മലയാളിയുടെ മണ്ണിലും മനസിലും ഓണം വിരുന്നെത്തുമ്പോൾ മറുനാടൻ മലയാളികൾ നാട്ടിലെത്താൻ നെട്ടോട്ടത്തിൽ. ബംഗളൂരു, ചെന്നൈ, മുംബയ്, ഡൽഹി തുടങ്ങിയ മഹാനഗരങ്ങളിലെ മലയാളികൾക്ക് ഓണം പഴയ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കാണ്, എന്നാൽ, ഈ സ്വപ്നസാക്ഷാത്കാരത്തിന് മുന്നിൽ നിരവധി തടസങ്ങളാണ് അവർക്ക് നേരിടേണ്ടി വരുന്നത്. ട്രെയിൻ ടിക്കറ്റുകൾ അതിവേഗം തീരുന്നതും സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടുന്നതും മറുനാടൻ മലയാളി സമൂഹത്തിന് വലിയ നിരാശയാണ് സൃഷ്ടിക്കുന്നത്.
റെയിൽവേയുടെ
പരിമിതികൾ
ഓണത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് തീരുന്നത് അതിവേഗത്തിലാണ്. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റും ആഴ്ചകൾക്കു മുമ്പുതന്നെ തീർന്നു. ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റുകളും ഇതിനോടകം തീർന്നിരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യാതെ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാമെന്ന് കരുതിയവർക്ക് കാലുകുത്താനിടം പോലും കിട്ടില്ല. അവധിക്ക് നാട്ടിലെത്തുന്നവരിൽ ഏറെയും വിദ്യാർത്ഥികളാണ്. വലിയ ബാഗും ചുമന്ന് ട്രെയിനിന്റെ ചവിട്ടുപടിയിൽ യാത്രചെയ്യേണ്ട സ്ഥിതിയാണ്.
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചക്ക് 2.50ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റിയിൽ കയറിപ്പറ്റാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. അവധിക്ക് സ്‌പെഷ്യൽ ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും തിരക്കിന് കുറവൊന്നുമില്ല. ഇത്തവണ സ്വാതന്ത്ര്യ ദിന അവധിയോടനുബന്ധിച്ച് കോയമ്പത്തൂർ സ്‌പെഷ്യൽ ട്രെയിൻ നാലുമണിക്കൂർ വൈകി എത്തിയതും തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി എത്തിയതും യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ കണ്ണൂർ
കണ്ണൂരിൽ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ഇറങ്ങുന്ന തീപ്പെട്ടി വലുപ്പത്തിലുള്ള ലിഫ്ടിൽ ബാഗുമായി കയറാൻ യാത്രക്കാർ പാടുപെടുന്നു. രണ്ട് ട്രെയിനുകൾ ഒന്നിച്ചെത്തുന്ന സമയത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രാക്ലേശം പരിഹരിക്കാൻ നാലാം പ്ലാറ്റ്‌ഫോം നിർമ്മിച്ച് വീതി കൂടിയ പുതിയ മേൽപാലം കിഴക്കേ കവാടവുമായി ബന്ധിപ്പിക്കലും ലിഫ്ടും എസ്‌കലേറ്ററും ഒരുക്കണമെന്നടക്കമുള്ള ആവശ്യത്തിന് ഏറെക്കാലം പഴക്കമുണ്ടെങ്കിലും റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുത്തതോടെ പ്രതീക്ഷകൾ അസ്തമിച്ച നിലയാണ്.
സ്വകാര്യ ബസുകൾക്ക്
ചാകരക്കാലം
സീസൺ കാലം കണക്കിലെടുത്ത് ഓണക്കാലത്ത് അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ്നിരക്ക് മൂന്നിരട്ടിയോളം വർദ്ധിക്കുന്നതാണ് പതിവ്. മറ്റ് മാർഗമില്ലാതെ പലരും ഈ കൊള്ളയ്ക്ക് ഇരയാകേണ്ട സ്ഥിതിയാണ്. സാധാരണ ദിവസങ്ങളിൽ ബംഗളൂരു- കണ്ണൂർ റൂട്ടുകളിൽ നോൺ എ.സി ബസിൽ 650 മുതലും സെമി സ്ലീപ്പറിൽ 800 മുതലുമാണ് നിരക്ക്. എന്നാൽ ഇത് ഇപ്പോൾ 1,500-1,700 ആയി ഉയർന്നിരിക്കുന്നു. എ.സിയിൽ 1,999-2,999 വരെയാണ്.
കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിംഗ് ജൂണിൽ തന്നെ ആരംഭിച്ചിരുന്നു. ടിക്കറ്റ് ചാർജിന് പുറമേ ജി.എസ്.ടിയും ഈടാക്കുന്നുണ്ട്. ഈ ബസുകൾ ഫുൾ ആയാൽ കൂടുതൽ ബസ് ഇറക്കുമെങ്കിലും ടിക്കറ്റ് നിരക്ക് പൊള്ളുന്നതായിരിക്കും.
കെ.എസ്.ആർ.ടി.സി ആശ്വാസം
ഓണത്തോടനുബന്ധിച്ചുള്ള യാത്രാദുരിതവും സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിപ്പിക്കാൻ കണ്ണൂർ- ബംഗളൂരു റൂട്ടിൽ ഏഴ് അധിക സർവീസുകളാണ് കെ.എസ്.ആർ.ടി.സി അനുവദിച്ചിട്ടുള്ളത്. ആഗസ്റ്റ് 29 മുതൽ സെപ്തംബർ 15 വരെയാണ് അധിക സർവീസുള്ളത്. നിലവിലുള്ള സ്‌പെഷ്യൽ സർവിസുകൾക്ക് പുറമേ എട്ട് അധിക സർവീസുകളാണുള്ളത്. ഇതിൽ എട്ട് ബസുകളിലും റിസർവേഷൻ ഫുൾ ആയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി
സർവീസുകൾ
ബംഗളൂരു-കണ്ണൂർ സൂപ്പർ ഫാസ്റ്റ് (രാത്രി 8.30, 9.45, ഇരിട്ടി, മട്ടന്നൂർ വഴി)
ബംഗളൂരു-പയ്യന്നൂർ സൂപ്പർ ഡീലക്‌സ് (രാത്രി 10 ചെറുപുഴ വഴി)
ബംഗളൂരു-കാഞ്ഞങ്ങാട് സൂപ്പർ ഡീലക്‌സ് (രാത്രി 9.40 ചെറുപുഴ വഴി)
കണ്ണൂർ-ബംഗളൂരു സൂപ്പർ ഫാസ്റ്റ് (രാത്രി 8.10, 9.40)
വിമാനം: അവസാന പ്രതീക്ഷ
ഒരു ഗത്യന്തരവുമില്ലാതെ വിമാനമാർഗം നാട്ടിലെത്താൻ ആലോചിക്കുന്നവരുമുണ്ട്. ബംഗളൂരുവിൽ നിന്ന് കൂടുതൽ സർവീസുകളുള്ള കൊച്ചിയിലേക്ക് സെപ്തംബർ ആദ്യവാരം 3,800-5,000 വരെയും തിരുവനന്തപുരത്തേക്ക് 4,800-5,500 രൂപയും കോഴിക്കോട്ടേക്ക് 3,000-3,900 രൂപയും കണ്ണൂരിലേക്ക് 4,600-5,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മടക്കയാത്രയിലും
ദുരിതങ്ങൾ
ഒന്നിലേറെ ദിവസം അവധി ലഭിച്ച് നാട്ടിലെത്തി തിരിച്ചുപോകുന്നവർ നിലവിൽ മടക്കയാത്രയിൽ കുറച്ചൊന്നുമല്ല വെള്ളം കുടിക്കേണ്ടി വരുന്നത്. ട്രെയിൻ, റോഡ് മാർഗമെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തേണ്ടവർ ദുരിതം പേറുകയാണ്. സ്വാതന്ത്ര്യദിനവും വാരാന്ത്യവും ഒന്നിച്ചായപ്പോൾ അവധിക്ക് നാട്ടിലെത്തിയവർ ജോലിസ്ഥലത്തേക്കും മറ്റും തിരിച്ചുപോകാൻ നെട്ടോട്ടമോടുകയായിരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരു, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകളെല്ലാം അവധിദിനത്തോടനുബന്ധിച്ച് ആഴ്ചകൾക്ക് മുമ്പേ വെയിറ്റിംഗ് ലിസ്റ്റിലാണ്.
സിസ്റ്റത്തിലെ പ്രശ്‌നങ്ങൾ
കേരള, കർണാടക ആർ.ടി.സി ബസുകൾ 30 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകുകയുള്ളൂ. സെപ്തംബർ മാസത്തെ ബുക്കിംഗ് ഓഗസ്റ്റ് ആദ്യവാരം തുടങ്ങിയത് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയായി. അതേസമയം കേരള ആർ.ടി.സി ബസുകൾ സ്‌പെഷ്യൽ സർവീസ് ഉണ്ടെന്നത് പ്രഖ്യാപനം മാത്രമാണെന്ന ആരോപണവുമുണ്ട്. എല്ലാ ഓണക്കാലത്തും ആവർത്തിക്കുന്ന കഥ
വലിയ പണച്ചെലവൊന്നുമില്ലാതെ നാട്ടിലെത്തി വീട്ടുകാരൊടൊപ്പം ഓണം ആഘോഷിക്കാൻ ഉത്സാഹിക്കുന്ന ബംഗളൂരു മലയാളികൾക്ക് എല്ലാ ഓണക്കാലത്തും യാത്രാദുരിതമാണ്. ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ എത്തുന്നത് ചെന്നൈയിൽ നിന്നും ബംഗളൂരുവിൽ നിന്നുമാണ്. ചെന്നൈയെ അപേക്ഷിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസുകളുടെ എണ്ണവും കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |