
ഗ്രാമീണ വീടുകളിൽ പൈപ്പ് വഴി ശുദ്ധജലമെത്തിക്കുന്ന കേന്ദ്ര, സംസ്ഥാന പദ്ധതിയായ ജൽ ജീവൻ പദ്ധതിയെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. നാടിന്റെ ദാഹം അകറ്റാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയെ രാജ്യം ഏറ്റെടുത്തതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ജൽജീവൻ പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് പദ്ധതി മെല്ലെപ്പോക്കിലാണ്. മലയോര ജില്ലയായ പത്തനംതിട്ടയിൽ ജലക്ഷാമം അതിരൂക്ഷമാണ്. ഉയർന്ന പ്രദേശങ്ങളിലാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. ജില്ലയിലെ നദികൾ വരണ്ടു. അണക്കെട്ടുകളിൽ വെള്ളം കുറയുന്നു. വേനൽക്കാലത്ത് കനാലുകളിലൂടെയാണ് ജലവിതരണം നടത്തുന്നത്. കാർഷിക മേഖലയ്ക്കും കിണറുകളിലും ആശ്വാസമാണ് കനാൽ ജലം. പമ്പാ ഇറിഗേഷൻ പദ്ധതിയുടെയും കല്ലട ജലസേചന പദ്ധതിയുടെയും കനാലുകളിലൂടെയാണ് ജല വിതരണം നടത്തുന്നത്. അണക്കെട്ടിൽ വെള്ളം കുറഞ്ഞാൽ കനാൽ ജലവിതരണം മുടങ്ങും. ജൽജീവൻ പദ്ധതി നടപ്പാക്കിയാൽ ജലക്ഷാമത്തിന് വലിയ തോതിൽ പരിഹാരം കാണാൻ കഴിയും. എന്നാൽ, ജില്ലയിലെ പദ്ധതി അൻപത് ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ.
അഞ്ച് വർഷം കഴിഞ്ഞിട്ടും ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കിയത് നാൽപ്പത്തിയൊൻപത് ശതമാനം മാത്രം. ജില്ലയിൽ മൂന്നര ലക്ഷത്തിലേറെ വീടുകളിലാണ് ജൽജീവൻ വഴി വെള്ളമെത്തിക്കേണ്ടത്. ഇതിൽ പകുതിയിലേറെ വീടുകളിൽ നിലവിൽ കണക്ഷൻ ഉണ്ട്. പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷനുകൾ തൊണ്ണൂറായിരം വരും. പദ്ധതിയിലൂടെ ഇനി ഒന്നേമുക്കാൽ ലക്ഷം കണക്ഷൻ കൂടി നൽകാനുണ്ട്. മൂവായിരം കോടിയോളം രൂപയുടെ പദ്ധതിയുടെ നിർമ്മാണമാണ് ജില്ലയിൽ മൂന്ന് ഡിവിഷനുകളുടെ കീഴിൽ നടന്നുവരുന്നത്. പത്തനംതിട്ട ഡിവിഷൻ, അടൂർ പ്രോജക്റ്റ് ഡിവിഷൻ, തിരുവല്ല ഡിവിഷൻ എന്നിവരാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ജില്ലയിൽ നിർമ്മാണ പ്രവർത്തനം നൂറ് ശതമാനത്തിൽ എത്തിയത് കോന്നി, നിരണം പഞ്ചായത്തുകളിൽ മാത്രമാണ്. ആറ് വർഷം മുൻപ് ആരംഭിച്ച ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊവിഡിനെ തുടർന്ന് ഏറെ നാൾ നിറുത്തിവച്ചിരുന്നു. നാല് വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും കണക്ഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പല പ്രദേശങ്ങളിലും പൈപ്പ് സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. പിന്നീട് പദ്ധതി ഓരോ വർഷവും നീട്ടി. കഴിഞ്ഞദിവസത്തെ കേന്ദ്ര ബജറ്റിൽ, പദ്ധതി രണ്ടായിരത്തി ഇരുപത്തിയെട്ടു വരെ നീട്ടിയതായി പ്രഖ്യാപനമുണ്ട്. നൂറ് ശതമാനം വീടുകളിലും കണക്ഷൻ പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് ജല അതോറിറ്റി അധികൃതരുടെ പ്രതീക്ഷ. ഗ്രാമപ്പഞ്ചായത്തുകൾക്കും ജല അതോറിറ്റിയ്ക്കുമാണ് പദ്ധതിയുടെ നിർവഹണച്ചുമതല.
കരാറുകാർ പണിമുടക്കി
പലയിടത്തും വെള്ളത്തിൽ വരച്ച വരപോലെയാണ് ജൽജീവൻ പണികൾ. ഇതിനാവശ്യമായ പൈപ്പുകളുടെയും ടാങ്കുകളുടെയും ക്ഷാമവും കരാറുകാർ പണിയേറ്റെടുക്കാൻ മടിക്കുന്നതുമാണ് പണികൾ മന്ദഗതിയിലാകാൻ കാരണം. കരാറുകാർ മുമ്പ് നടത്തിയ പണികളുടെ ബില്ലുകൾ ഇതുവരെ മാറി ലഭിക്കാത്തതാണ് അടുത്തഘട്ട പണികൾ ഏറ്റെടുക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ, ഉയർന്ന പ്രദേശങ്ങളിലെ ജലക്ഷാമം എന്നിവ പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ വരുന്ന കാലതാമസവും ഗുണനിലവാരമില്ലാത്ത പൈപ്പുകളും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. പദ്ധതി നിർമ്മാണം പത്ത് ശതമാനം പോലുമാകാത്ത പഞ്ചായത്തുകളുണ്ട്. പല ഗ്രാമപ്പഞ്ചായത്തുകളിലും പദ്ധതി ആരംഭിച്ച് വർഷങ്ങളായിട്ടും പൈപ്പിടൽ പ്രവൃത്തികൾ പൂർത്തിയായിട്ടില്ല. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം കാര്യക്ഷമമല്ല. പൈപ്പ് പൊട്ടൽ തുടർച്ചയായി ഉണ്ടാകുന്നത് ജലവിതരണത്തെ ബാധിക്കുന്നു. പല പഞ്ചായത്തുകളിലും പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നത്.
ദുരിതം കണ്ടില്ലെന്ന് നടിച്ച് അധികൃതർ
ജലക്ഷാമമുള്ള പ്രദേശങ്ങളിൽ വെള്ളം എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം വാട്ടർ അതോറിറ്റിക്കുണ്ട്. വേനലിൽ കുടിവെള്ളം കിട്ടാതാകുമ്പോൾ ജലവിതരണവുമായി കുടിവെള്ള ലോബിയിറങ്ങും. വൻ തുക വാങ്ങി ടാങ്കറുകളിൽ വെള്ളം എത്തിച്ചു കൊടുക്കുന്ന സംഘങ്ങൾ വേനൽക്കാലത്താണ് സീജവമാകുന്നത്. ദൂരവും കയറ്റവും അനുസരിച്ച് തുകയിൽ വർദ്ധനയുണ്ടാക്കും. വെള്ളം കിട്ടണമെങ്കിൽ ചോദിക്കുന്ന പണം കൊടുക്കണം. എല്ലാ വർഷവും വേനൽ ഉണ്ടാകുമെന്നും ജലക്ഷാമം നേരിടുമെന്നും അധികൃതർക്ക് അറിയാത്തതല്ല. കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം പര്യാപ്തമല്ല. എല്ലാ ദിവസവും വെള്ളം കിട്ടുന്നില്ല. ഒരാഴ്ച ഇടവിട്ട് വെള്ളം വിതരണം ചെയ്യുന്ന പ്രദേശങ്ങളുമുണ്ട്. പമ്പ് ഹൗസുകളുടെ ശേഷി പലയിടങ്ങളിലും കുറവാണ്. മോട്ടോർ തകരാർ കാരണം ആഴ്ചകളായി ജലവിതരണം മുടങ്ങിയിട്ട്. അവിടെയൊക്കെ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നതിന് വൻ തുക വാങ്ങാറുണ്ട്. പഞ്ചയത്തുകൾ ജലവിതരണം ഏറ്റെടുത്ത് നടത്താറുണ്ടെങ്കിലും കാര്യക്ഷമമാകില്ല. ഇതിനൊക്കെ പരിഹാരമായിട്ടാണ് ജൽജീവനെ ജനങ്ങൾ കണ്ടത്. ഇനിയെങ്കിലും കാലതാമസം ഒഴിവാക്കി പദ്ധതി പൂർത്തീകരിക്കാൻ വാട്ടർ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |