമായി നിൽക്കുന്ന ആപ്പിൾ മരങ്ങളാണ് കാണാവുന്നതെങ്കിൽ,​ ഇവിടെ 10- 15 അടി ഉയരത്തിൽ വെട്ടി ഒതുക്കിനിർത്തിയിരിക്കുന്ന ചെടികളാണ് അധികവും.

ആപ്പിൾ ചെടികൾ നിറയെ പൂത്തുനില്ക്കുന്നത് കാണാനേ ഞങ്ങൾക്ക് പറ്റിയുള്ളൂ. ഇളംവെള്ളയും വയലറ്റും നിറങ്ങൾ കലർന്ന ആപ്പിൾ പൂക്കൾ കാണാൻ നല്ല ഭംഗിയാണ്. സഞ്ചാരികളിൽ അധികവും ആപ്പിൾ ചെടികളുടെ പൂക്കൾക്കരികിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 'ആട്ടിടയന്മാരുടെ താഴ്വര" എന്നാണ് പഹൽഗാം അറിയപ്പെടുന്നത്. താഴ്‌വാരങ്ങളിലെ പുൽത്തകിടികളിൽ നീണ്ട രോമങ്ങളുള്ള വെളുത്ത ചെമ്മരിയാടുകൾ കൂട്ടമായി മേയുന്ന കാഴ്ച പുതുമയുളളതാണ്. പഹൽഗാമിൽ,​ ഒരുവർഷം മുമ്പുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. വെടിവയ്പ് നടന്ന സ്ഥലം ഇപ്പോൾ ഇന്ത്യൻ സൈനികരുടെ ശക്തമായ കാവലിലും നിരീക്ഷണത്തിലുമാണ് . സഞ്ചാരികൾക്ക് അവിടെ പ്രവേശനം അനുവദിക്കുന്നില്ല.


കാശ്മീരിലൂടെയുള്ള യാത്രകളിൽ ഏറെ മനം കവർന്നത് ശ്രീനഗറിൽ നിന്ന് 80 കി.മീ. ദൂരെ,​ സോനാ മാർഗിലേക്കുളള കാർ യാത്രയായിരുന്നു. സ്വർണവർണത്തിലുളള Alpine (ആൽപൈൻ) പൂക്കൾ നിറഞ്ഞ ഭൂപ്രദേശമാണിത്. നമ്മുടെ കമ്മൽച്ചെടിയിലെ പൂക്കൾ പോലെ ഇളം മഞ്ഞനിറമുള്ള ഈ പൂക്കളിൽ പ്രഭാതസൂര്യന്റെ രശ്മികൾ പതിക്കുമ്പോഴത്തെ സ്വർണ വർണമാണ് ഈ പ്രദേശത്തിന് സോനാ മാർഗ് (സ്വർണ്ണത്താഴ്‌വര) എന്നു പേരുണ്ടാകാൻ കാരണം. സമുദ്ര നിരപ്പിൽനിന്ന് 2800 മീറ്റർ ഉയരത്തിലുള്ള സോനാ മാർഗിലെ പർവതങ്ങളുടെ മുകൾഭാഗങ്ങളിൽ വെള്ളിക്കട്ടകൾ വാരിവിതറിയതു പോലെ തോന്നിക്കുന്ന 'ഗ്ലേസിയേഴ്സ്' എന്ന പ്രതിഭാസം എത്ര കണ്ടാലും മതിയാവില്ല.

ഹിമാനി എന്ന

മഞ്ഞുതടാകം

മലനിരകൾക്കിടയിൽ മഞ്ഞുകണങ്ങൾ ഊറിക്കൂടി രൂപപ്പെടുന്ന തടാകങ്ങളാണ് ഹിമാനികൾ. താജിവാസ് തടാകം, കൊൽഹായ് ഹിമാനി, മച്ചോയ് ഹിമാനി മുതലായവ ഇതിൽ പ്രധാനമാണ്. മഞ്ഞുമലകൾക്കിടയിലെ ഈ നീലത്തടാകം എത്ര കണ്ടാലും മതിവരില്ല. താഴ്വാരത്തിൽ കാറിൽനിന്നിറങ്ങി,​ മലമുകളിലേക്ക് നടക്കുകയോ കുതിരപ്പുറത്ത് കയറിപ്പോവുകയോ വേണം ഇവിടെയെത്താൻ. ഝലം നദിയുടെ പോഷകനദികളായ സിന്ധും ലിഡറും ഒക്കെ ഉത്ഭവിക്കുന്നത് ഈ മലമുകളിലെ തടാകങ്ങളിൽ നിന്നാണ്.

കാശ്മീരിലെ മുഗൾ ഉദ്യാനങ്ങളായ ഷാലിമാർ, നിഷാന്ത്, ചശ്മാശാഹി എന്നീ പൂന്തോട്ടങ്ങൾ കാണാൻ പോയപ്പോൾ സ്‌കൂൾ ക്ലാസുകളിൽ പഠിച്ച കാര്യങ്ങൾ ഓർമ്മവന്നു. കാശ്മീരിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഈ ഉദ്യാനങ്ങൾ. കാശ്മീരിൽ,​ ഡാൽ തടാകത്തിന്റെ വലതുവശത്താണ് ഷാലിമാർ ഗാർഡൻസ്. 1619-ൽ മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീർ ആണ് ഇതിന്റെ സ്ഥാപകൻ. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ചിന്നാർ മരങ്ങളും വിവിധയിനം പൈൻ മരങ്ങളും പേരറിയാത്ത നൂറുകണക്കിന് ഹിമാലയൻ വൃക്ഷങ്ങളും ഷാലിമാറിനെ സൗന്ദര്യപൂരിതമാക്കുന്നു. ഹിമാലയ പർവതത്തിലെ വനങ്ങളിലുള്ള മനോഹരങ്ങളായ പൂക്കളും ചെടികളും പൂമരങ്ങളും മറ്റും കണ്ടെത്തി അവയുടെ തൈകൾ കൊണ്ടുവന്ന് ഈ ഉദ്യാനത്തിൽ നട്ടുവളർത്തി എന്നറിയുമ്പോഴാണ് ജഹാംഗീറിന്റെ ആത്മാർത്ഥതയും ഭാവനാസമ്പന്നതയും പ്രതിബദ്ധതയും തിരിച്ചറിയുക.

കാഴ്ചയുടെ കാവ്യാത്മക സൗന്ദര്യം അക്ഷരാർത്ഥത്തിൽ അനുഭവപ്പെടുത്തുന്നതാണ് ടുലിപ് ഗാർഡൻ. കാശ്മീരിന്റെ വസന്തം ഏപ്രിൽ- മേയ് മാസങ്ങളിലാണ്. പക്ഷേ ടുലിപ് വസന്തം മാർച്ച് അവസാനത്തോടെ ആരംഭിച്ച് ഏപ്രിൽ അവസാനത്തോടെ കഴിയും. മഞ്ഞ, വെള്ള, മെറൂൺ, കടുംചുവപ്പ്, റോസ്, പർപ്പിൾ, പിങ്ക്, വയലറ്റ് തുടങ്ങി വിവിധ നിറങ്ങളിലായി ആയിരക്കണക്കിന് ടുലിപ് പൂക്കൾ എത്ര കണ്ടാലും മതിവരാത്ത മനോഹാരിത സമ്മാനിക്കുന്നു. ഏക്കർ കണക്കിന് വിശാലമായി കിടക്കുന്ന ടൂലിപ് ഗാർഡൻ ആസ്വദിച്ച് കാണാൻ മണിക്കൂറുകൾ വേണം.

(തുടരും)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.