SignIn
Kerala Kaumudi Online
Wednesday, 15 April 2026 5.47 PM IST

രഹസ്യ ദൗത്യങ്ങളുടെ ആശാൻ

Increase Font Size Decrease Font Size Print Page
doval

പി.എസ്.എൽ.വി റോക്കറ്റിന്റെ തുടർപരാജയങ്ങളുടെ നേരറിയാൻ തിരുവനന്തപുരത്തേക്ക് അതീവരഹസ്യമായി പറന്നെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വാർത്തകളിൽ നിറഞ്ഞത് അടുത്തിടെയാണ്. ഡോവൽ തലസ്ഥാനത്തെത്തി തിരക്കേറിയ പഴവങ്ങാടിയിലെ ചിപ്‌സ് കടയിലെത്തി ഇഷ്ടപ്പെട്ട ചിപ്സും വാങ്ങി, വി.എസ്.എസ്.സി ഗസ്റ്റ് ഹൗസിൽ തങ്ങി അന്വേഷണവും പൂർത്തിയാക്കി തിരികെ ഡൽഹിയിലെത്തി പത്തുദിവസം കഴിഞ്ഞാണ് വിവരം പുറത്തുവന്നത്. ഈ കേരളാകേഡർ ഐ.പി.എസുകാരന്റെ രഹസ്യദൗത്യങ്ങൾ പുറത്തറിയാറില്ല. രഹസ്യദൗത്യങ്ങളുടെ ആശാനാണ് ഡോവൽ. രാജ്യത്ത് ഇത്രയേറെ ആരാധകരുള്ള മറ്റൊരു ഉദ്യോഗസ്ഥനില്ല.

ടി.പി. സെൻകുമാർ പൊലീസ് മേധാവിയായിരിക്കെ ഡോവൽ രഹസ്യമായി തിരുവനന്തപുരത്തെത്തിയിരുന്നു. വേണ്ടപ്പെട്ട ആരുടെയോ കല്യാണം കൂടാനെന്നാണ് പൊലീസുദ്യോഗസ്ഥർ പോലുമറിഞ്ഞത്. കന്യാകുമാരിയിലെത്തി ഐ.ബി.റാ ഉദ്യോഗസ്ഥരുടെ യോഗത്തിനായിരുന്നു വരവ്. തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം വഴി ശ്രീലങ്കയിൽ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം അടയ്ക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ചാവേർ സ്ഫോടനങ്ങളിൽ ശ്രീലങ്കയിൽ ചോരപ്പുഴയൊഴുകിയപ്പോൾ ഡോവലിന്റെ ദീർഘവീക്ഷണത്തിന്റെ ഗുണം രാജ്യം കണ്ടു. തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം വി.എസ്.എസ്.സിയുടെ ഗസ്റ്റ്ഹൗസിലാണ് താമസം. കന്യാകുമാരിയിലെ വിവേകാനന്ദകേന്ദ്രത്തിലെ സന്ദർശനവും പതിവ്. ഇത്തവണത്തെ തിരുവനന്തപുരം യാത്രയിലും എല്ലാം രഹസ്യമായിരുന്നു. ആരോടും ആശയവിനിമയം നടത്താതെ, ആർക്കും പിടികൊടുക്കാതെ തലസ്ഥാനത്തെ രഹസ്യദൗത്യം പൂർത്തിയാക്കി ഡോവൽ ഡൽഹിക്ക് തിരിച്ചുപറന്നു.

രാജ്യത്തിന് എന്ത് പ്രതിസന്ധിയുണ്ടായാലും പരിഹാരവുമായി ഡോവലുണ്ടാവും. കേരളവും ഡോവലിന്റെ മിടുക്ക് പലവട്ടം കണ്ടതാണ്. ഐ.സി.സ് ഭീകരർ തടവിലാക്കിയ 46 മലയാളി നഴ്സുമാരെ 2014ൽ ഇറാഖിൽ നിന്ന് മോചിപ്പിച്ചത് ഡോവലിന്റെ മിടുക്കിലായിരുന്നു. കേന്ദ്രസർക്കാർ ഇറാഖ് ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഐ.സിസുമായി അടുപ്പമുള്ള സുന്നി നേതാക്കളുമായായിരുന്നു ഡോവലിന്റെ 'ഓപ്പറേഷൻ". ആശങ്കയുടെ മൂന്ന് ദിവസങ്ങൾക്കുശേഷം നഴ്സു‌മാരെ കേരളത്തിലേക്ക് വിമാനം കയറ്റി ഡോവൽ കൈയടി നേടി. ആഭ്യന്തര കലാപത്തിൽ ലിബിയയിൽ കുടുങ്ങിയ 18നഴ്സുമാരെ അവിടത്തെ സൈന്യത്തിന്റെ സഹായത്തോടെ കൊച്ചിയിലെത്തിച്ചതിലും ആഭ്യന്തരയുദ്ധത്തെതുടർന്ന് യെമനിൽ കുടുങ്ങിയ നഴ്സുമാരെ രക്ഷിച്ചതിലും ഡോവലിന്റെ മിടുക്ക് രാജ്യം കണ്ടു. 1971ൽ തലശേരി കലാപം അടിച്ചമർത്താൻ കെ.കരുണാകരൻ നിയോഗിച്ചത് കോട്ടയം എ.എസ്.പിയായിരുന്ന ഡോവലിനെയായിരുന്നു. ഡോവൽ തലശേരിയിൽ ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം എല്ലാം നിയന്ത്രണ വിധേയമായി. കലാപം വ്യാപിക്കുന്നതും രക്തച്ചൊരിച്ചിലും തടയാൻ ഡോവലിനായി.

എയർ ഇന്ത്യ വിമാനം റാഞ്ചിയ താലിബാൻ ഭീകരരുമായി വിലപേശാൻ കാണ്ടഹാറിലേക്കയച്ചതും ഡോവലിനെയായിരുന്നു. 41ഭീകരരെ വിട്ടുകിട്ടണമെന്ന ഭീകരരുടെ വിലപേശൽ മൂന്നാക്കി കുറച്ചു. മിസോ നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറം ഇന്ത്യയോടു ചേർത്തതിൽ ഡോവലിന്റെ കൈയുണ്ട്. കൊവിഡ് കാലത്ത് സമ്പൂർണ ലോക്ക്ഡൗണിനിടെ ആഗോള ഇസ്ലാമിക പ്രസ്ഥാനമായ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനത്ത് കൊവിഡ് -19 പടർന്നുപിടിച്ചു. നിസാമുദ്ദീനിലെ മസ്ജിദിൽ കയറാനും അകത്തുള്ളവരെ ഒഴിപ്പിക്കാനും ഡൽഹി പൊലീസ് മടിച്ചുനിന്നപ്പോൾ ഡോവൽ പാഞ്ഞെത്തി. മർക്കസ് മേധാവി മൗലാന സാദിനെ അനുനയിപ്പിച്ച് എല്ലാവരെയും ഒഴിപ്പിച്ചു. അയോദ്ധ്യാവിധിയുടെ പശ്ചാത്തലത്തിൽ ഹിന്ദു, മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രതിഷേധങ്ങളൊഴിവാക്കി. വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വനിയമഭേദഗതിയെ ചൊല്ലി കലാപമുണ്ടായപ്പോൾ ഡോവൽ സമുദായനേതാക്കളുമായി ചർച്ച നടത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

സുവർണക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലാക്ക്തണ്ടർ" അദ്ദേഹത്തെ സൈനികബഹുമതിയായ 'കീർത്തിചക്ര" നേടിയ ആദ്യ പൊലീസുദ്യോഗസ്ഥനാക്കി. 33വർഷം രഹസ്യാന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന ഡോവൽ പത്തുവർഷംഐ.ബി ഓപ്പറേഷൻ വിഭാഗത്തിന്റെ മേധാവിയായിരുന്നു. പാകിസ്ഥാനിൽ പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു. 1968 ബാച്ച് കേരളാകേഡർ ഐ.പി.എസുദ്യോഗസ്ഥനായ ഡോവൽ കാബിനറ്റ് പദവിയോടെയാണ് ദേശീയസുരക്ഷാ ഉപദേഷ്‌ടാവായി പ്രവർത്തിക്കുന്നത്.

ഏതാനും വർഷം മുൻപ് കേരള പൊലീസിന്റെ കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ മുഖ്യാതിഥിയായി ഡോവൽ എത്തിയിരുന്നു. നമ്മൾ നേരിടുന്ന സൈബർ വെല്ലുവിളികളെക്കുറിച്ചായിരുന്നു അന്ന് പറഞ്ഞത്. നിശബ്ദമായി നടക്കുന്ന സൈബർ ആക്രമണങ്ങളിൽ, നമ്മൾ പോലുമറിയാതെ നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ സമീപിക്കുകയും വിവരങ്ങൾ ചോർത്തുകയുമാണ് പതിവ്. ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വളരെയേറെ വെല്ലുവിളി നിറഞ്ഞതാണ്. വിവര ചോർച്ചയ്ക്കെതിരെ എപ്പോഴും ജാഗ്രത വേണം. സൈബർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഓരോരുത്തരും മുൻ കരുതലെടുക്കണം. ഏതുതരം സൈബർ ആക്രമണത്തിനും നമ്മൾ ഇരയാകാം. അതിനാൽ ഉത്തരവാദിത്വത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കണം- ഇതായിരുന്നു മലയാളികളോടുള്ള ഡോവലിന്റെ ഉപദേശം.

ഫോണുമില്ല, നെറ്റുമില്ല

സൈബർ സുരക്ഷയുറപ്പാക്കാൻ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ല ഡോവൽ. കുടുംബാംഗങ്ങളുമായോ വിദേശത്തെ നേതാക്കളുമായോ പ്രതിനിധികളുമായോ സംസാരിക്കുന്നതിനല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. ആശയവിനിമയത്തിന് ഫലപ്രദമായ മറ്റ് മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലും ഡോവലില്ല. കഴിഞ്ഞ വർഷം ഡോവലിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. സാധാരണക്കാർക്ക് അറിവില്ലാത്തതും അപ്രാപ്യവുമായ മറ്റ് അത്യാധുനിക വാർത്താവിനിമയ മാർഗങ്ങളാണ് ഡോവൽ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.

തുടക്കം കേരളത്തിൽ

1945ൽ ഇന്നത്തെ ഉത്തരാഖണ്ഡിൽപ്പെടുന്ന പൗരി ഗർവാളിലാണ് ഡോവലിന്റെ ജനനം. വളർന്നത് രാജസ്ഥാനിലെ അജ്മീറിൽ. ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഡോവലിന്റെ പിതാവ്. ആഗ്ര സർവകലാശാലയിലെ പഠനത്തിന് ശേഷമാണ് ഐ.പി.എസ് നേടി കേരള കേ‍‍ഡറിലെത്തിയത്. 1971ലെ തലശേരി കലാപത്തോടെയാണ് ഡോവൽ പേരെടുത്തത്. 1971 ഡിസംബർ 28നാണ് തലശേരി കലാപം തുടങ്ങുന്നത്. മതസംഘട്ടനമായി തുടങ്ങിയ പ്രശ്നങ്ങൾ പിന്നീട് കലാപമായി മാറി. നിരവധി വീടുകളും സ്ഥാപനങ്ങളും തീവച്ച് നശിപ്പിക്കപ്പെട്ടു. അന്ന് കോട്ടയം എ.എസ്.പിയായിരുന്ന ഡോവലിനെയാണ് കലാപം അടിച്ചമർത്താനുള്ള ദൗത്യം ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരൻ ഏൽപ്പിച്ചത്. തലശേരിക്കു കാവലായി ഡോവലും പൊലീസുകാരും നിലയുറപ്പിച്ചു. അക്രമികളെ തുരത്തിയോടിച്ച് വീടുവിട്ടു പോയവരെയെല്ലാം തിരിച്ചെത്തിച്ചു. കലാപത്തിനിടെ കവർച്ച ചെയ്ത സാധനങ്ങൾ കണ്ടെടുത്തു. ഒരാഴ്ചയ്ക്കകം തലശേരിയിൽ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാനായി. കുറച്ചു കാലം കൂടി തലശേരിയിൽ പ്രവർത്തിച്ച ശേഷമാണ് ഡോവൽ മലബാർ വിട്ടത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.