
മലയോര ഹൈവെയായ പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമാണത്തിലെ അഴിമതി വെളിച്ചത്തു വന്നിട്ട് നാലുമാസമായി. അഴിമതി സംബന്ധിച്ച പരാതി സംസ്ഥാന സർക്കാരിന് ലഭിച്ചിട്ട് വേണ്ട പരിഗണന കിട്ടാതെ പോയതുകൊണ്ട് ഗവർണർ ഇടപെട്ടിട്ടാണ് വിജിലൻസ് അന്വേഷിച്ചത്. റോഡിന്റെ കോന്നി -പ്ളാച്ചേരി റീച്ചിൽ മാത്രം അൻപത് കോടിയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ടിൽ ചില നടപടികൾ വിജിലൻസ് ശുപാർശ ചെയ്തിട്ട് സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. ഒന്നുകിൽ റോഡ് പൊളിച്ചു പണിയുക അല്ലാത്ത പക്ഷം നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുക. അഴിമതിക്ക് കൂട്ടു നിന്ന കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക. ഈ മൂന്ന് നിർദ്ദേശങ്ങളിൽ ഒന്നു പോലും പരിഗണിച്ചില്ല. സംസ്ഥാനത്തെ വലിയ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ സുതാര്യമല്ല എന്നതിന്റെ തെളിവാണ് മലയോര ഹൈവേ നിർമാണത്തിൽ നടന്ന അഴിമതി.
പാതയിലെ മുപ്പതു കിലോമീറ്ററിൽ അധികം ദൂരമുള്ള കോന്നി - പ്ലാച്ചേരി റീച്ചിൽ വിജിലൻസ് വ്യാപകമായ പരിശോധനയാണ് നടത്തിയത്. പത്തു ഭാഗങ്ങളിൽ നിന്ന് ബിറ്റുമിൻ കോൺക്രീറ്റ് പാളികളും ബിറ്റുമിൻ മെക്കാഡം പാളികളും ഇളക്കി എടുത്തിരുന്നു. ഈ സാമ്പിളുകൾ ലബോറട്ടറിയിൽ അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലെയറുകൾക്ക് ഘനം വളരെ കുറവാണെന്ന് കണ്ടെത്തി. നാൽപ്പത് ടൺ ഭാരം ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിലല്ല ടാറിംഗ് നടന്നതെന്ന് ഇതു വ്യക്തമാക്കുന്നു. റോഡിന് അധികം ആയുസ് ഇല്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച കൺസൾട്ടിംഗ് എൻജിനിയറിംഗ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സ്ഥാപനവും ഗുരുതര കൃത്യവിലോപം നടത്തിയതായി വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിർമ്മാണ ഗുണ നിലവാരം പരിശോധിക്കാനാണ് കെ.എസ്.ടി.പി പന്ത്രണ്ട് കോടി രൂപ കരാറിൽ ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തിയത്. എന്നാൽ നിർമ്മാണ കമ്പനിയും കൺസൾട്ടിംഗ് കമ്പനിയും തമ്മിൽ ഒത്തു കളിച്ചതിനാൽ വൻ നഷ്ടമാണ് ഉണ്ടായത്. അതിനാൽ ആനുപാതിക തുക കൺസൾട്ടിംഗ് കമ്പനിയിൽ നിന്ന് ഈടാക്കാനും നിർദ്ദേശമുണ്ട്.
റോഡ് നിർമ്മാണത്തിനായി പാറ പൊട്ടിച്ചു മാറ്റുന്നതിന് ഏഴേകാൽ കോടി രൂപയാണ് ഇ.കെ.കെ ഇൻഫ്രാസ്ട്രക്ച്ചറിന് നൽകിയത്. എന്നാൽ ഖനനം വേണ്ട വിധത്തിൽ നടന്നില്ല എന്ന് വിജിലൻസ് കണ്ടെത്തി. നൽകിയ തുകയിൽ നിന്ന് ഏഴ് കോടി തിരികെ പിടിക്കാൻ കെ. എസ്.ടി.പി തീരുമാനിച്ചതായാണ് അറിയുന്നത്. എന്നാൽ ഇത് നടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
റോഡ് നിർമ്മാണത്തിനു ശേഷം അധികം വന്ന നാൽപ്പത്തയ്യായിരം മെട്രിക് ടൺ മണ്ണ് മറിച്ചു വിൽക്കുമെന്നാണ് കരാർ കമ്പനി നേരത്തെ പറഞ്ഞത്. ഈ തുക കെ.എസ്.ടി.പിക്ക് തിരികെ ലഭിക്കേണ്ടതാണ്. എന്നാൽ റോഡ് നിർമ്മാണം കഴിഞ്ഞ് രണ്ടു വർഷമായിട്ടും യാർഡുകളിൽ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഈ മണ്ണ് തിരിച്ചു പിടിക്കണമെന്നും വിജിലൻസ് നിർദ്ദേശിച്ചു. റോഡിന് ആവശ്യത്തിന് വീതിയില്ല, മാനദണ്ഡങ്ങൾ പാലിച്ചില്ല തുടങ്ങിയ കാര്യങ്ങളും വിജിലൻസ് റിപ്പോർട്ടിലുണ്ട്. അതിനാൽ കെ.എസ്.ടി.പി പൊൻകുന്നം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെ കേസ് എടുക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അഴിമതി തടയാൻ ഡിജിറ്റൽ സംവിധാനം വേണം
റോഡ് നിർമ്മാണത്തിൽ സംഭവിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ എന്ന പൊതു പ്രവർത്തകൻ നാല് വർഷത്തിലേറെയായി കെ.എസ്.ടി.പി പൊതുമരാമത്ത് വകുപ്പ്, മുഖ്യമന്ത്രി എന്നിവർക്ക് നിരവധി കത്തുകൾ എഴുതിയിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തിയ ആദ്യ അന്വേഷണം എങ്ങും എത്തിയില്ല. തുടർന്ന് ഗവർണർക്ക് അനിൽ പരാതി അയച്ചതിനാലാണ് വിജിലൻസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായത്. വമ്പൻ പദ്ധതികളുടെ നിർമാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തിയില്ലെങ്കിൽ ദശ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്.
പുതിയ കാലത്ത് സുതാര്യമായ പ്രവർത്തനങ്ങളാണ് അഭികാമ്യം. സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ചപ്പോൾ അഴിമതിക്കും ഹൈടെക് മുഖമായി. കിമ്പളം മേശക്കടിയിലും അപ്പുറത്തെ കടകളിലും കൊടുത്തുകൊണ്ടിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ നേരിട്ടോ അടുത്ത സുഹൃത്തുക്കൾക്കോ ഡിജിറ്റലായി നൽകുന്ന ഏർപ്പാടാണ് നിലവിലുള്ളത്. പിടിക്കപ്പെടാതിരിക്കാൻ പഴുതുകൾ ഒരുക്കിയുള്ള തട്ടിപ്പുകൾക്കെതിരെ ഡിജിറ്റൽ കുടുക്കുകൾ ഒരുക്കണം. അഴിമതി അന്വേഷണത്തിലും അഴിമതി തടയാനും ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ തെളിവുകൾ അപ്രസക്തമാകും. ഏതു പദ്ധതികൾ വന്നാലും അഴിമതിക്കണ്ണുകൾ അതിന്റെ പിന്നിലുണ്ടാകും. സുതാര്യതയോടും കർശന നിരീക്ഷണത്തോടും കൂടി നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വിശ്വാസ്യതയുള്ള ഏജൻസികളെ ഏൽപ്പിച്ചില്ലെങ്കിൽ പൊതുജനത്തിന്റെ നികുതിപ്പണം കൊള്ളയടിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |