SignIn
Kerala Kaumudi Online
Wednesday, 15 April 2026 5.48 PM IST

'ഞാൻ ഒരുമയുടെ വക്താവ്; രാഷ്ട്രീയം താത്പര്യമില്ല'

Increase Font Size Decrease Font Size Print Page
swami

പരസ്പരം

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

(ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി)​

സന്യാസ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുകയാണ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. സന്യാസത്തിനപ്പുറം ജനകീയ സമരങ്ങളിലും രാഷ്ട്രീയത്തിലും പൊതുചടങ്ങുകളിലുമെല്ലാം സജീവ സാന്നിദ്ധ്യമാണ് ഗുരുരത്നം ജ്ഞാന തപസ്വി. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയപ്പോൾ വിഴിഞ്ഞത്തേക്ക് സമാധാന ദൗത്യവുമായി അദ്ദേഹമെത്തി. ആത്മീയത പൂജാമുറികളിൽ മാത്രം ഒതുക്കാതെ, സാമൂഹ്യ പരിവർത്തനത്തിനുള്ള മാർഗമായി മാറ്റുകയാണ് അദ്ദേഹം. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? സന്യാസ ജീവിതത്തിലെ 25 വർഷങ്ങൾ എങ്ങനെ വിലയിരുത്തുന്നു.

 വലിയ യാത്രയാണത്. ജയങ്ങളും പരാജയങ്ങളും കണ്ടു. കൈയടി നേടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. എല്ലാറ്റിനും മുകളിലായി ഞാൻ കണ്ടത് മനുഷ്യരുടെ വിശ്വാസമാണ്. സന്യാസം വസ്ത്രം മാറുന്നതല്ല,​ മനസിനെ മാറ്റാനുള്ള പരിശ്രമമാണ്. ഓരോ ദിവസവും സ്വന്തം അഹങ്കാരത്തോട് പോരാടേണ്ട ജീവിതമാണ്. എന്നെ വിശ്വസിച്ച ഗുരുക്കന്മാർക്കും, സ്വീകരിച്ച സമൂഹത്തിനും, എന്നെ രൂപപ്പെടുത്തിയ പരീക്ഷണങ്ങൾക്കും നന്ദി പറയുകയാണ്. സന്യാസ ജീവിതം സുഖപ്രദമല്ല. അത്,​ ചോദ്യം ചെയ്യപ്പെടുന്ന വഴിയാണ്. മനുഷ്യരെ സ്നേഹിക്കുക, അവരുടെ വേദന കേൾക്കുക, അവർക്കായി പ്രാർത്ഥിക്കുക- ഇതാണ് ഇത്രയുംകാലം പഠിച്ചത്.

? സർക്കാർ വേദികളിൽ സജീവമാണല്ലോ! രാഷ്ട്രീയത്തിൽ താത്പര്യമുണ്ടോ.

 ഓരോ ആത്മീയ വ്യക്തിക്കും അവരവരുടെ ദർശനവും പ്രവർത്തന രീതിയുമുണ്ട്. ചിലർ രാഷ്ട്രീയത്തിലൂടെ സമൂഹസേവനം ചെയ്യുന്നത് ശരിയാണെന്ന് വിശ്വസിക്കും. എന്റെ വ്യക്തിപരമായ നിലപാട് അല്പം വ്യത്യസ്തമാണ്. ആത്മീയതയുടെ ശക്തി എല്ലാവരെയും ഒരുപോലെ കാണുന്നതിലാണ്. ഒരു പക്ഷത്തോട് ചേർന്നുനിൽക്കുമ്പോൾ മറ്റൊരു പക്ഷത്തുള്ളവരിൽ നിന്ന് അകലമുണ്ടാകാം. എനിക്ക് അതു വേണ്ട. ഒരു രാഷ്ട്രീയത്തിലും താത്പര്യവുമില്ല. നാടിന് ഗുണം ചെയ്യുന്നവർ ആരായാലും അംഗീകരിക്കപ്പെടണം. എല്ലാവരിലും ഗുണവും ദോഷവും ഉണ്ടാകും. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി മാറാൻ ആഗ്രഹിക്കുന്നില്ല. എന്റെ വേദി ആത്മീയതയും,​ എന്റെ ഭാഷ മനുഷ്യസ്നേഹവും,​ പക്ഷം മനുഷ്യപക്ഷവുമാണ്. എനിക്ക് രാഷ്ട്രീയമെന്നത് എതിർക്കാനോ പിന്തുണയ്ക്കാനോ ഉള്ളതല്ല. മനുഷ്യന്റെ മനസിൽ വെളിച്ചം തെളിക്കുക എന്നതാണ് എന്റെ ദൗത്യം.

?വിഴിഞ്ഞം സമരത്തിൽ ശക്തമായി ഇടപെട്ടല്ലോ.

 വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ ഭാവിയിലേക്കുള്ള വലിയ ചുവടുവയ്പാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ആ വാതിൽ തുറക്കുമ്പോൾ ചില വീടുകളുടെ വാതിലുകൾ അടഞ്ഞാലോ?​ ചില അമ്മമാരുടെ ഉറക്കം കെടുത്തുകയാണെങ്കിലോ?​ കുട്ടികളുടെ ഭാവി ആശങ്കയിലാകുന്നെങ്കിലോ?​ ആത്മീയ സ്വരം നിശബ്ദമായിരിക്കാൻ പാടില്ല. പ്രദേശവാസികളുടെ ഭയവും ആശങ്കയും അനിശ്ചിതത്വവും അവഗണിക്കാനാവില്ല. സന്ന്യാസിയെന്ന നിലയിൽ അവരുടെ വേദന കേൾക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യേണ്ടത് കടമയായി തോന്നി. ആത്മീയ നേതാക്കളുടെ സംഘവുമായി അവിടേക്കെത്തിയത് അതുകൊണ്ടാണ്.

? സമരപ്പന്തലിലേക്ക് ആത്മീയ നേതാക്കളെത്തിയത് വിമർശിക്കപ്പെട്ടല്ലോ.

 അവിടെ രാഷ്ട്രീയത്തിനായല്ല പോയത്; കണ്ണീരൊഴുക്കുന്നവരുടെ ശബ്ദം കേൾക്കാനാണ്. പ്രതിഷേധവും കോപവുമല്ല, ഭയവും ആശങ്കയുമാണ് സമരപ്പന്തലിൽ ഞാൻ കണ്ടത്. കടലോരത്ത് തലമുറകളായി ജീവിച്ച മനുഷ്യർ അവരുടെ മണ്ണിനെയും കടലിനെയും നഷ്ടപ്പെടുമോ എന്ന പേടിയിലായിരുന്നു. അവരെ ആരെങ്കിലും കേൾക്കണമായിരുന്നു. 'നിങ്ങൾ ഒറ്റയ്ക്കല്ല" എന്ന് ആരെങ്കിലും അവരോട് പറയണമായിരുന്നു. അവിടത്തെ ആത്മീയ സാന്നിദ്ധ്യം സംഘർഷം ശക്തിപ്പെടുത്താനല്ല, ശമിപ്പിക്കാനാണ് ഉതകിയത്. വികസനം മനുഷ്യത്വത്തെ മറന്നാൽ പുരോഗതിയല്ലെന്നും പുനരധിവാസം വെറുംവാക്കാവരുതെന്നും,​ ഭയം വിശ്വാസമായി മാറണമെന്നുമാണ് അവിടെ നിലപാടെടുത്തത്. മനുഷ്യരുടെ കൈപിടിച്ചുകൊണ്ട് വികസനത്തിലേക്ക് കുതിക്കാമെന്ന നിലപാട് അംഗീകരിക്കപ്പെട്ടു. പുനരധിവാസം ഉറപ്പാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായി. ആ വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കുകയും ചെയ്യുന്നു.


? പാലക്കാട്ടെ ബ്രുവറി വിരുദ്ധ സമരത്തിലും പങ്കെടുത്തിരുന്നല്ലോ. താങ്കൾ സർക്കാരിന് എതിരാണോ.

 ജനങ്ങളുടെ ആശങ്ക പങ്കിടുന്നത് സർക്കാരിനെ എതിർക്കുന്നതായി കാണുന്നത് ശരിയല്ല. ബ്രുവറി സമരത്തിൽ പങ്കെടുത്തത് രാഷ്ട്രീയ പ്രതിഷേധമല്ല; പരിസ്ഥിതി, കുടിവെള്ളം, ആരോഗ്യം എന്നിങ്ങനെ ജനങ്ങളുടെ ആശങ്കകൾ കേൾക്കാനും മനസിലാക്കാനുമായിരുന്നു. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദം കേൾക്കപ്പെടണം. ആ ശബ്ദം സംഘർഷമാകാതെ സംവാദമാവണം. ഞാൻ ഒരു സർക്കാരിനും എതിരല്ല. ജനങ്ങളുടെ ആശങ്കകളെ അവഗണിക്കുന്നതും ശരിയല്ല. ഞാൻ രാഷ്ട്രീയ നിലപാടിൽ നിന്നല്ല, സാമൂഹ്യ ഉത്തരവാദിത്വത്തിൽ നിന്നാണ് സംസാരിക്കുന്നത്. ആത്മീയതയെന്നത് മതഭേദങ്ങൾ മാത്രമല്ല, രാഷ്ട്രീയഭേദങ്ങളും കടന്നുപോകുന്നതാണ്. എനിക്ക് സൗഹൃദം രാഷ്ട്രീയ ഉപാധിയല്ല, മാനുഷികമാണ്.

? മതനിരപേക്ഷതയ്ക്കായി നിലകൊള്ളുകയും വിവിധ മതങ്ങളെ ചേർത്തുപിടിക്കുകയും ചെയ്യുന്നല്ലോ.

 സെക്യുലർ ആകാനല്ല, മനുഷ്യനായി നിലകൊള്ളാൻ മാത്രമാണ് ശ്രമിക്കുന്നത്. ആത്മീയത എന്നത് മതഭിത്തികൾ ഉയർത്തുന്നതല്ല, മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമാണ്. ദൈവം ഒരാളുടേതായി മാത്രം മാറുന്ന നിമിഷം ആത്മീയതയുടെ ആത്മാവ് നഷ്ടപ്പെടുന്നു. എനിക്ക് വിശ്വാസമുണ്ട്, മതങ്ങൾ വഴികളാണ്, ലക്ഷ്യം മനുഷ്യന്റെ ഉന്നമനമാണ്. വഴികൾ വ്യത്യസ്തമാവാം, പക്ഷേ പ്രകാശം ഒരേ ഉറവിടത്തിൽ നിന്നാണ്. വിവിധ മതവേദികളിൽ ഒരു മതത്തിന്റെ പ്രതിനിധിയായല്ല, മനുഷ്യസ്നേഹത്തിന്റെ സാക്ഷിയായാണ് പങ്കെടുക്കുന്നത്. നാടിനാവശ്യം മതപരമായ ആധിപത്യമല്ല, മതത്തിനപ്പുറമുള്ള ബഹുമാനമാണ്. തന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുമ്പോഴും മറ്റൊരാളുടെ വിശ്വാസത്തെ ആദരിക്കാനാവുന്നതാണ് യഥാർത്ഥ ആത്മീയത. ആത്മീയതയുടെ ഹൃദയം സ്നേഹവും സൗഹൃദവുമാണ്. ഞാൻ ഒരുമയുടെ വക്താവാണ്. സത്യസന്ധതയും സമദൂരവുമാണ് സൗഹൃദം നിലനിറുത്താനുള്ള രഹസ്യം.

? ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കപ്പെട്ടല്ലോ.

 ആശ്രമം മതിലുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ല. ആത്മീയത നാലു ചുവരുകൾക്കുള്ളിൽ അടച്ചിടാൻ പറ്റുന്നതുമല്ല. ശാന്തിഗിരിയുടെ ആത്മാവ് സമൂഹത്തോട് ബന്ധപ്പെട്ടതാണ്. പക്ഷേ ചിലപ്പോൾ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം ജനങ്ങളിലെത്തിയെന്നിരിക്കില്ല. അത് ആശയവിനിമയത്തിന്റെ പരിമിതിയാണ്. ഞാൻ പുതിയത് ഒന്നും സൃഷ്ടിച്ചിട്ടില്ല. ആശ്രമത്തിലെ ദർശനത്തെ സമൂഹത്തിലേക്ക് കൊണ്ടുവന്നു. ആത്മീയത പൂജാമുറികളിൽ മാത്രമായാൽ അത് വ്യക്തിപരമായ അനുഭവമായിത്തീരും. എന്നാൽ ആത്മീയത സമൂഹത്തിലേക്കിറങ്ങുമ്പോൾ അത് പരിവർത്തനത്തിന്റെ ചാലകശക്തിയാവും. ആത്മീയ ഉണർവും സാമൂഹിക ഉത്തരവാദിത്വവും ഞങ്ങളുടെ കടമയാണ്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മനുഷ്യസേവനം എന്നിവയിലൂടെ അത് മുന്നോട്ടുപോവുന്നു. ശാന്തിഗിരി ആശ്രമം ഇന്ന് സമൂഹവുമായി കൂടുതൽ സംവദിക്കുന്നുണ്ടെങ്കിൽ അത് കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ളതാണ്.

? ഇനിയുള്ള ലക്ഷ്യങ്ങൾ...

 ശ്രീ കരുണാകര ഗുരുവിന്റെ ശതാബ്ദി വർഷമാണിത്. ഗുരുവിന്റെ ചിന്തകളും ആശയങ്ങളും സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കാനുള്ള പരിപാടികളുണ്ടാവും. ഗുരു സംസാരിച്ചത് മനുഷ്യ ഐക്യത്തെക്കുറിച്ചും ആത്മീയ ഉണർവിനെക്കുറിച്ചും സാമൂഹ്യ നവോത്ഥാനത്തെക്കുറിച്ചുമാണ്. ആ സന്ദേശങ്ങൾ മതത്തിന്റെ വേലികളിലൊതുങ്ങാതെ ലോകമെമ്പാടും എത്തിക്കണം. കരുണാകര ഗുരുവിന്റെ ദർശനം പുസ്തകങ്ങളിൽ മാത്രമല്ല,​ മനുഷ്യരുടെ ജീവിതത്തിലും പ്രതിഫലിക്കണം. ആത്മീയ സംഗമങ്ങൾ, യുവജന പ്രബോധനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവയെല്ലാം കൂടുതൽ സജീവമാക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.