
കൊച്ചി: എറണാകുളത്ത് ആട്ടുകല്ല് കിടന്ന ട്രാക്കിലൂടെ മൈസൂർ-കൊച്ചുവേളി എക്സ്‌പ്രസ് കടന്നുപോയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇരട്ടപ്പാതയിലെ വളവ് പിന്നിട്ടെത്തിയ ട്രെയിനിന്റെ ലോക്കോപൈലറ്റ് 100 മീറ്റർ അകലെ ട്രാക്കിൽ കല്ല് കണ്ടെങ്കിലും ട്രെയിൻ നിറുത്താൻ സാധിച്ചില്ല. സ്ഥലത്തെത്തിയ ആർ.പി.എഫ് സംഘം ആട്ടുകല്ലിന് സമീപം ചത്തനിലയിൽ തെരുവുനായയെയും കണ്ടെത്തി.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ പച്ചാളം റെയിൽവേ മേൽപ്പാലത്തിന് സമീപം ഇന്നലെ പുലർച്ചെയാണ് ഇരട്ടപ്പാതയുടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഡൗൺലൈനിന്റെ മദ്ധ്യഭാഗത്ത് ആട്ടുകല്ല് കൊണ്ടുവന്നിട്ടത്. രണ്ട് സ്ലീപ്പറുകൾക്ക് ഇടയിലായിരുന്നു മുക്കാൽഅടി ഉയരമുള്ള പാറക്കല്ലിൽ കൊത്തിയ ആട്ടുകല്ല്.
പുലർച്ചെ 4.40ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് വന്ന മൈസൂർ-കൊച്ചുവേളി എക്സ്‌പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റ് എറണാകുളം നോർത്ത് കാബിൻ സ്റ്റേഷൻമാസ്റ്റർക്ക് വിവരം കൈമാറി. എറണാകുളം സൗത്ത് ആർ.പി.എഫും നോർത്ത് സ്റ്റേഷൻ മാനേജരും പെർമനന്റ് വേ ഇൻസ്പെക്ടറും എത്തി ട്രാക്കിൽനിന്ന് ആട്ടുകല്ല് മാറ്റിയിട്ടു. തുടർന്നാണ് മറ്റ് ട്രെയിനുകൾ കടത്തിവിട്ടത്.
പുലർച്ചെ 4.15ന് പൂനെ-കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയപ്പോൾ ട്രാക്കിൽ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. 4.16നും 4.40നും ഇടയിലാണ് ആട്ടുകല്ല് കൊണ്ടുവന്നിട്ടതെന്നാണ് അനുമാനം. ട്രാക്കിന് സമീപം കാടു മൂടിക്കിടന്ന ഭാഗത്ത് മാസങ്ങളായി ആട്ടുകല്ല് കിടപ്പുണ്ടായിരുന്നു. വിരലടയാളവിദഗ്ദ്ധരും ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്തി. നായയെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
യാത്രക്കാരുടെ ജീവൻ അപായപ്പെടുത്തുന്ന പ്രവൃത്തിക്ക് റെയിൽവേ ആക്ട് പ്രകാരം നോർത്ത് പൊലീസ് കേസെടുത്തു. ട്രാക്കിന് മദ്ധ്യഭാഗത്ത് കിടന്നതും ഉയരക്കുറവുമാണ് അപായം ഒഴിവാക്കിയതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. ലോക്കോയുടെ മുന്നിലുള്ള ക്രാഷ്ഗാർഡിൽ ആട്ടുകല്ല് തട്ടിയില്ല.
പച്ചാളം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ആളൊഴിഞ്ഞ ഈ ഭാഗം രാത്രി മദ്യപരുടെയും ലഹരിമരുന്ന് സംഘങ്ങളുടെയും വിഹാരകേന്ദ്രമാണ്. അല്പമകലെയുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസും ആർ.പി.എഫും പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |