SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.12 AM IST

ആത്മവിശ്വാസത്തോടെ മൂന്ന് മുന്നണികളും

Increase Font Size Decrease Font Size Print Page
s

ജനം പോളിംഗ് ബൂത്തിലെത്താൻ ഇനി ഒരു നാൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ഓരോ വോട്ടും ഉറപ്പിക്കാനായി സ്ഥാനാർത്ഥികൾ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിനടക്കുന്ന കാഴ്ചയാണ് ജില്ലയിൽ എങ്ങും. പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന പാലക്കാട് ഇത്തവണ പല മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 12ൽ 10 സീറ്റുകൾ നേടി ഇടതുപക്ഷം വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ ഇത്തവണത്തെ നിയമസഭാ ഫലത്തിലും പ്രതിഫലിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ എൽ.ഡി.എഫും അവ തിരിച്ചുപിടിക്കാൻ യു.ഡി.എഫും കിണഞ്ഞു പരിശ്രമിക്കുന്നു. രാഷ്ട്രീയ ആരോപണങ്ങളും അടിയൊഴുക്കുകളും കൊണ്ട് പാലക്കാടിന്റെ രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്ത വിധം കലങ്ങിമറിയുകയാണ്. രാഷ്ട്രീയ വിവാദങ്ങളുടെ തലസ്ഥാനമായി പാലക്കാട് മാറുമ്പോഴും ജില്ല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. നെല്ലുസംഭരണം, വന്യമൃഗ ശല്യം,​ ജലലഭ്യത ഉൾപ്പെടെ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മുതൽ മെഡിക്കൽ കോളേജ് വികസനം, അടിസ്ഥാന സൗകര്യങ്ങൾ വരെ ജില്ല നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കാലങ്ങളായി ഇടത് പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ രണ്ടു ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച മേധാവിത്വം ഉയർത്തിക്കാട്ടി ഇടത് കോട്ടകളിൽ വിള്ളൽ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തിയത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജില്ലയിൽ ചരിത്ര മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും.

നിയമസഭയിൽ ഇടത്,​ ലോക്സഭയിൽ യു.ഡി.എഫ്

2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 12ൽ 10 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചാണ് എൽ.ഡി.എഫ് ആധിപത്യം തുടർന്നത്. 2011ലും 2016ലും നഷ്ടപ്പെട്ട തൃത്താല മണ്ഡലം വി.ടി ബൽറാമിൽ നിന്ന് തിരിച്ചുപിടിക്കാനായത് എൽ.ഡി.എഫിന് വലിയ നേട്ടമായി. പാലക്കാടും മണ്ണാർക്കാടും യു.ഡി.എഫ് നിലനിർത്തി. ബി.ജെ.പിയും കടുത്ത മത്സരമാണ് നടത്തിയത്. പാലക്കാട് മണ്ഡലത്തിൽ ഇ. ശ്രീധരൻ ഷാഫി പറമ്പിലിനോട് നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. എന്നാൽ ഷാഫി പറമ്പിൽ വടകര എം.പിയായതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ 18,​000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ സി. കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. എന്നാൽ, ലോക്സഭ തിരഞ്ഞെടുപ്പിൽ ചിത്രം മാറിമറിഞ്ഞു. പാലക്കാട്, ആലത്തൂർ ലോക്സഭ മണ്ഡലങ്ങളുടെ പരിധിയിലാണ് ജില്ലയിലെ മണ്ഡലങ്ങൾ ഉൾപ്പെടുന്നത്. തൃത്താല പൊന്നാനി ലോക്സഭ മണ്ഡലത്തിന്റെ പരിധിയിലാണ്. പാലക്കാട്ടും പൊന്നാനിയിലും യു.ഡി.എഫ് മണ്ഡലം നിലനിർത്തിയപ്പോൾ എൽ.ഡി.എഫ് ആലത്തൂർ പിടിച്ചെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ 12ൽ എട്ടു മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ലീഡ്. ഷൊർണൂർ, മലമ്പുഴ, തരൂർ, ആലത്തൂർ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് മുന്നിലെത്തിയത്. ഒരു മണ്ഡലത്തിലും എൻ.ഡി.എയ്ക്ക് ലീഡ് നേടാനായില്ല.

തദ്ദേശത്തിൽ മെച്ചപ്പെട്ട് യു.ഡി.എഫ്

2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം ആഞ്ഞുവീശിയ ജില്ലയായിരുന്നു പാലക്കാട്. 2025ൽ ശക്തമായ മത്സരമാണ് യു.ഡി.എഫ് നടത്തിയത്. കാലങ്ങളായി സമഗ്രാധിപത്യം തുടരുന്ന ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കാനായില്ല. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിൽ എൽ.ഡി.എഫും 12 സീറ്റിൽ യു.ഡി.എഫും ജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫിന് മൂന്നു അംഗങ്ങൾ മാത്രമാണ് ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഏഴ് നഗരസഭകളിൽ മൂന്നെണ്ണത്തിൽ എൽ.ഡി.എഫും മൂന്നെണ്ണത്തിൽ യു.ഡി.എഫും വിജയിച്ചപ്പോൾ പാലക്കാട് നഗരസഭ ബി.ജെ.പി നിലനിർത്തി. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ബ്ലോക്ക് പഞ്ചായത്തുകൾ നേടി എൽ.ഡി.എഫ് ആധിപത്യം തുടർന്നു. 88 ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തവണ 63 പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമായിരുന്നു. എന്നാൽ,​ ഇത്തവണ അത് 46 ആയി ചുരുങ്ങി. അതേസമയം യു.ഡി.എഫ് 23ൽ നിന്ന് 33 ആയി ഉയർത്തുകയും ചെയ്തു. രണ്ടു പഞ്ചായത്തുകൾ ബി.ജെ.പിയും നേടി. ഒമ്പത് പഞ്ചായത്തുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്.

വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ

ഭാരതപ്പുഴയുടെയും കൈവഴികളുടെയും തീരത്താണ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളും. പുഴ അഴിമുഖത്തേക്ക് കുതിക്കാനൊരുങ്ങുന്ന തൃത്താലയിലാണ് ഇത്തവണ കടുത്ത രാഷ്ട്രീയ മത്സരം നടക്കുന്നത്. മണ്ഡലത്തിൽ മുക്കിലും മൂലയിലും വികസന ചർച്ചയും സംവാദവുമാണ്. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ചിറ്റൂരിൽ കുടിവെള്ളവും കൃഷിക്കുള്ള വെള്ളവും തന്നെയാണ് അടിസ്ഥാനപ്രശ്നമായി തുടരുന്നത്. ചിറ്റൂർ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന മുതിർന്ന നേതാക്കൾ കെ.അച്യുതനും കെ. കൃഷ്ണൻകുട്ടിയും നേരിട്ട് അങ്കത്തട്ടിലില്ലാത്ത മത്സരമാണ് പതിറ്റാണ്ടുകൾക്കുശേഷം ചിറ്റൂരിൽ. നെന്മാറ പുറമേക്ക് നിശബ്ദമാണെങ്കിലും ഇവിടെ വിധിനിർണയിക്കുന്നതിൽ മുന്നണികളിലെ അതൃപ്തർക്ക് പ്രധാന റോളുണ്ടാവും. ആലത്തൂർ, തരൂർ, ഷൊർണൂർ മണ്ഡലങ്ങളിൽ കൃത്യമായ രാഷ്ട്രീയനിലപാടുകളാവും വിധി നിർണയിക്കുക. ഇവയുൾപ്പെടെയുള്ള മണ്ഡലങ്ങളിലെ കരുത്തുറ്റ സംഘടനാ സംവിധാനമാവും എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്.

ത്രികോണപ്പോരിൽ പാലക്കാട്

സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. ശോഭാ സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് ബി.ജെ.പി കരുതുന്നു. ഉപതിരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും രമേഷ് പിഷാരടിയും. പാലക്കാട്ടുകാരൻ തന്നെയായ എൻ.എം.ആർ റസാഖിലൂടെ മണ്ഡലം പിടിക്കാമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ. മൂന്നു മുന്നണികളുടെ സ്ഥാനാർത്ഥികളും തുല്യ ശക്തികളാണെന്നതാണ് മണ്ഡലത്തിലെ മത്സരം പ്രവചനാതീതമാക്കുന്നത്.

പിടിതരാതെ തൃത്താല

ജില്ലയിൽ രാഷ്ട്രീയമായി ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃത്താല. കഴിഞ്ഞ തവണ മത്സരിച്ച എം.ബി. രാജേഷും വി.ടി. ബൽറാമും തന്നെയാണ് ഇത്തവണയും അങ്കത്തിനിറങ്ങുന്നത്. കാലങ്ങളായി ഇടത് കോട്ടയായിരുന്ന തൃത്താല 2011ലെ തിരഞ്ഞെടുപ്പിലാണ് വി.ടി. ബൽറാമിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുന്നത്. 2016ലും ബൽറാം മണ്ഡലം നിലനിർത്തി. 2021ൽ കനത്ത പോരാട്ടത്തിനൊടുവിൽ 3016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.ബി. രാജേഷ് ജയിച്ചത്. ലോക്സഭയിലും തദ്ദേശത്തിലും നേടിയ മുൻതൂക്കം നിയമസഭയിലും ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടൽ. വികസന നേട്ടങ്ങൾ എടുത്തുക്കാട്ടിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം.

 ആര് കടക്കും 'ഒറ്റപ്പാലം'

2006 മുതൽ എൽ.ഡി.എഫ് തുടർച്ചയായി ജയിക്കുന്ന മണ്ഡലമാണിത്. ഇത്തവണത്തെ ഒറ്റപ്പാലത്തെ മത്സരം പ്രവചനാതീതമാക്കുന്നത് സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവമാണ്. എൽ.ഡി.എഫിനായി സിറ്റിംഗ് എം.എൽ.എ അഡ്വ. കെ.പ്രേംകുമാർ മത്സരത്തിനിറങ്ങുമ്പോൾ മുൻ സി.പി.എം എം.എൽ.എ പി.കെ.ശശിയാണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. സംവിധായകൻ മേജർ രവിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

ഇടത് കോട്ടയാണെങ്കിലും സി.പി.എം വിമത വോട്ടുകൾക്കൊപ്പം യു.ഡി.എഫ് വോട്ടുകൾ കൂടി ചേരുന്നതോടെ ജയിച്ച് കയറാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ലോക്സഭയിൽ ഭൂരിപക്ഷം നേടിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നോട്ട് പോയത് യു.ഡി.എഫിന് തിരിച്ചടിയാണ്.

 പവർഫുൾ പട്ടാമ്പി

മുൻ മുഖ്യമന്ത്രി ഇ.എം.എസിനെ ഉൾപ്പെടെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ച പട്ടാമ്പി ഒരു കാലത്ത് ഉറച്ച ഇടത് കോട്ടയായിരുന്നു. പിന്നീട് സിപി മുഹമ്മദിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. എന്നാൽ 2016ൽ മുഹമ്മദ് മുഹ്സിൻ സിപി മുഹമ്മദിന്റെ ആധിപത്യം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏകദേശം 18000 വോട്ടുകളുടെ ഭൂരിക്ഷത്തിനാണ് മുഹ്സിൻ വിജയിച്ചത്. എന്നാൽ ലോക്സഭയിലും തദ്ദേശത്തിലും യു.ഡി.എഫ് കരുത്ത് കാട്ടി. മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ തിരിച്ചെത്തിയ വി ഫോർ പട്ടാമ്പി നേതാവായിരുന്ന ടി.പി ഷാജിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.