
ജൈവ വളം നിർമ്മാണത്തിൽ രാജ്യത്ത് മുൻനിരക്കാരായ ചാലക്കുടി അണലൂരിലെ കൃപ ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡി(കൃപ ബോൺ ഇൻഡസ്ട്രീസ്)ന്റെ സ്ഥാപകനും സാരഥിയുമാണ് വേണു മാസ്റ്റർ. സ്കൂൾ പഠനകാലത്തു തന്നെ കൃഷി, മണ്ണ്, വളം എന്നിവയോട് അദ്ദേഹത്തിന്റെ അടുപ്പം തുടങ്ങിയിരുന്നു. കേര കർഷകനായ വലിയപറമ്പിൽ അനിരുദ്ധന്റേയും സരോജിനിയുടേയും മകൻ. ഇടവിളയായി കൂർക്കയും കപ്പയുമെല്ലാം ഉണ്ടായിരുന്നു. അദ്ധ്വാനമായിരുന്നു കുടുംബത്തിന്റെ സംതൃപ്തി. മാതാപിതാക്കൾ അഞ്ഞൂറു കട വീതം കൊള്ളി നടുമ്പോൾ
200 കട വീതം നടുകയാകും വേണുവിനും സഹോദരിക്കും ദൗത്യം. കപ്പ പുഴുങ്ങിയും വാട്ടിയും ഉണക്കിപ്പൊടിച്ചും ആഹാരമാക്കിയിരുന്നു. പള്ളിക്കൂടത്തിൽ പോകും മുമ്പ് കുളത്തിൽ നിന്ന് വലിയ കുടങ്ങളിൽ വെള്ളമെടുത്ത് കൃഷിയിടങ്ങൾ നനയ്ക്കണമെന്നതും നിർബന്ധം. വൈകിട്ട് ഏതെങ്കിലും ചെടി വാടി നിൽക്കുന്നുണ്ടെങ്കിൽ നന തുടരണം. കമ്മിഷൻ വ്യവസ്ഥയിൽ വളം കൊണ്ടുവന്ന് വിൽക്കുന്ന കരാറും അച്ഛൻ ഏറ്റെടുത്തിരുന്നു.
സാമ്പത്തിക ഞെരുക്കത്തിലും ഭക്ഷണം സുഭിക്ഷമായിരുന്ന അക്കാലത്ത് തന്നെ മണ്ണിന്റെ ആരോഗ്യത്തിലും ചെടികളുടെ കായ്ഫലത്തിലും മികച്ച വളങ്ങൾക്കുള്ള പങ്ക് വേണു തിരിച്ചറിഞ്ഞിരുന്നു. ഞാഞ്ഞൂൾ അടക്കം മണ്ണിലെ ഉപകാരികളായ സൂക്ഷ്മജീവികൾ ചെയ്യുന്ന കർത്തവ്യം വിസ്മയത്തോടെ മനസിലാക്കിയിരുന്നു.വേണു പത്താം ക്ലാസിൽ പഠിക്കുമ്പോളാണ് അച്ഛന്റെ മരണം. പഠനത്തോടൊപ്പം വരുമാന മാർഗങ്ങൾ തേടേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ജൈവ വളം നിർമ്മാണം ചെറിയ നിലയിൽ തുടങ്ങിയത്. പിണ്ണാക്കും കംപോസ്റ്റും പോലുള്ള അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാകാനാണ് പിന്നീട് ചാലക്കുടിക്ക് താമസം മാറിയത്. അപ്പോഴേക്കും രസതന്ത്രത്തിൽ വേണു ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഗസ്റ്റ് അദ്ധ്യാപകനായി ജോലി ചെയ്ത് വരവേയാണ് തന്റെ മേഖല ജൈവ വളം ബിസിനസ് തന്നെയാണെന്ന് തീർച്ചയാക്കിയത്. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കക്കയും മറ്റും അടങ്ങുന്ന വളം ഉത്പാദനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ശുദ്ധമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഒരു പ്രശ്നമായി. അങ്ങനെയാണ് സ്വന്തമായി ഫാക്ടറിയും മെഷിനറിയും സ്ഥാപിച്ചത്. 1995ൽ അണലൂരിലെ സ്ഥലത്ത് കമ്പനി പൂർണസജ്ജമായി.
പി.എച്ചിനെ മെരുക്കണം
ജൈവ വളത്തിൽ പല പരീക്ഷണ ഗവേഷണങ്ങളും വേണു മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. സവിശേഷമായ പല ഉത്പന്നങ്ങളും പുറത്തിറക്കി. പച്ചക്കക്ക പൊടി, ബോൺ ചൗ മീൽ തുടങ്ങിയവ ഇതിൽപ്പെടും.
കേരളത്തിൽ മിക്കയിടത്തും പി.എച്ച് മൂല്യം കുറഞ്ഞ മണ്ണാണ്. അമ്ലാംശം കൂടുതലായിരിക്കും. ഇത് ചെടികളുടെ ശരിയായ വളർച്ച തടയും. അതിനാൽ പി.എച്ച്. സന്തുലിതമാക്കാൻ ഏറ്റവും സഹായകമായ ഉത്പന്നമാണ് പച്ചക്കക്ക മിശ്രിതം. കടൽ മുരിങ്ങ(ഓയ്സ്റ്റർ ഷെൽ) പൊടിച്ചാണ് ഇത് നിർമ്മിക്കുന്നത്. എല്ലുപൊടിക്കൊപ്പം എല്ലിലുള്ള മജ്ഞയും മാംസവും ചേർത്ത് പൊടിയ്ക്കുന്നതാണ് ചൗമീൽ. വേപ്പിൻ കുരുവിന്റെ തൊലിയും ഉമിയും മാറ്റി, പരിപ്പുമാത്രം പൊടിച്ച് തയാറാക്കുന്ന നീം കെർണൽ കേക്ക് അത്യുത്പാദന ശേഷിക്കും ചെടിയുടെ രോഗ പ്രതിരോധത്തിനും രോഗനിവാരണത്തിനും സഹായിക്കുന്നതാണ്.
സമീകൃതമായി തയാറാക്കുന്ന ജൈവ വളങ്ങളിൽ രാസ വളങ്ങളിൽ ഉള്ളതു പോലെ നൈട്രജനും ഫോസ്ഫറസും സൂക്ഷ്മ മൂലകങ്ങളുമുണ്ട്. പൊട്ടാഷ് മാത്രമാകും കുറവുള്ളത്. വില നിലവാരവും നിലവിൽ രാസവളങ്ങൾക്ക് സമാനമാണ്. എന്നാൽ ജൈവ വളങ്ങൾ കൂടുതൽ അളവിൽ പ്രയോഗിക്കേണ്ടി വരുമെന്നു മാത്രം. സൂക്ഷ്മ ജീവികളെ നശിപ്പിക്കാതെ മണ്ണിന്റെ ആരോഗ്യം നിലനിറുത്തുമെന്നതിനാൽ ഇതൊരു അമിതച്ചെലവായി കാണേണ്ടതില്ലെന്നാണ് വേണുവിന്റെ പക്ഷം. ജൈവ- രാസ വളങ്ങൾ ചേർത്ത് സമ്മിശ്ര കൃഷിരീതിയുമുണ്ട്. വളം നിർമ്മാണത്തിനായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക യന്ത്രങ്ങൾ ഉൾപ്പെടെയാണ് ഫാക്ടറിയിൽ വിന്യസിച്ചിരിക്കുന്നത്. എല്ലുപൊടിക്ക് മൃഗങ്ങളുടെ എല്ല് ശേഖരിക്കുന്നത് കേരളത്തിലേയും തമിഴ്നാട്ടിലേയും അറവുശാലകളുമായി ബന്ധപ്പെട്ട സപ്ലൈയർമാരിൽ നിന്നാണ്. എല്ലു പുഴുങ്ങി സജ്ജമാക്കുന്നത് പാലക്കാട്ടെ യൂണിറ്റിലാണ്.
കടൽ കടന്ന പെരുമ
തളിർത്തുവരുന്ന തൈകൾ മുതൽ വൻ ഫലവൃക്ഷങ്ങൾക്ക് വരെ അനുയോജ്യമായ രാസരഹിത വളങ്ങളാണ് കൃപ ഓർഗാനിക്കിന്റെ സവിശേഷത. ഫാക്ടറി തുടങ്ങുന്ന കാലഘട്ടത്തിൽ കേരളത്തിൽ ജൈവ കൃഷിക്ക് അത്ര പ്രചാരമുണ്ടായിരുന്നില്ല. എന്നാൽ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഓർഡറുകൾ കിട്ടി. ക്രമേണ കേരളത്തിലും വിതരണം മെച്ചപ്പെട്ടു. നിലവിൽ മലേഷ്യ, സിംഗപ്പൂർ, ഖത്തർ എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്. തേയില, കാപ്പി, റബർ എസ്റ്റേറ്റുകൾ, ചെടി നഴ്സറികൾ, വളം കടകൾ, കൃഷി ഓഫീസുകൾ, കെയ്കോ തുടങ്ങിയ അർദ്ധസർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാണ് വിപണനം. ഓൺലൈനായും ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. 12കൂട്ടം പിണ്ണാക്ക് മിക്ച്ചറുകൾ ഉൾപ്പെടെ മുപ്പതോളം ഇനങ്ങൾ കമ്പനി പുറത്തിറക്കുന്നു. പച്ചക്കറികളും മറ്റും സാധാരണ രീതിയിൽ ചാണകപ്പൊടിയും മറ്റും നൽകി വളർത്തുന്നതിനേക്കാൾ 30 മുതൽ 40ശതമാനം വരെ വിളവ് കൂട്ടാൻ സമ്പുഷ്ട ജൈവ വളങ്ങൾക്കാകുമെന്ന് വേണു മാസ്റ്റർ അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തുന്നു. റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി കേരളത്തിൽ അടുത്തിടെ പ്രചാരത്തിലായ ഇനങ്ങൾക്കും കൃപ ഉത്പന്നങ്ങൾ അനുയോജ്യമാണ്. മാസം 300 ടൺ വളം ഉത്പാദിപ്പിക്കുന്നുണ്ട് ഫാക്ടറിയിൽ. ജൈവ വളം പായ്ക്കുചെയ്യുന്ന വിവിധയിനം ചാക്കുകൾ നിർമ്മിക്കുന്ന യൂണിറ്റും ഇവിടെയുണ്ട്. ചാക്കുകൾ ഓർഡറനുസരിച്ച് വിൽപനയ്ക്കുമുണ്ട്.
സുമംഗലയാണ് വേണു മാസറ്ററുടെ ഭാര്യ. മകൾ: നമിത ഗുരുദേവ്, (കൊച്ചി ഇൻഫോപാർക്കിൽ ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റ്), മകൻ: നവീൻ വേണു(എൻജിനിയർ, കാനഡ). മരുമകൻ ഗുരുദേവ് കൃപ ഓർഗാനിക്സിന്റെ സി.ഇ.ഒയാണ്. മരുമകൾ അപർണ നവീൻ എം.ടെക് കാനഡയിൽ ജോലി ചെയ്യുന്നു. 60 ജീവനക്കാരാണ് കമ്പനിയിൽ പ്രവർത്തിക്കുന്നത്.
കാർഷിക വിജ്ഞാന വ്യാപന മേഖലകളിലും വേണു മാസ്റ്ററുടെ സജീവ സാന്നിദ്ധ്യമുണ്ട്. കൃഷിക്കാർക്ക് ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കുന്നു. കൃഷി ഓഫീസർമാരുമായി നേരിട്ട് സംവദിക്കുന്നു. കൂടാതെ പ്രതിസന്ധികൾ തരണം ചെയ്യാൻ കർഷകരുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. കർഷകമിത്ര, മലയാളശ്രീ,കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം, കേരള ഓർഗാനിക് റവല്യൂഷൻ, റോട്ടറി ഇന്റർനാഷണൽ, നെഹ്രുപീസ്ഫൗണ്ടേഷൻ തുടങ്ങി നിരവധി അവാർഡുകൾ വേണു മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.
വിവരങ്ങൾക്ക് 9447006884, 9061605113.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |